പാപ്പായുടെ ഇപ്പോഴത്തെ ആരോഗ്യാവസ്ഥ!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
ഫ്രാൻസീസ് പാപ്പായുടെ ശ്വസന-ചലന-സ്വന സംബന്ധിയായ കാര്യങ്ങൾ അല്പം കൂടി മെച്ചപ്പെട്ടിട്ടുണ്ടെന്ന് പരിശുദ്ധസിംഹാസനത്തിൻറെ വാർത്താവിതരണ കാര്യാലയം, അഥവാ, പ്രസ്സ് ഓഫീസ് വെള്ളിയാഴ്ച (04/04/25) വെളിപ്പെടുത്തി.
ഇക്കഴിഞ്ഞ ഞായറാഴ്ചകളിൽ നിന്ന് വ്യത്യസ്തമായ രീതിയിലായിരിക്കാം അഞ്ചാം തീയതി ഞായറാഴ്ചത്തെ മദ്ധ്യഹ്നപ്രാർത്ഥനയെന്നും ഇതേക്കുറിച്ചുള്ള അറിയിപ്പ് പിന്നീട് ഉണ്ടാകുമെന്നും വാർത്താ കാര്യാലയം അറിയിച്ചു.
രോഗാണുബാധയെ സംബന്ധിച്ച സൂചകങ്ങൾ നേരിയ പുരോഗതി കാണിക്കുന്നതായി സമീപ ദിവസങ്ങളിൽ നടത്തിയ രക്തപരിശോധനകൾ വ്യക്തമാക്കുന്നുണ്ടെന്നും, മരുന്ന് ചികിത്സ, ചലന-ശ്വസന ചികിത്സ എന്നിങ്ങനെ വിവിധതരം ചികിത്സകൾ തുടരുന്നുണ്ടെന്നും ഓക്സിജൻ നല്കുന്നത് നേരിയതോതിൽ കുറച്ചിട്ടുണ്ടെന്നും പകൽ സമയത്ത് സാധാരണ രീതിയിലും രാത്രിയിൽ, ആവശ്യമായി വരുന്ന പക്ഷം, ഉയർന്ന പ്രവാഹത്തോടെയും ഓക്സിജൻ നല്കുന്നുണ്ടെന്നും വാർത്താകാര്യാലയം വെളിപ്പെടുത്തി.
പാപ്പായുടെ ജോലിസംബന്ധമായ കാര്യങ്ങൾ നടക്കുന്നുണ്ടെന്നും വെള്ളിയാഴ്ച പോൾ ആറാമൻ ശാലയിൽ ധ്യാനപ്രാസംഗികൻ റൊബേർത്തൊ പസൊളീനി നടത്തിയ നോമ്പുകാലധ്യാനപ്രസംഗം, പാപ്പാ, ദൃശ്യമാദ്ധ്യമത്തിലൂടെ, ശ്രവിക്കുകയും ബുധനാഴ്ച വിശുദ്ധ രണ്ടാം ജോൺപോൾ മാർപ്പാപ്പായുടെ ഇരുപതാം ചരമവാർഷികത്തോടനുബന്ധിച്ച് കർദ്ദിനാൾ പീയെത്രൊ പരോളിൻ അർപ്പിച്ച ദിവ്യബലിയിൽ മാദ്ധ്യമസഹായത്തോടെ പങ്കുചേരുകയും ചെയ്തുവെന്നും അറിയിച്ച വാർത്താകാര്യാലയം പ്രത്യേക സന്ദർശനങ്ങൾ ഒന്നും ഉണ്ടായിരുന്നില്ലെന്നും വിശുദ്ധവാര തിരുക്കർമ്മങ്ങളെ സംബന്ധിച്ച കാര്യങ്ങൾ ഇപ്പോൾ പറയാനാകില്ലെന്നും കൂട്ടിച്ചേർത്തു.
ഫെബ്രുവരി 14-ന് ശ്വാസകോശ സംബന്ധിയായ രോഗത്തെ തുടർന്ന് റോമിലെ അഗൊസ്തീനൊ ജെമേല്ലി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഫ്രാൻസീസ് പാപ്പാ മുപ്പത്തിയെട്ടാം ദിവസമാണ് ആശുപത്രി വിട്ട് വത്തിക്കാനിൽ തിരിച്ചെത്തിയത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: