സലേഷ്യൻ സഭയുടെ പൊതു ചാപ്റ്റർ അംഗങ്ങൾക്ക് ഫ്രാൻസിസ് പാപ്പായുടെ സന്ദേശം
ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
ഫെബ്രുവരി മാസം പതിനാറാം തീയതി ആരംഭിച്ച സലേഷ്യൻ സഭയുടെ ഇരുപത്തിയൊമ്പതാമത് പൊതു ചാപ്റ്റർ അംഗങ്ങൾക്ക്, ഫ്രാൻസിസ് പാപ്പാ ആശംസകൾ നേർന്നുകൊണ്ട് സന്ദേശമയച്ചു. ഏപ്രിൽ മാസം പന്ത്രണ്ടാം തീയതിയാണ് ചാപ്റ്റർ അവസാനിക്കുന്നത്. വ്യക്തിപരമായി ചാപ്റ്റർ അംഗങ്ങളെ കാണുവാൻ സാധിക്കാത്തതിലുള്ള തന്റെ ഖേദം രേഖപ്പെടുത്തിക്കൊണ്ടാണ് പാപ്പാ തന്റെ സന്ദേശം ആരംഭിക്കുന്നത്.
സലേഷ്യൻ മിഷനറിമാർ അർജന്റീനയിൽ എത്തിയതിന്റെ നൂറ്റിയൻപതാം വാർഷികം ആഘോഷിക്കുന്ന സന്തോഷവും പാപ്പാ പങ്കുവച്ചു. പുതിയതായി സഭയുടെ റെക്ടർ മേജറായി തിരഞ്ഞെടുക്കപ്പെട്ട ഫാ. ഫാബിയോ അറ്റാർഡിനു പാപ്പാ ആശംസകൾ നേരുകയും, മുൻ റെക്ടർ മേജറായി സേവനം ചെയ്ത കർദിനാൾ ആംഗേൽ ഫെർണാണ്ടസ് അർത്തിമേയ്‌ക്കു നന്ദിയർപ്പിക്കുകയും ചെയ്തു.
ആത്മാവിനെ ശ്രവിക്കുന്നതിനും, സിനഡൽ പാതയിൽ വിശ്വാസത്തോടും പ്രതിബദ്ധതയോടും കൂടി ജീവിക്കുന്നതിനും പ്രോത്സാഹിപ്പിക്കുവാൻ താൻ ആഗ്രഹിക്കുന്നുവെന്ന് സന്ദേശത്തിൽ പാപ്പാ പറഞ്ഞു. ഇത്തവണ പ്രമേയമായി തിരഞ്ഞെടുത്തിരിക്കുന്ന" യേശുക്രിസ്തുവിൽ അഭിനിവേശമുള്ളതും, യുവാക്കൾക്ക് സമർപ്പിതരുമായിരിക്കുന്ന സലേഷ്യൻകാർ" എന്ന വാചകം പാപ്പാ പ്രത്യേകം അനുസ്മരിച്ചു.
അഭിനിവേശവും, സമർപ്പണവും ഏറെ പ്രധാനപ്പെട്ടതാണെന്നു പറഞ്ഞ പാപ്പാ, കർത്താവിന്റെ സ്നേഹത്തിൽ പൂർണ്ണമായി പങ്കാളികളാകുവാൻ തങ്ങളെ തന്നെ അനുവദിക്കണമെന്നും, തങ്ങൾക്കായി ഒന്നും കരുതിവയ്ക്കാതെ ഡോൺ ബോസ്‌കോയെ പോലെ എല്ലാം മറ്റുള്ളവർക്കായി വ്യയം ചെയ്തുകൊണ്ട് സേവിക്കുന്നതിനും അംഗങ്ങൾ തയ്യാറാവണമെന്ന് പാപ്പാ ഓർമ്മപ്പെടുത്തി.
വെല്ലുവിളികൾ ഉണ്ടെങ്കിൽ തന്നെയും, വിശ്വാസവും, ഉത്സാഹവും ഇന്നും നിലനിൽക്കുന്നുവെന്നും അത് ബഹുമുഖ സംസ്കാരങ്ങളാൽ സമ്പന്നമാണെന്നും പാപ്പാ പറഞ്ഞു. ലോകമെമ്പാടും സലേഷ്യൻ സഭ നടത്തുന്ന നിരവധിയായ സേവനങ്ങൾക്ക് പാപ്പാ നന്ദിയർപ്പിക്കുകയും, സ്ഥിരോത്സാഹത്തോടെ തുടർന്നും പ്രവർത്തനങ്ങൾ നടത്തുന്നതിനു ആഹ്വാനം ചെയ്യുകയും ചെയ്തു. ക്രിസ്ത്യാനികളുടെ സഹായമായ പരിശുദ്ധ മറിയത്തിന്റെ മാധ്യസ്ഥ്യത്തിനു എല്ലാവരെയും സമർപ്പിക്കുകയും ചെയ്തു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: