വർദ്ധിച്ച യാത്രാനിരക്കുകൾ ബന്ധങ്ങളെ ഉലയ്ക്കുന്നു: ഫ്രാൻസിസ് പാപ്പാ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
ക്രിസ്തുമസ്, ഈസ്റ്റർ അവസരങ്ങളിലെങ്കിലും, കുടുംബാംഗങ്ങൾക്ക് പരസ്പരം ഒത്തുചേരൽ സാധ്യമാക്കുന്ന വിധത്തിൽ, വലിയ യാത്രകമ്പനികളെങ്കിലും പ്രത്യേക ബോണസ് ഏർപ്പെടുത്തിയിരുന്നെങ്കിൽ നന്നായിരുന്നേനെയെന്ന് ഫ്രാൻസിസ് പാപ്പാ. തന്റെ രണ്ടു മക്കളും ദൂരെദേശത്ത് ജോലി ചെയ്യുന്ന, ഇറ്റലിയിലെ സിസിലി ദ്വീപിൽനിന്നുള്ള ഒരു അമ്മ പാപ്പായ്‌ക്കെഴുതിയ കത്തിന്, "വിശുദ്ധ പത്രോസിന്റെ ചത്വരം" (Piazza San Pietro) എന്ന പേരിലുള്ള മാസികയിലൂടെ മറുപടി നൽകവെയാണ് പാപ്പാ ഇങ്ങനെ എഴുതിയത്. ക്രിസ്തുമസ്, ഈസ്റ്റർ ആഘോഷങ്ങളോടനുബന്ധിച്ച് വിമാന, ട്രെയിൻ കമ്പനികൾ ടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കുന്നതിനെതിരെയായിരുന്നു സാന്താ എന്ന അമ്മ പാപ്പായ്ക്ക് കത്തെഴുതിയത്.
കുടുംബങ്ങൾക്ക് ഒത്തുചേരൽ എളുപ്പമാക്കുന്ന വിധത്തിൽ കമ്പനികൾ പ്രത്യേക ബോണസ് ഏർപ്പെടുത്തുന്നത് വലിയ മാനവികതയുടെയും സാഹോദര്യത്തിന്റെയും പ്രവൃത്തിയായിരിക്കുമെന്ന് എഴുതിയ പാപ്പാ, സാമ്പത്തിക, വ്യവസായിക മേഖലയിലുള്ളവർ ഇത്തരം പ്രവൃത്തികൾക്കായി വിളിക്കപ്പെട്ടിരിക്കുന്നുവെന്ന് ഓർമ്മപ്പിച്ചു.
മാറ്റങ്ങളുടെ ഈ കാലഘട്ടത്തിൽ, നിരവധി ചെറുപ്പക്കാർ, തങ്ങളുടെ മാതാപിതാക്കളുടെ അടുത്തുനിന്ന് അകലെയുള്ള ഇടങ്ങളിൽ ജോലി ചെയ്യാൻ നിർബന്ധിതരാകുകയാണെന്നും, ഈസ്റ്റർ, ക്രിസ്തുമസ് തുടങ്ങിയ പ്രധാന അവസരങ്ങളിൽപ്പോലും തങ്ങളുടെ മാതാപിതാക്കൾക്കരികിലെത്താൻ സാധിക്കാത്ത അവസ്ഥയിലാണ് അവരെന്നും പാപ്പാ അനുസ്മരിച്ചു. ഇങ്ങനെയുള്ള അകലങ്ങൾ ബന്ധങ്ങളെ ദുർബലപ്പെടുത്തുമെന്നും, പലവിധത്തിലുള്ള തെറ്റിദ്ധാരണങ്ങൾക്കും ബുദ്ധിമുട്ടുകൾക്കും വഴിതെളിക്കുമെന്നും പാപ്പാ തന്റെ മറുപടിയിൽ എഴുതി. പ്രധാനപ്പെട്ട ആഘോഷാവസരങ്ങളിൽ തങ്ങളുടെ മാതാപിതാക്കൾക്കും മുത്തശ്ശീമുത്തച്ഛന്മാർക്കുമൊപ്പം ആയിരിക്കാൻ സാധിക്കുകയെന്നതിന്റെ പ്രാധാന്യം ഓർമ്മിപ്പിച്ച പാപ്പാ, ജീവിതത്തിന് മുഴുവൻ ആനന്ദവും ആശ്വാസവും പകരുന്ന ഓർമ്മകളായി അത്തരം ആഘോഷങ്ങൾ നിലനിൽക്കുമെന്നും, ജീവിതത്തിന്റെ ദുർഘടനിമിഷങ്ങളിൽ അവ ഉപകാരപ്പെടുമെന്നും എഴുതി.
ഇക്കാലത്ത് വലിയ പ്രാധാന്യം ലഭിച്ചിരിക്കുന്ന നിർമ്മിതബുദ്ധിക്ക് അനുഭവവേദ്യമാക്കാൻ പറ്റാത്ത, ദൈവസ്നേഹമെന്ന അനുഭവം കുടുംബത്തിലാണ് ജീവിക്കാൻ സാധിക്കുകയെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. നന്മയും സ്നേഹവും എപ്പോഴും സാധ്യമാണെന്നും, നമ്മെ കാത്തിരിക്കുകയും നമ്മോട് ക്ഷമിക്കുകയും ചെയ്യുന്ന വലിയൊരു സ്നേഹം നമുക്കുണ്ടെന്ന് അവ നമ്മെ ഓർമ്മിപ്പിക്കുകയും ചെയ്യുന്നുണ്ടെന്നും പാപ്പാ കൂട്ടിച്ചേർത്തു.
നേരിട്ടുള്ള ഒത്തുചേരൽ ബുദ്ധിമുട്ടേറിയതാകുന്ന ഇക്കാലത്ത്, സാങ്കേതികവിദ്യ നൽകുന്ന മറ്റു മാർഗ്ഗങ്ങൾ നമുക്ക് ഉപയോഗിക്കാനാകണമെന്നും, ഇക്കാലത്ത്, അകലങ്ങളിലായിരിക്കുമ്പോഴും ഒരുമിച്ച് പ്രാർത്ഥിക്കാനും, തിരുവചനം പങ്കിടാനും, കൂട്ടായ്മയിൽ വളരാനും, വീഡിയോ കോൾ പോലെയുള്ള സംവിധാനങ്ങൾ ഉപകാരപ്പെടുമെന്നും പാപ്പാ ഓർമ്മിപ്പിച്ചു.
സമകാലീനസംഭവങ്ങൾ, ആധ്യാത്മികത, സംസ്കാരം തുടങ്ങി വിവിധ കാര്യങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന "വിശുദ്ധ പത്രോസിന്റെ ചത്വരം" (Piazza San Pietro) എന്ന പേരിലുള്ള മാസികയുടെ ഈ ലക്കത്തിൽ, പാപ്പായുടെ എഴുത്തിന് പുറമെ, ഏപ്രിൽ 27 ഞായറാഴ്ച വിശുദ്ധനായി പ്രഖ്യാപിക്കപ്പെടുന്ന കാർലോ ആകൂത്തിസ്, ചരിത്രത്തെ മാറ്റിമറിച്ച വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പാ തുടങ്ങിയവരെക്കുറിച്ചുള്ള ലേഖനങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: