MAP

വിശുദ്ധ വാതിൽ കടക്കുന്ന വിശ്വാസികൾ വിശുദ്ധ വാതിൽ കടക്കുന്ന വിശ്വാസികൾ   (ANSA)

വിശ്വാസം സന്തോഷത്തോടെ പങ്കുവയ്‌ക്കേണ്ട നിധിയാണ്: പാപ്പാ

ജൂബിലിവർഷത്തിൽ റോമിൽ, ദേശീയ തീർത്ഥാടനം നടത്തുന്ന സ്ലോവാക്യയിൽ നിന്നുള്ള വിശ്വാസികൾക്ക് ഫ്രാൻസിസ് പാപ്പാ തന്റെ സന്ദേശം കൈമാറി. സന്ദേശത്തിൽ, വിശ്വാസം കൈമാറ്റം ചെയ്യേണ്ടതിന്റെ ആവശ്യകതയെ പാപ്പാ പ്രത്യേകം അടിവരയിട്ടു പറയുന്നു.

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

ഏപ്രിൽ മാസം നാലാം തീയതി, റോമിൽ,  സ്ലോവാക്യൻ സഭയുടെ  ദേശീയ ജൂബിലി തീർത്ഥാടനത്തിൽ സംബന്ധിക്കുന്ന വിശ്വാസികൾക്ക് ഫ്രാൻസിസ് പാപ്പായുടെ സന്ദേശം കൈമാറി. വ്യക്തിപരമായി തീർത്ഥാടകർക്കൊപ്പം ആയിരിക്കുവാൻ സാധിക്കാത്തതിലുള്ള ഖേദം പ്രകടിപ്പിച്ചുകൊണ്ടാണ് പാപ്പാ തന്റെ സന്ദേശം ആരംഭിക്കുന്നത്. എങ്കിലും തന്റെ പ്രാർത്ഥനകളിൽ വിശ്വാസികളെ പ്രത്യേകം സ്മരിക്കുന്നതായും പാപ്പാ കുറിച്ചു. സ്ലോവാക്യൻ മെത്രാൻ സമിതി അധ്യക്ഷൻ മോൺസിഞ്ഞോർ ബെർണാഡ് ബോബെറിന്റെ നേതൃത്വത്തിലുള്ള മെത്രാന്മാരും, വൈദികരും, സന്യസ്തരും, പൊതുപ്രവർത്തകരും,  വിശ്വാസികളും തീർത്ഥാടനത്തിൽ പങ്കാളികളാകുന്നുണ്ട്.

ഒരിക്കലും നിരാശപ്പെടുത്താത്ത പ്രത്യാശയുടെ സന്തോഷത്തിനു സാക്ഷികളാകുവാൻ, വിശ്വാസ നവീകരണത്തിനായും, വിശുദ്ധ പത്രോസിന്റെ പിൻഗാമിയോടുള്ള അടുപ്പം പുതുക്കുന്നതിനുമായി സ്ലോവാക്യൻ ജനത റോമിലേക്ക് തീർത്ഥാടനം നടത്തുന്നതിൽ, തനിക്കുള്ള അതിയായ സന്തോഷം പാപ്പാ പ്രകടിപ്പിച്ചു. ജീവിതത്തിലുടനീളം  പ്രത്യാശയുടെ തീർത്ഥാടകരാകാൻ ഈ ജൂബിലി വര്ഷം ഇടയാകട്ടെയെന്നും പാപ്പാ ആശംസിച്ചു. വിശുദ്ധ സിറിളിന്റെയും, മെതോഡിയസിന്റെയുമൊക്കെ ജീവിത സാക്ഷ്യങ്ങളാൽ സമ്പന്നവും, ക്രൈസ്തവ പാരമ്പര്യം തഴച്ചുവളരുന്നതുമായ സ്ലോവാക്യൻ രാജ്യത്തിന് ഈ തീർത്ഥാടനം  മുതൽക്കൂട്ടാകട്ടെയെന്നും പാപ്പാ പറഞ്ഞു.

വെല്ലുവിളികളും ബുദ്ധിമുട്ടുകളും ഉണ്ടെന്നിരിക്കിലും, വിശ്വസ്തതയിലും, ദൈവാശ്രയത്തിലും വിട്ടുകൊടുത്തുകൊണ്ട് ജീവിക്കുവാനുള്ള അവസരങ്ങളെ പ്രയോജനപ്പെടുത്തണമെന്നും, വിശ്വാസമെന്നത്, സന്തോഷത്തോടെ പങ്കുവയ്‌ക്കേണ്ട നിധിയാണെന്നും പാപ്പാ ഓർമ്മിപ്പിച്ചു. 'അതെ'  എന്ന തന്റെ ധീരവും എന്നാൽ എളിമയാർന്നതുമായ വചനം കൊണ്ട് ലോകത്തിന്റെ വീണ്ടെടുപ്പിനു വാതിൽ തുറന്ന പരിശുദ്ധ മറിയത്തെ പോലെ,  മഹത്തായ കാര്യങ്ങൾക്കുവേണ്ടി ദൈവത്തിന്റെ കൈയ്യിലെ ഉപകരണങ്ങളായി മാറുവാൻ സാധിക്കണമെന്നും പാപ്പാ  ആഹ്വാനം ചെയ്തു.

എന്നാൽ ദൈവീക പദ്ധതികളെ സ്വീകരിക്കുന്നതോടെ എല്ലാറ്റിനും മറുപടി ലഭിച്ചു എന്ന് കരുതരുതെന്നും, മറിച്ച് അവന്റെ കൃപയാൽ നമ്മെ നയിക്കുന്നതിന് അവനിൽ ആശ്രയിക്കുക എന്നതാണ് ഏറെ പ്രധാനമെന്നും പാപ്പാ ഓർമ്മപ്പെടുത്തി. അതിനാൽ,  എല്ലായ്പ്പോഴും നമ്മെ ആശ്ചര്യപ്പെടുത്തുന്ന ദൈവത്തിന്റെ പദ്ധതികളെ വിവേചിച്ചറിയണമന്നും പാപ്പാ സന്ദേശത്തിൽ കൂട്ടിച്ചേർത്തു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

04 ഏപ്രിൽ 2025, 13:12