MAP

ഫ്രാൻസിസ് പാപ്പാ - ഫയൽ ചിത്രം ഫ്രാൻസിസ് പാപ്പാ - ഫയൽ ചിത്രം 

ഉത്ഥിതന്റെ ദാനമായ പരിശുദ്ധാത്മാവ് കൂട്ടായ്മയും ഐക്യവും സാഹോദര്യവും സൃഷ്ടിക്കുന്നു: ഫ്രാൻസിസ് പാപ്പാ

പരിശുദ്ധാത്മാവാണ് യഥാർത്ഥ സമാധാനം മാനവഹൃദയത്തിനേകുന്നതെന്നും, സമൂഹങ്ങളിലും രാഷ്ട്രങ്ങളിലും സംഘർഷങ്ങളെ അതിജീവിക്കാനും, സമാധാനവും ഐക്യവും സാധ്യമാക്കാനും ആത്മാവിന്റെ സഹായം പ്രധാനപ്പെട്ടതാണെന്നും ഫ്രാൻസിസ് പാപ്പാ. ഏപ്രിൽ മൂന്നിന് കത്തോലിക്കാ കരിസ്മാറ്റ്ക് നവീകരണപ്രസ്ഥാനത്തിന്റെ ജൂബിലിതീർത്ഥാടനവുമായി ബന്ധപ്പെട്ട് വത്തിക്കാനിലെത്തിയവർക്ക് നൽകിയ സന്ദേശത്തിലാണ് പരിശുദ്ധാത്മാവിന്റെ പ്രാധാന്യത്തെയും, ലോകത്തിനായുള്ള മാദ്ധ്യസ്ഥ്യപ്രാർത്ഥനയുടെ ആവശ്യത്തെയും കുറിച്ച് പാപ്പാ എഴുതിയത്.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

ഉത്ഥിതനായ കർത്താവിന്റെ ദാനമായ പരിശുദ്ധാത്മാവാണ് കൂട്ടായ്മയും ഐക്യവും സാഹോദര്യവും സൃഷ്ടിക്കുന്നതെന്നും, ഇങ്ങനെ അനുരഞ്ജനപ്പെട്ട ഒരു പുതിയ മാനവികതയുടെ കൂട്ടായ്മയാണ് സഭയെന്നും ഫ്രാൻസിസ് പാപ്പാ. ഏപ്രിൽ മൂന്ന് വ്യാഴാഴ്ച, കത്തോലിക്കാ കരിസ്മാറ്റ്ക് നവീകരണപ്രസ്ഥാനത്തിന്റെ അന്താരാഷ്ട്രസേവനവിഭാഗം (Servizio Internazionale per il Rinnovamento Carismatico Cattolico - CHARIS) ജൂബിലി വർഷത്തിൽ റോമിലേക്ക് സംഘടിപ്പിച്ച തീർത്ഥാടനത്തിൽ പങ്കെടുക്കാനെത്തിയവർക്ക് നൽകിയ സന്ദേശത്തിലാണ് പാപ്പാ പരിശുദ്ധാത്മാവിന്റെ പ്രവർത്തനങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് എഴുതിയത്.

ആത്മാവിന്റെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള ഉദ്‌ബോധനം കരിസ്മാറ്റിക് പ്രസ്ഥാനത്തിൽ പ്രവർത്തിക്കുന്നവർക്കുവേണ്ടി മാത്രമുള്ളതല്ലെന്ന് ഓർമിപ്പിച്ച പാപ്പാ,, ഈയൊരനുഭവം, സമാധാനത്തിന്റെയും പ്രത്യാശയുടെയും ഉറവിടമെന്ന നിലയിൽ ലോകത്തേക്കെത്തിക്കാൻ തീർത്ഥാടകരെ ആഹ്വാനം ചെയ്തു. മനുഷ്യഹൃദയത്തിൽ സമാധാനം വർഷിക്കാൻ പരിശുദ്ധാത്മാവിന് കഴിയുമെന്നോർമ്മിപ്പിച്ച പാപ്പാ, ഈയൊരു ആത്മാവിന്റെ സഹായമാണ്, കുടുംബങ്ങളിലെയും, സമൂഹങ്ങളിലെയും, രാജ്യങ്ങൾ തമ്മിലുമുള്ള സംഘർഷങ്ങളെ അതിജീവിക്കാൻ നമ്മെ സഹായിക്കുകയെന്ന് ഉദ്‌ബോധിപ്പിച്ചു.

ലോകത്ത് സമാധാനത്തിന്റെയും ഐക്യത്തിന്റെയും സാക്ഷികളും സൃഷ്ടാക്കളുമാകാൻ കരിസ്മാറ്റിക് നവീകരണപ്രസ്ഥാനത്തിലെ ഏവരെയും പാപ്പാ ആഹ്വാനം ചെയ്തു. തങ്ങളുടെ പ്രത്യേക ഗ്രൂപ്പുകളിലും സമൂഹങ്ങളിലുമുൾപ്പെടെ എല്ലായിടങ്ങളിലും എല്ലായ്പോഴും കൂട്ടായ്മ സൃഷ്ടിക്കാനാണ് നിങ്ങൾ ശ്രമിക്കേണ്ടതെന്ന് പാപ്പാ ഓർമ്മിപ്പിച്ചു.

തങ്ങളുടെ നേതാക്കന്മാരോടുള്ള അടുപ്പവും കൂറും, സംഘർഷങ്ങൾക്ക് കാരണമാകരുതെന്ന് ഉദ്‌ബോധിപ്പിച്ച പാപ്പാ, എല്ലായിടങ്ങളിയിലും, പ്രത്യേകിച്ച് ഇടവകസമൂഹങ്ങളിൽ സഹകരണത്തിന്റെ മനോഭാവത്തോടെ വേണം പ്രവർത്തിക്കേണ്ടതെന്ന് ആവശ്യപ്പെട്ടു.

ദൈവജനത്തിനും ലോകം മുഴുവനും വേണ്ടി മാദ്ധ്യസ്ഥ്യമപേക്ഷിക്കാനായി ദൈവത്തോട് പ്രാർത്ഥിച്ചുകൊണ്ട് നടത്തുന്ന ഈ തീർത്ഥടനത്തിന് പാപ്പാ കത്തോലിക്കാ കരിസ്മാറ്റിക് നവീകരണ പ്രസ്ഥാനത്തിന്റെ അന്താരാഷ്ട്രസേവനവിഭാഗത്തിന് നന്ദി പറഞ്ഞു.

മാർച്ച് 29-നാണ് ഈ തീർത്ഥാടനത്തിൽ സംബന്ധിച്ചവർക്കായി പാപ്പാ തന്റെ സന്ദേശം തയ്യാറാക്കി ഒപ്പിട്ടത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

03 ഏപ്രിൽ 2025, 17:56