MAP

ഫ്രാൻസിസ് പാപ്പായും "ചിവിൽത്ത കത്തോലിക്ക" മാസികയുടെ ഡയറക്ടർ ഫാ. നൂഞ്ഞോ ദാ സിൽവ ഗൊൺസാൽവേസും - ഫയൽ ചിത്രം ഫ്രാൻസിസ് പാപ്പായും "ചിവിൽത്ത കത്തോലിക്ക" മാസികയുടെ ഡയറക്ടർ ഫാ. നൂഞ്ഞോ ദാ സിൽവ ഗൊൺസാൽവേസും - ഫയൽ ചിത്രം  (Vatican Media)

സുവിശേഷത്തോട് ചേർന്ന് നല്ല മാധ്യമപ്രവർത്തനം തുടരുക: "ചിവിൽത്ത കത്തോലിക്ക" പ്രവത്തകരോട് ഫ്രാൻസിസ് പാപ്പാ

ഇറ്റാലിയൻ ഭാഷയിൽ ഇപ്പോൾ പ്രസിദ്ധീകരിക്കപ്പെടുന്ന കത്തോലിക്കാ മാസികകളിൽ ഏറ്റവും പഴയതായ "ചിവിൽത്ത കത്തോലിക്ക"യുടെ നൂറ്റിയെഴുപത്തിയഞ്ചാം പ്രസിദ്ധീകരണവാർഷികത്തിൽ ഫ്രാൻസിസ് പാപ്പാ, ഡയറക്ടർ ഫാ. നൂഞ്ഞോ ദാ സിൽവ ഗൊൺസാൽവേസിന് സന്ദേശമയച്ചു. മാസികയുടെ എഴുത്തുകാർക്കും, പ്രസിദ്ധീകരണത്തിന് പിന്നിലെ സമർപ്പിതർക്കും പാപ്പായുടെ ആശംസകൾ. പരിശുദ്ധസിംഹാസനത്തിനും സഭയ്ക്കും മാസികയുടെ പ്രസിദ്ധീകരണത്തിലൂടെ നൽകുന്ന സേവനങ്ങൾക്ക് നന്ദി.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

ക്രൈസ്തവവിശ്വാസത്തിന്റെ പ്രകാശത്തിൽ, പരിശുദ്ധ പിതാവിന്റെയും പരിശുദ്ധസിംഹാസനത്തിന്റെയും ചിന്തകളോട് ചേർന്ന് ചരിത്രം, രാഷ്ട്രീയം, സംസ്കാരം, ശാസ്ത്രം, കല തുടങ്ങി, വിവിധ മേഖലകളെക്കുറിച്ചുള്ള രചനകളിലൂടെ പ്രശംസനീയമായ രീതിയിൽ മുന്നോട്ടുപോകുന്ന "ചിവിൽത്ത കത്തോലിക്ക" മാസികയുടെ പിന്നിൽ പ്രവർത്തിക്കുന്നവർക്ക് ആശംസാസന്ദേശമയച്ച് ഫ്രാൻസിസ് പാപ്പാ. "ചിവിൽത്ത കത്തോലിക്ക" മാസിക ആദ്യമായി പ്രസിദ്ധീകരിക്കപ്പെട്ടതിന്റെ നൂറ്റിയെഴുപത്തിയഞ്ചാം വാർഷികാവസരത്തിലാണ്, ഡയറക്ടർ ഫാ. നൂഞ്ഞോ ദാ സിൽവ ഗൊൺസാൽവേസിന് പാപ്പാ സന്ദേശമയച്ചത്.

കഴിഞ്ഞ 175 വർഷങ്ങളിൽ, ലോകത്തിലെ വിവിധസംഭവങ്ങളെ വിശ്വാസത്തിന്റെ വെളിച്ചത്തിൽ വ്യാഖ്യാനിച്ചുകൊണ്ട് വിവിധ തലമുറകൾക്ക് "ചിവിൽത്ത കത്തോലിക്ക" നൽകിയ സേവനങ്ങൾക്ക് പാപ്പാ നന്ദി പറഞ്ഞു. മാസികയുടെ പ്രസിദ്ധീകരണത്തിന്റെ വിവിധ ഘട്ടങ്ങളിൽ സേവനം ചെയ്യുന്ന ഈശോസഭാവൈദികരുൾപ്പെടുന്ന സന്ന്യസ്തർക്കും, എഴുത്തുകാർക്കും തന്റെ ആശംസകൾ നേരുന്നുവെന്ന് പാപ്പാ എഴുതി.

സുവിശേഷത്തിലല്ലാതെ മറ്റൊന്നിലും ആശ്രയിക്കാതെ, നല്ല മാധ്യമപ്രവർത്തനവുമായി സന്തോഷപൂർവ്വം മുന്നോട്ടുപോകുവാൻ "ചിവിൽത്ത കത്തോലിക്ക" പ്രവർത്തകരെ പാപ്പാ ആഹ്വാനം ചെയ്തു. മാസികയുടെ പിന്നിൽ പ്രവർത്തിക്കുന്ന ഏവരെയും പരിശുദ്ധ അമ്മയുടെയും വിശുദ്ധ ഇഗ്‌നേഷ്യസ് ലയോളയുടെയും സംരക്ഷണത്തിന് ഏൽപ്പിച്ച പാപ്പാ, ഈശോസഭയ്ക്കുൾപ്പെടെ ഏവർക്കും അനുഗ്രഹാശംസകൾ നേരുകയും തനിക്കായി പ്രാർത്ഥനകൾ ആവശ്യപ്പെടുകയും ചെയ്തു.

രോഗാവസ്ഥയിൽ റോമിലെ ജെമെല്ലി ആശുപത്രിയിലായിരുന്ന അവസരത്തിൽ മാർച്ച് 17-നായിരുന്നു പാപ്പാ, "ചിവിൽത്ത കത്തോലിക്ക" ഡയറക്ടർ ഫാ. നൂഞ്ഞോ ദാ സിൽവ ഗൊൺസാൽവേസിന് ആശംസാസന്ദേശമയച്ചത്. ഏപ്രിൽ ഒന്നാം തീയതി മാസികയുടെ വാർഷികം സംബന്ധിച്ച ചടങ്ങുകൾക്കിടെയാണ് പാപ്പായുടെ സന്ദേശം വായിക്കപ്പെട്ടത്.

1850 ഏപ്രിൽ 6-ന് ഒൻപതാം പിയൂസ് പാപ്പായുടെ ആഗ്രഹപ്രകാരമാണ് "ചിവിൽത്ത കത്തോലിക്ക" മാസികയുടെ പ്രസിദ്ധീകരണം ആരംഭിച്ചത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

02 ഏപ്രിൽ 2025, 17:12