ബ്രിട്ടീഷ് രാജകുടുംബത്തിന് സ്വകാര്യകൂടിക്കാഴ്ചയനുവദിച്ച് ഫ്രാൻസിസ് പാപ്പാ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
ബ്രിട്ടീഷ് രാജാവ് ചാൾസ് മൂന്നാമനും കമില്ല രാജ്ഞിക്കും (King Charles and Queen Camilla) ഫ്രാൻസിസ് പാപ്പാ വത്തിക്കാനിൽ സ്വകാര്യ കൂടിക്കാഴ്ച അനുവദിച്ചു. ഏപ്രിൽ 7 മുതൽ 10 വരെ നീളുന്ന ഇറ്റലിയിലേക്കുള്ള യാത്രയുടെ അവസരത്തിൽ രാജകുടുംബത്തെ ഏപ്രിൽ 9 ബുധനാഴ്ച ഉച്ചകഴിഞ്ഞ് പാപ്പാ വത്തിക്കാനിലെ സാന്ത മാർത്ത ഭവനത്തിൽ സ്വീകരിക്കുകയായിരുന്നു. ഇരുവരും തമ്മിലുള്ള സംസാരത്തിൽ, വിവാഹത്തിന്റെ ഇരുപതാം വാർഷികം ആഘോഷിക്കുന്ന രാജകുടുംബത്തിന് പാപ്പാ ആശംസകളേകി. പാപ്പായും ചാൾസ് രാജാവും പെട്ടെന്നുള്ള രോഗശാന്തിക്കുള്ള ആശംസകളും പരസ്പരം നേർന്നുവെന്ന് വത്തിക്കാൻ പ്രെസ് ഓഫീസ് അറിയിച്ചു.
കഴിഞ്ഞ വർഷം ക്യാൻസർ ബാധ കണ്ടെത്തിയതിനെത്തുടർന്ന് നടത്തിയ ചികിത്സകളുടെ പാർശ്വഫലമായുണ്ടായ ബുദ്ധിമുട്ടുകളെത്തുടർന്ന് മാർച്ച് അവസാനം ചാൾസ് രാജാവിനെ ആശപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
ഇറ്റാലിയൻ പാർലമെന്റ് സന്ദർശിച്ചതിന് ശേഷം വത്തിക്കാനിലെത്തിയ ബ്രിട്ടീഷ് രാജകുടുംബവും പാപ്പായുമായുള്ള കൂടിക്കാഴ്ച ഇരുപത് മിനിറ്റോളം നീണ്ടുനിന്നു. ഇരുവരും പരസ്പരം സമ്മാനങ്ങൾ കൈമാറിയെന്നും, ചാൾസ് രാജാവിന്റെ പ്രൈവറ്റ് സെക്രട്ടറി സർ ക്ലൈവ് ആൽഡർട്ടണും (Sir Clive Alderton) ഡെപ്യൂട്ടി പ്രൈവറ്റ് സെക്രട്ടറി ബെലിൻഡ കിമ്മും (Belinda Kim) കൂടിക്കാഴ്ചയിൽ പങ്കെടുത്തിരുന്നുവെന്നും വത്തിക്കാൻ അറിയിച്ചു.
ഫെബ്രുവരി 14 വെള്ളിയാഴ്ച മുതൽ മാർച്ച് 23 ഞായറാഴ്ച വരെ റോമിലെ ജെമെല്ലി പോളിക്ലിനിക് ആശുപത്രിയിൽ ശ്വാസകോശസംബന്ധിയായ ബുദ്ധിമുട്ടുകൾ മൂലം ചികിത്സയിലായിരുന്ന ഫ്രാൻസിസ് പാപ്പാ, കഴിഞ്ഞ രണ്ടാഴ്ചകളായി സാന്ത മാർത്ത ഭവനത്തിൽ തുടർചികിത്സയിലും വിശ്രമത്തിലുമായിരിക്കുന്നതിനിടെയാണ് ബ്രിട്ടീഷ് രാജകുടുംബത്തിന് സ്വകാര്യ കൂടിക്കാഴ്ച്ച അനുവദിച്ചത്.
ബ്രിട്ടീഷ് രാജകുടുംബം ജൂബിലിയുടെ കൂടി ഭാഗമായി, പാപ്പായെ കാണാനെത്തുമെന്ന് ബക്കിങ്ഹാം കൊട്ടാരം (Buckingham Palace) മാർച്ച് ആദ്യം അറിയിച്ചിരുന്നുവെങ്കിലും, ഫ്രാൻസിസ് പാപ്പാ ചികിത്സയുടെ ഭാഗമായി ആശുപത്രിയിലായതിനെത്തുടർന്ന്, രാജകൊട്ടാരത്തിൽനിന്ന് മാർച്ച് 24-ന് പുറത്തുവിട്ട മറ്റൊരു അറിയിപ്പിൽ, പാപ്പായ്ക്ക് രാജാവ് രോഗശാന്തിക്കുള്ള ആശംസകൾ നേരുന്നുവെന്നും, പാപ്പാ രോഗവിമുക്തനായ ശേഷം അദ്ദേഹം പരിശുദ്ധപിതാവിനെ കാണാനെത്തുമെന്നും വ്യക്തമാക്കിയിരുന്നു.
2019-ൽ കർദ്ദിനാൾ ജോൺ ഹെൻറി ന്യൂമാനെ വിശുദ്ധനായി പ്രഖ്യാപിക്കുന്ന ചടങ്ങിന്റെ അവസരത്തിൽ, അന്ന് ബ്രിട്ടീഷ് രാജകുമരനായിരുന്ന ചാൾസ് പാപ്പായെ കണ്ടുമുട്ടിയിരുന്നു.
പാപ്പായുമായുള്ള കണ്ടുമുട്ടലിനെക്കുറിച്ച് രാജകുടുംബം ഔദ്യോഗികമായി പുറത്തുവിട്ട ഒരു സന്ദേശത്തിൽ, പാപ്പാ തങ്ങൾക്ക് ഇരുപതാം വിവാഹവർഷികത്തിന്റെ ആശംസകൾ നൽകിയതിൽ തങ്ങൾ സന്തുഷ്ടരാണെന്ന് എഴുതിയിരുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: