MAP

ഫ്രാൻസിസ് പാപ്പാ വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ - ഫയൽ ചിത്രം ഫ്രാൻസിസ് പാപ്പാ വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ - ഫയൽ ചിത്രം  (ANSA)

ദുഃഖദുരിതങ്ങളിലായിരിക്കുന്ന മനുഷ്യരെ കൈവിടാതെ ഫ്രാൻസിസ് പാപ്പാ

സായുധസംഘർഷങ്ങളിലും ദുഃഖദുരിതങ്ങളിലുമായിരിക്കുന്ന ജനങ്ങളെയും ദുരന്തങ്ങളിൽപ്പെട്ടവരെയും അനുസ്മരിച്ചും അവർക്കായി പ്രാർത്ഥിച്ചും ഫ്രാൻസിസ് പാപ്പാ. ഏപ്രിൽ 13 ഞായറാഴ്ചയിലെ ത്രികാലജപപ്രാർത്ഥനാവേളയിലേക്കായി തയ്യാറാക്കി പ്രെസ് ഓഫീസ് വഴി പ്രസിദ്ധീകരിച്ച സന്ദേശത്തിലാണ്, സന്തോ ദൊമിംഗോ, ഉക്രൈൻ, പാലസ്തീന, ഇസ്രായേൽ, കോംഗോ ഡെമോക്രാറ്റിക്‌ റിപ്പബ്ലിക്, മ്യാന്മാർ, സുഡാൻ തുടങ്ങിയ ഇടങ്ങളെ പാപ്പാ പ്രത്യേകം പരാമർശിച്ചത്.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

യുദ്ധത്തിന്റെ ഇരകളായി ദുരിതമനുഭവിക്കുന്നവർക്കും, പ്രകൃതിദുരന്തങ്ങളും, അപകടങ്ങളും മൂലം ബുദ്ധിമുട്ടനുഭവിക്കുന്നവർക്കും തന്റെ സാമീപ്യമറിയിച്ചും പ്രാർത്ഥനകൾ ഏകിയും ഫ്രാൻസിസ് പാപ്പാ. ഓശാനഞായർദിനമായ ഏപ്രിൽ 13 ഞായറാഴ്ചയിലെ ത്രികാലജപപ്രാർത്ഥനാവേളയിലേക്കായി തയ്യാറാക്കിയ സന്ദേശത്തിലൂടെയാണ് പാപ്പാ ദുഃഖദുരിതമനുഭവിക്കുന്ന ആളുകളെ ചേർത്തുപിടിച്ചത്.

സന്തോ ദൊമിംഗോയിൽ കഴിഞ്ഞ എട്ടാം തീയതി ഒരു നിശാക്ളബിന്റെ മേൽക്കൂര തകർന്നുണ്ടായ അപകടത്തിൽ 225 പേർ മരണമടയുകയും 189 പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തെ പാപ്പാ പ്രത്യേകം പരാമർശിച്ചു. ഈ ദുരന്തത്തിൽ മരണമടഞ്ഞവർക്ക് ദൈവം നിത്യാശ്വാസമേകട്ടെയെന്ന് പാപ്പാ ആശംസിച്ചു. ഇരകളുടെ ബന്ധുമിത്രാദികൾക്ക് പാപ്പാ അനുശോചനമേകി.

സുഡാനിൽ തുടരുന്ന സായുധസംഘർഷങ്ങളെ പരാമർശിച്ച പാപ്പാ, നിരവധി നിരപരാധികളാണ് അവിടെ നടക്കുന്ന ആക്രമണങ്ങളുടെ ഇരകളാകുന്നതെന്ന് അനുസ്മരിച്ചു. ഏപ്രിൽ 15-ന് സുഡാൻ സംഘർഷങ്ങളുടെ രണ്ടു വർഷങ്ങളാണ് പൂർത്തിയാകുന്നതെന്ന് ഓർമ്മിപ്പിച്ച പാപ്പാ, ആയിരക്കണക്കിനാളുകളാണ് അവിടെ മരിച്ചിട്ടുള്ളതെന്നും, രാജ്യത്തെ ദശലക്ഷക്കണക്കിന് ആളുകൾ സ്വഭനവങ്ങൾ വിട്ടിറങ്ങാൻ നിർബന്ധിതരായിട്ടുണ്ടെന്നും വിശദീകരിച്ചു. ആക്രമണങ്ങൾക്ക് പിന്നിലുള്ളവർ ചർച്ചകൾക്ക് തയ്യാറാകണമെന്നും അക്രമങ്ങൾ അവസാനിപ്പിക്കണമെന്നും പാപ്പാ ആവശ്യപ്പെട്ടു.

ലെബനോനിൽ അൻപത് വർഷങ്ങൾക്ക് മുൻപ് തുടങ്ങിയ സംഘർഷങ്ങളെ അനുസ്മരിച്ച പാപ്പാ, അവിടെയുള്ള ജനങ്ങൾക്ക് സമാധാനത്തിലും സുസ്ഥിരതയിലും കഴിയാനാകട്ടെയെന്ന് ആശംസിച്ചു.

യുദ്ധങ്ങൾ മൂലം ലക്ഷക്കണക്കിന് ആളുകൾ ബുദ്ധിമുട്ടുന്ന ഉക്രൈൻ, പാലസ്തീന, ഇസ്രായേൽ, കോംഗോ ഡെമോക്രാറ്റിക്‌ റിപ്പബ്ലിക്, മ്യാന്മാർ, തെക്കൻ സുഡാൻ തുടങ്ങിയ ഇടങ്ങളെയും തന്റെ സന്ദേശത്തിൽ പാപ്പാ പരാമർശിച്ചിരുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

14 ഏപ്രിൽ 2025, 14:01