MAP

വത്തിക്കാനിൽ ഫ്രാൻസീസ് പാപ്പാ വസിക്കുന്ന "ദോമൂസ് സാംക്തെ മാർത്തെ" മന്ദിരം. വത്തിക്കാനിൽ ഫ്രാൻസീസ് പാപ്പാ വസിക്കുന്ന "ദോമൂസ് സാംക്തെ മാർത്തെ" മന്ദിരം. 

പാപ്പായുടെ ആരോഗ്യനില മെച്ചപ്പെടുന്നു, ഓക്സിജൻ നല്കുന്നത് ക്രമേണ കുറച്ചുതുടങ്ങി!

റോമിലെ ജെമേല്ലി ആശുപത്രിയിൽ നിന്ന് മുപ്പത്തിയെട്ടാം ദിനം വത്തിക്കാനിൽ തിരച്ചെത്തിയതിനു ശേഷം ഏതാണ്ട് ഒരാഴ്ച പിന്നിടുന്ന ഫ്രാൻസീസ് പാപ്പായുടെ ആരോഗ്യാവസ്ഥയിലുണ്ടായിട്ടുള്ള പുരോഗതിയെക്കുറിച്ചുള്ള വിവരങ്ങൾ.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ഫ്രാൻസീസ് പാപ്പായുടെ ശ്വസന-ചലന-സംസാര പ്രക്രിയകളിൽ ചെറിയ പുരോഗതിയുണ്ടെന്നും ആരോഗ്യനില സ്ഥായിയാണെന്നും പരിശുദ്ധസിംഹാസനത്തിൻറെ വാർത്താവിതരണ കാര്യാലയം, അഥവാ, പ്രസ്സ് ഓഫീസ് വെള്ളിയാഴ്ച (28/03/25) വെളിപ്പെടുത്തി.

റോമിലെ അഗൊസ്തീനൊ ജെമേല്ലി മെഡിക്കൽ കോളേജാശുപത്രിയിൽ ഒരുമാസത്തിലേറെ നീണ്ട ചികിത്സാനന്തരം ഇക്കഴിഞ്ഞ 23-ന് ഞായറാഴ്ച ആശുപത്രിയിൽ നിന്ന് വത്തിക്കാനിൽ, തൻറെ വാസയിടമായ, “ദോമൂസ് സാംക്തെ മാർത്തെ” മന്ദിരത്തിൽ തിരിച്ചെത്തിയ ഫ്രാൻസീസ് പാപ്പാ, ആരോഗ്യ പുനപ്രാപ്തിക്കായി, ചികിത്സയിലും വിശ്രമത്തിലുമാണ്.

പാപ്പായക്ക് ഉയർന്ന പ്രവാഹത്തോതിൽ ഓക്സിജൻ നല്കിവരുന്നത് പടിപടിയായി കുറച്ചുകൊണ്ടിരിക്കയാണെന്നും രാത്രിസമയത്ത് ഓക്സിജൻ നല്കുന്നതും കുറച്ചു തുടങ്ങിയെന്നും ബുധനാഴ്ച നടത്തിയ രക്തപരിശോധനയുടെ വെളിച്ചത്തിൽ രക്തമൂല്യങ്ങളുടെ തോത് സാധാരണമാണെന്നും വാർത്താകാര്യാലയം അറിയിച്ചു.

പാപ്പായുടെ ദിനചര്യ, ചികിത്സയും പ്രാർത്ഥനയും വിശ്രമവും ചില്ലറ ജോലികളുമാണെന്നും റോമൻകൂരിയയുടെ എല്ലാ വിഭാഗങ്ങളും പാപ്പായ്ക്ക് രേഖകൾ അയച്ചുകൊടുക്കുന്നുണ്ടെന്നും എടുത്തുപറയത്തക്കതായ സന്ദർശനങ്ങൾ ഒന്നും ഇല്ലെന്നും എന്നാൽ ആരോഗ്യപ്രവർത്തകർ, കാര്യദർശികൾ, അടുത്ത സഹാകരികൾ എന്നിവരെ കാണുന്നുണ്ടെന്നും, കൂടാതെ, വെള്ളിയാഴ്ച രാവിലെ വത്തിക്കാനിൽ നടന്ന നോമ്പുകാല പ്രഭാഷണം പാപ്പാ മുറിയിലിരുന്നു ശ്രവിച്ചുവെന്നും അനുദിനം പാപ്പാ ചെറുകപ്പേളയിൽ സഹകാർമ്മികനായി വിശുദ്ധകുർബ്ബാന അർപ്പിക്കാറുണ്ടെന്നും പ്രസ്സ് ഓഫീസ് വെളിപ്പെടുത്തി.

ഈ ഞായറാഴ്ചയും പാപ്പാ പൊതുവായ മദ്ധ്യാഹ്നപ്രാർത്ഥന നയിക്കില്ല, എന്നാൽ, പാപ്പായുടെ ലിഖിത ത്രികാലജപ സന്ദേശം പരിശുദ്ധസിംഹാസനം പരസ്യപ്പെടുത്തും. മ്യന്മാറിലുണ്ടായ വൻ ഭൂകമ്പദുരന്തത്തിൻറെയാതനകൾ അനുഭവിക്കുന്ന ജനങ്ങൾക്കുവേണ്ടി മാർപ്പാപ്പാ പ്രാർത്ഥിക്കുന്നു. 

ശ്വാസനാള വീക്കത്തെത്തുടർന്നാണ് പാപ്പാ, ഫെബ്രുവരി 14-ന്, റോമിലെ ജെമേല്ലി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടത്. പീന്നീട് നടത്തിയ പരിശോധനകളിലാണ് പാപ്പായുടെ ഇരുശ്വാസകോശങ്ങളിലും ന്യുമോണിയ ബാധിച്ചതായി കണ്ടെത്തിയത്. സങ്കീർണ്ണാവസ്ഥകളെ തരണം ചെയ്ത പാപ്പാ മുപ്പത്തിയെട്ടാമത്തെ ദിവസമാണ് ആശുപത്രി വിട്ടത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

29 മാർച്ച് 2025, 08:10