MAP

ഫ്രാൻസിസ് പാപ്പാ - ഫയൽ ചിത്രം ഫ്രാൻസിസ് പാപ്പാ - ഫയൽ ചിത്രം  

പത്രോസിന്റെ പിൻഗാമിയായി പന്ത്രണ്ട് വർഷങ്ങൾ പൂർത്തിയാക്കിയ പാപ്പായ്ക്ക് ആശംസകളുമായി ലോകം

റോമിന്റെ മെത്രാനും, പത്രോസിന്റെ പിൻഗാമിയുമെന്ന നിലയിൽ കത്തോലിക്കാസഭയെ ജൂബിലിവർഷത്തിലൂടെ നയിക്കുന്ന ഫ്രാൻസിസ് പാപ്പായ്ക്കിത് തിരഞ്ഞെടുപ്പിന്റെ പന്ത്രണ്ടാം വാർഷികം. രോഗാതുരനായി റോമിലെ ജെമെല്ലി ആശുപത്രിയിൽ കഴിയുന്ന പാപ്പായ്ക്ക് പ്രാർത്ഥനാശംസകളുമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് സന്ദേശപ്രവാഹം.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

ഇരുശ്വാസകോശങ്ങളിലും ന്യുമോണിയ ബാധിച്ച്, റോമിലെ ജെമെല്ലി പോളിക്ലിനിക്ക് ആശുപത്രിയിൽ കഴിയുന്ന ഫ്രാൻസിസ് പാപ്പായുടെ തിരഞ്ഞെടുപ്പിന്റെ പന്ത്രണ്ടാം വാർഷികദിനമായ മാർച്ച് 13-ന്, പാപ്പായുടെ സൗഖ്യത്തിനായി പ്രാർത്ഥിച്ചും, പാപ്പായുടെ ഉദ്ബോധനങ്ങൾക്കും സാക്ഷ്യത്തിനും നന്ദി പറഞ്ഞും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നും സന്ദേശങ്ങൾ എത്തി.

രാഷ്ട്രീയ, സാമൂഹ്യനേതൃത്വങ്ങളും, പ്രാദേശികസഭാനേതൃത്വങ്ങളും മെത്രാൻസമിതികളും, കത്തോലിക്കാ, ക്രൈസ്തവസഭാനേതൃത്വങ്ങളും, മറ്റു മതവിശ്വാസികളും പാപ്പായ്ക്ക് ആശംസകളും പ്രാർത്ഥനകളും നേർന്നു.

പാപ്പാ മെത്രാനായിരിക്കുന്ന റോമാ രൂപത, പാപ്പായുടെ തിരഞ്ഞെടുപ്പിന്റെ ഈ വാർഷികദിനത്തിലും തങ്ങളുടെ ഇടയന് സാമീപ്യമറിയിച്ചുകൊണ്ടുള്ള സന്ദേശം അയച്ചു. കഴിഞ്ഞ ഏതാനും ആഴ്ചകളായി പാപ്പാ കടന്നുപോകുന്ന വിഷമാവസ്ഥയെക്കുറിച്ച് പരാമർശിച്ച രൂപതാനേതൃത്വവും വിശ്വാസികളും, ഈയവസ്ഥ പാപ്പായ്ക്കുവേണ്ടിയുള്ള തങ്ങളുടെ പ്രാർത്ഥനകൾ കൂടുതൽ ശക്തിപ്പെടുത്താനും, സ്നേഹത്താൽ പിന്തുണ നൽകാനും പ്രേരണ നൽകിയെന്ന് എഴുതി. പാപ്പായുടെ ഉദ്ബോധനങ്ങൾക്ക് റോം രൂപത നന്ദി പറഞ്ഞു. പ്രത്യാശയോടെയും ശക്തിയോടെയും മുന്നോട്ടുപോകാനാണ് പാപ്പാ ഇപ്പോഴും തങ്ങളോട് ആവശ്യപ്പെടുന്നതെന്ന് തങ്ങൾ തിരിച്ചറിയുന്നുവെന്ന് റോമിലെ വിശ്വാസികൾക്ക് വേണ്ടി എഴുതിയ കർദ്ദിനാൾ വികാരിയും, എപ്പിസ്‌കോപ്പൽ കൗൺസിലും, പാപ്പായുടെ ആരോഗ്യത്തോടെയുള്ള തിരികെവരവിനായി തങ്ങൾ കാത്തിരിക്കുന്നുവെന്ന് എഴുതി.

പത്രോസിന്റെ പിൻഗാമിയായി പന്ത്രണ്ടുവർഷങ്ങൾ പൂർത്തിയാക്കുന്ന പാപ്പായ്ക്ക് ഇറ്റലിയിലെ മെത്രാൻസമിതിയുടെ സ്ഥിരം കൗൺസിൽ എഴുതിയ കത്തിൽ, പഴയനിയമത്തിലെ പുറപ്പാട് പുസ്തകത്തിൽ, അമലേക്യരുമായുള്ള യുദ്ധത്തിലേർപ്പെടുന്ന ജോഷ്വയ്ക്ക് വേണ്ടി പ്രാർത്ഥിക്കുന്ന മോശയുടെ ഉദാഹരണം ഉദ്ധരിച്ചുകൊണ്ട്, രോഗാവസ്ഥയിലും, പാപ്പാ ഐക്യത്തിന്റേതും കാരുണ്യത്തിന്റേതുമായ തന്റെ സുവ്യക്തമായ ഉദ്ബോധനങ്ങളുമായി മുന്നോട്ടുപോകുന്നതിനെക്കുറിച്ച് അനുസ്മരിച്ചു. പാപ്പാ നൽകുന്ന സാക്ഷ്യത്തിനും പകരുന്ന ശക്തിക്കും നന്ദി പറഞ്ഞ ഇറ്റാലിയൻ മെത്രാൻസമിതി, തങ്ങൾ പാപ്പായ്‌ക്കൊപ്പവും പാപ്പായ്ക്കുവേണ്ടിയും പ്രാർത്ഥിക്കുന്നുവെന്ന് എഴുതി.

പാപ്പായുടെ ജന്മനാടായ അർജന്റീനയിലെ മെത്രാൻസമിതി പ്രെസിഡന്റ് അഭിവന്ദ്യ മർസെല്ലോ കൊളോമ്പോ (Marcelo Colombo), പരിശുദ്ധ പിതാവിന്റെ ഇടയസേവനത്തെയും, ഔദാര്യമനോഭാവത്തെയും ഓർത്ത് ദൈവത്തിന് നന്ദി പറയുവാനായി വിശുദ്ധബലിയർപ്പണം നടത്താൻ അർജന്റീനയിലെ സഭയോട് ആവശ്യപ്പെട്ടു. പാപ്പായുടെ ഉദ്ബോധനങ്ങളുടെ കൂടെ അടിസ്ഥാനത്തിൽ,  ലോകത്ത് പ്രത്യാശയുടെ അടയാളങ്ങളായിത്തീരാനും, മനുഷ്യാന്തസ്സ്‌ ഉയർത്തിപ്പിടിക്കാനും, നീതിയും സഹകരണവും പ്രോത്സാഹിപ്പിക്കാനും അഭിവന്ദ്യ കൊളോമ്പോ ആവശ്യപ്പെട്ടു.

പോളണ്ട്, അൽബാനിയാ തുടങ്ങിയ രാജ്യങ്ങളിലെ മെത്രാൻസമിതികളും, വിവിധ തെക്കേ അമേരിക്കൻ മെത്രാൻസമിതികളും, അർമേനിയയുടെ പ്രസിഡന്റ് ഉൾപ്പെടെ വിവിധ രാഷ്ട്രനേതൃത്വങ്ങളും പാപ്പായ്ക്ക് ആശംസകളേകി.

1936 ഡിസംബർ 17-ന് അർജന്റീനയുടെ തലസ്ഥാനമായ ബൊയ്നസ് അയേഴ്സിൽ ജനിച്ച ഹോർഹെ മാരിയോ ബെർഗോലിയോ, 1958 മാർച്ച് 11-ന് ഈശോസഭയുടെ നൊവിഷ്യേറ്റിൽ പ്രവേശിക്കുകയും, വൈദികപരിശീലനശേഷം, 1969 ഡിസംബർ 13-ന് പുരോഹിതനായി അഭിഷേകം ചെയ്യപ്പെടുകയുമായിരുന്നു. 1992 മെയ് 20-ന് ബൊയ്നസ് അയേഴ്സിന്റെ സഹായമെത്രാനായി നിയമിക്കപ്പെട്ട അദ്ദേഹം മെയ് 27-ന് മെത്രാഭിഷേകം സ്വീകരിച്ചു. 1998 ഫെബ്രുവരി 28-ന് ബൊയ്നസ് അയേഴ്സ് അതിരൂപതാദ്ധ്യക്ഷനായി നിയമിക്കപ്പെട്ട ആർച്ച്ബിഷപ് ബെർഗോലിയോയെ വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പാ 2001 ഫെബ്രുവരി 21-ന് വിളിച്ചുചേർത്ത കൺസിസ്റ്ററിയിൽ കർദ്ദിനാളായി ഉയർത്തി.

2005 ഏപ്രിൽ മാസത്തിൽ ബെനഡിക്ട് പതിനാറാമൻ പാപ്പായെ തിരഞ്ഞെടുത്ത കോൺക്ലേവിൽ സംബന്ധിച്ച കർദ്ദിനാൾ ബെർഗോലിയോ, ബെനഡിക്ട് പതിനാറാമൻ പാപ്പായുടെ മരണശേഷം 2013 മാർച്ച് 13-ന് നടന്ന തിരഞ്ഞെടുപ്പിൽ പാപ്പായായി തിരഞ്ഞെടുക്കപ്പെടുകയും, ഫ്രാൻസിസ് എന്ന പേര് സ്വീകരിക്കുകയുമായിരുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

13 മാർച്ച് 2025, 15:47