MAP

ഫ്രാൻസിസ് പാപ്പാ - കഴിഞ്ഞ വർഷത്തെ വിഭൂതിദിനത്തിലെ ഒരു ചിത്രം ഫ്രാൻസിസ് പാപ്പാ - കഴിഞ്ഞ വർഷത്തെ വിഭൂതിദിനത്തിലെ ഒരു ചിത്രം  (Vatican Media)

നാമാരെന്നും നാമെന്താകുമെന്നും തിരിച്ചറിയാൻ വിഭൂതി സഹായിക്കും: ഫ്രാൻസിസ് പാപ്പാ

വിഭൂതിദിനത്തിലെ ചാരം നാം എന്താണെന്ന ചിന്തയും, എന്തായിത്തീരുമെന്ന പ്രതീക്ഷയും നമ്മിൽ ഉണർത്തുമെന്ന് ഫ്രാൻസിസ് പാപ്പാ. മാർച്ച് അഞ്ചാം തീയതി ആചരിക്കപ്പെട്ട വിഭൂതിദിനത്തിലെ വിശുദ്ധബലിയിലേക്കായി തയ്യാറാക്കിയിരുന്ന പ്രഭാഷണത്തിലാണ് പാപ്പാ മനുഷ്യജീവിതത്തിന്റെ നിസ്സാരതയെയും, എന്നാൽ ക്രിസ്തുവിലുള്ള പ്രത്യാശയെയും കുറിച്ച് ഉദ്ബോധിപ്പിച്ചത്. പാപ്പാ ആശുപത്രിയിലെ ചികിത്സയിൽ തുടരുന്നതിനാൽ, കർദ്ദിനാൾ ആഞ്ചെലോ ദേ ദൊണാത്തിസ് ആണ് വിശുദ്ധബലിമധ്യേ പാപ്പായുടെ പ്രഭാഷണം വായിച്ചത്.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

വിഭൂതിദിനത്തിൽ ഉപയോഗിക്കുന്ന ചാരം, മനുഷ്യർ പൊടിയാണെന്നും, പൊടിയിലേക്ക് തന്നെ മടങ്ങുമെന്നാണ് നമ്മെ ഓർമ്മിപ്പിക്കുന്നതെന്ന് ഫ്രാൻസിസ് പാപ്പാ. 2025-ലെ ജൂബിലി വർഷത്തിൽ, വിശുദ്ധവാരത്തിലേക്കുള്ള ഒരുക്കത്തിന്റെ ഭാഗമായി സഭ ആചരിക്കുന്ന നോമ്പുകാലാരംഭം കുറിക്കുന്ന വിഭൂതിദിനത്തിലേക്കായി തയ്യാറാക്കിയിരുന്ന പ്രഭാഷണത്തിലാണ് മനുഷ്യജീവിതത്തിന്റെ ക്ഷണികതയെക്കുറിച്ച് പാപ്പാ ഓർമ്മിപ്പിച്ചത്. ശ്വാസകോശസംബന്ധിയായ ബുദ്ധിമുട്ടുകളാൽ ഫ്രാൻസിസ് പാപ്പാ മൂന്നാഴ്ചയോളമായി റോമിലെ ജെമെല്ലി ആശുപത്രിയിൽ തുടരുന്നതിനാൽ കർദ്ദിനാൾ ആഞ്ചെലോ ദേ ദൊണാത്തിസ് ആണ് പരിശുദ്ധ പിതാവിനുവേണ്ടി പ്രഭാഷണം വായിച്ചത്.

വിഭൂതിദിനത്തിൽ ചാരം സ്വീകരിക്കാനായി നാം തല കുനിക്കുന്നതും, നമ്മുടെ തലയിൽ അത് വിതറപ്പെടുന്നതും, നമ്മുടെ ജീവിതത്തെക്കുറിച്ച് കൂടുതൽ ശക്തമായി ചിന്തിക്കാനും, നമ്മിലേക്ക് തന്നെ നോക്കാനും, നമ്മുടെ ക്ഷണികതയെക്കുറിച്ച് മനസ്സിലാക്കാനും, നാം പൊടിയിൽനിന്നാണ് സൃഷ്ടിക്കപെട്ടതെന്നും, അതിലേക്കുതന്നെ മടങ്ങുമെന്ന് ഓർക്കാനും നമ്മെ സഹായിക്കുമെന്ന് പാപ്പാ ഉദ്‌ബോധിപ്പിച്ചു.

നാമനുഭവിക്കുന്ന ശാരീരിക, മാനസിക ക്ഷീണങ്ങളും, നമ്മുടെ ഭയങ്ങളും, തോൽവികളും, നഷ്ടസ്വപ്നങ്ങളും, രോഗങ്ങളും, ദാരിദ്ര്യവും, സഹനങ്ങളും, മർത്ത്യതയുമൊക്കെ നമ്മുടെ ജീവിതത്തിന്റെ ക്ഷണികതയെക്കുറിച്ച് നമ്മെ ഓർമ്മിപ്പിക്കുന്നുണ്ടെന്ന് പറഞ്ഞ പാപ്പാ, ഇവയിൽനിന്ന് രക്ഷപെടാൻ നാം ആഗ്രഹിക്കുമ്പോഴും, വിഭൂതിദിനം നാം ആരാണെന്നതിനെക്കുറിച്ച് നമ്മെ ഓർമ്മിപ്പിക്കുകയും, കൂടുതൽ എളിമയുള്ളവരായിത്തീരാനും, മറ്റുള്ളവർക്ക് സമീപസ്ഥരുമായിത്തീരാനും നമ്മെ സഹായിക്കുമെന്ന് പാപ്പാ തന്റെ പ്രഭാഷണത്തിൽ എഴുതിയിരുന്നു.

പ്രകൃതിമലിനീകരണത്തെക്കുറിച്ച് പരാമർശിച്ചുകൊണ്ട്, മറ്റുള്ളവരെ അവഗണിച്ചുകൊണ്ട് ഈ ഭൂമിയിലെ വിഭവങ്ങൾ ചൂഷണം ചെയ്യുന്നതിനെതിരെയും, യുദ്ധം, സംഘർഷങ്ങൾ എന്നീ തിന്മകൾക്കെതിരെയും പാപ്പാ തന്റെ പ്രഭാഷണത്തിൽ പരാമർശിച്ചിരുന്നു.

നമ്മുടെ ഈ ഭൂമിയിലേക്ക്, പൊടിയിലേക്ക്, ഇറങ്ങിവന്ന യേശുവെന്ന ദൈവപുത്രന്റെ ജീവിതം പക്ഷെ നമ്മിൽ പ്രത്യാശ നിറയ്ക്കുന്നുണ്ടെന്ന് ഓർമ്മിപ്പിച്ച പാപ്പാ, മരണത്തിന്റെ ആഴങ്ങളിലേക്കിറങ്ങിയ ദൈവപുത്രൻ, പാപത്തിന്റെയും മരണത്തിന്റെയും ചാരത്തിൽനിന്ന് നമ്മെയും നിത്യജീവന്റെ മഹത്വത്തിലേക്ക് ഉയർത്തിയതിനാലാണിതെന്ന് വ്യക്തമാക്കി. ഇക്കാരണത്താൽത്തന്നെ നാം മരണമെന്ന യാഥാർഥ്യത്തിന് മുന്നിൽ ദുഃഖിതരാകേണ്ടതില്ലെന്നും പാപ്പാ ഓർമ്മിപ്പിച്ചു.

ക്രിസ്തുവിനെ ജീവിതകേന്ദ്രമാക്കി നിറുത്തുകയും, ഉത്ഥിതനായ കർത്താവിലുള്ള പ്രത്യാശയോടെ ജീവിക്കുകയും, ഹൃദയം അവനിലേക്ക് തിരിക്കുകയും ചെയ്യുന്നത് വഴി മനുഷ്യൻ ലോകത്തിന് പ്രത്യാശയുടെ അടയാളമായി മാറുകയാണെന്ന് പാപ്പാ വിശദീകരിച്ചു.

ഫ്രാൻസിസ് പാപ്പായോട് ഏവർക്കുമുള്ള സാമീപ്യത്തെക്കുറിച്ച് ഓർമ്മിപ്പിച്ച കർദ്ദിനാൾ ദേ ദൊണാത്തിസ്, സഭയുടെയും ലോകത്തിന്റെയും നന്മയ്ക്കായി പാപ്പാ അർപ്പിക്കുന്ന പ്രാർത്ഥനകൾക്കും അദ്ദേഹം ഏറ്റെടുക്കുന്ന സഹനങ്ങൾക്കും നന്ദി പറഞ്ഞു.

പാപ്പാ മുൻകൂട്ടി തീരുമാനിച്ചിരുന്നതനുസരിച്ച് റോമിലെ വിശുദ്ധ സബീനയുടെ നാമത്തിലുള്ള ബസലിക്കയിൽവച്ചാണ് ഇത്തവണത്തെ വിഭൂതിബുധനാഴ്ചയുടെ ചടങ്ങുകൾ നടന്നത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

06 മാർച്ച് 2025, 16:10