MAP

ഫ്രാൻസിസ് പാപ്പായ്ക്കായി പ്രാർത്ഥനയിൽ - ജെമെല്ലി ആശുപത്രിക്ക് മുന്നിൽനിന്നുള്ള ഒരു ദൃശ്യം ഫ്രാൻസിസ് പാപ്പായ്ക്കായി പ്രാർത്ഥനയിൽ - ജെമെല്ലി ആശുപത്രിക്ക് മുന്നിൽനിന്നുള്ള ഒരു ദൃശ്യം  (ANSA)

ചികിത്സയിലും പ്രാർത്ഥനയിലും വിശ്രമത്തിലുമായി ഫ്രാൻസിസ് പാപ്പാ ആശുപത്രിയിൽ തുടരുന്നു

ഫ്രാൻസിസ് പാപ്പായുടെ ആരോഗ്യനില മെച്ചപ്പെട്ടുവരുന്നുവെന്നും, കഴിഞ്ഞ രാത്രിയും പാപ്പാ ശാന്തമായി കഴിച്ചുകൂട്ടിയെന്നും വത്തിക്കാൻ പ്രെസ് ഓഫീസ്. മരുന്നുകളും, ഫിസിയോതെറാപ്പിയുമായി ചികിത്സയിൽ തുടരുന്നതിനിടെ, നോമ്പുകാലവുമായി ബന്ധപ്പെട്ട് കൂരിയായ്ക്ക് നൽകപ്പെടുന്ന ധ്യാനപ്രസംഗങ്ങളിൽ പാപ്പായും ഓൺലൈനായി സംബന്ധിച്ചു. 2025 മാർച്ച് പതിമൂന്നിന് പാപ്പായുടെ തിരഞ്ഞെടുപ്പിന്റെ പന്ത്രണ്ടാം വാർഷികമായിരുന്നു.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

കഴിഞ്ഞ രാത്രിയും പാപ്പാ ശാന്തമായി കഴിച്ചുകൂട്ടിയെന്ന് മാർച്ച് 13 വ്യാഴാഴ്ച രാവിലെ പുറത്തുവിട്ട ടെലെഗ്രാം സന്ദേശത്തിലൂടെ പരിശുദ്ധസിംഹാസനത്തിന്റെ പ്രെസ് ഓഫീസ് അറിയിച്ചു. അതേസമയം, പൊതുവെ സങ്കീർണ്ണമെങ്കിലും, പരിശുദ്ധ പിതാവിന്റെ ആരോഗ്യസ്ഥിതി സ്ഥായിയായി തുടരുന്നുവെന്ന് വത്തിക്കാൻ പ്രെസ് ഓഫീസ് മാർച്ച് 12 ബുധനാഴ്ച വൈകുന്നേരം മാധ്യമപ്രവർത്തകർക്കായി പുറത്തുവിട്ട ഒരു അറിയിപ്പിലൂടെ വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞ ചൊവ്വാഴ്ച എടുത്ത നെഞ്ചിന്റെ എക്സ്റേയിൽ, പാപ്പായുടെ സ്ഥിതി മുൻദിവസങ്ങളേക്കാൾ മെച്ചപ്പെട്ടുവെന്ന് വ്യക്‌തമായതായും അറിയിപ്പിൽ വത്തിക്കാൻ പ്രെസ് എഴുതി. കഴിഞ്ഞ ദിവസങ്ങളിലും പാപ്പായ്ക്ക് ഉയർന്ന തോതിൽ ഓക്സിജൻ നൽകിയെന്നും, രാത്രികളിൽ ശക്തമല്ലാത്ത രീതിയിൽ മാസ്ക് ഉപയോഗിച്ച് ശ്വസനസഹായയന്ത്രത്തിന്റെ സഹായത്തോടെ (Non-invasive ventilation) ഓക്സിജൻ നൽകിയെന്നും വത്തിക്കാൻ വ്യക്തമാക്കിയിരുന്നു.

ബുധനാഴ്ച രാവിലെ, കഴിഞ്ഞ ദിവസങ്ങളിലേതുപോലെ, ഫ്രാൻസിസ് പാപ്പാ വത്തിക്കാനിൽ കൂരിയാ അംഗങ്ങൾക്കായി നടന്നുവരുന്ന ധ്യാനത്തിൽ ഓൺലൈനായി സംബന്ധിച്ചുവെന്നും, അതിനുശേഷം വിശുദ്ധ കുർബാന സ്വീകരിച്ചുവെന്നും  പ്രാർത്ഥനയിൽ സമയം ചിലവിട്ടുവെന്നും പ്രെസ് ഓഫീസ് അറിയിച്ചു. ബുധനാഴ്ചയും പാപ്പായ്ക്ക് ഫിസിയോതെറാപ്പി നൽകപ്പെട്ടു.

ബുധനാഴ്ച്ച ഉച്ചകഴിഞ്ഞും വത്തിക്കാനിലെ പോൾ ആറാമൻ ശാലയിൽനിന്നുള്ള ധ്യാനത്തിൽ സംബന്ധിച്ച പാപ്പാ, പ്രാർത്ഥനയിലും വിശ്രമത്തിലും സമയം ചിലവഴിച്ചുവെന്നും, പിന്നീട് ശ്വാസകോശസംബന്ധിയായ ഫിസിയോതെറാപ്പിക്ക് വിധേയനായെന്നും പ്രെസ് ഓഫീസ് വിശദീകരിച്ചിരുന്നു.

2013 മാർച്ച് 13-ന് പത്രോസിന്റെ പിൻഗാമിയായി തിരഞ്ഞെടുക്കപ്പെട്ട ഫ്രാൻസിസ് പാപ്പായുടെ പന്ത്രണ്ടാം തിരഞ്ഞെടുപ്പ് വാർഷികമാണ് ജൂബിലി വർഷംകൂടിയായ 2025-ലെ മാർച്ച് 13-ന് ആഘോഷിക്കപ്പെടുന്നത്.

ഫെബ്രുവരി 14 വെള്ളിയാഴ്ച മുതൽ ആശുപത്രിയിൽ തുടരുന്ന പാപ്പായുടെ ആരോഗ്യസ്ഥിതി സങ്കീർണ്ണമായിരുന്നെങ്കിലും, ചികിത്സയുടെയും പ്രാർത്ഥനകളുടെയും പിൻബലത്തിൽ മെച്ചപ്പെട്ടു വരുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

13 മാർച്ച് 2025, 15:42