MAP

ജെമെല്ലി ആശുപത്രിയിൽനിന്നുള്ള ഒരു ദൃശ്യം ജെമെല്ലി ആശുപത്രിയിൽനിന്നുള്ള ഒരു ദൃശ്യം  (ANSA)

പാപ്പായുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി: രാത്രിയിൽ വിശ്രമിച്ചു

കഴിഞ്ഞ രാത്രിയിലും പാപ്പാ ശാന്തമായി വിശ്രമിച്ചുവെന്ന് വത്തിക്കാൻ പ്രെസ് ഓഫീസ് 2025 മാർച്ച് പന്ത്രണ്ട് ബുധനാഴ്ച രാവിലെ അറിയിച്ചു. വത്തിക്കാനിൽ കൂരിയാ അംഗങ്ങൾക്കായി നടന്നുവരുന്ന ധ്യാനത്തിൽ പാപ്പാ ഓൺലൈൻ വഴി സംബന്ധിച്ചുവെന്നും, മുറിയിലും ചാപ്പലിലുമായി പ്രാർത്ഥനയിൽ സമയം ചിലവഴിച്ചുവെന്നും, വിശുദ്ധ കുർബാന സ്വീകരിച്ചുവെന്നും ചൊവ്വാഴ്ച്ച പ്രെസ് ഓഫീസ് അറിയിച്ചിരുന്നു.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

ഫ്രാൻസിസ് പാപ്പാ കഴിഞ്ഞ രാത്രിയിലും വിശ്രമിച്ചുവെന്നും പാപ്പായുടെ ആരോഗ്യസ്ഥിതി ചെറിയ തോതിൽ മെച്ചപ്പെട്ടു വരുന്നുവെന്നും വത്തിക്കാൻ പ്രെസ് ഓഫീസ് അറിയിച്ചു. പാപ്പാ ചൊവ്വാഴ്ച കൂടുതൽ സമയവും പ്രാർത്ഥനയ്ക്കായി മാറ്റിവച്ചുവെന്നും, വത്തിക്കാൻ കൂരിയായുടെ വിവിധ ഓഫീസുകളിൽ സേവനമനുഷ്ഠിക്കുന്നവർക്കായി വത്തിക്കാനിലെ പോൾ ആറാമൻ ശാലയിൽ നടന്നുവരുന്ന ധ്യാനത്തിന്റെ ഭാഗമായി രാവിലെയും വൈകുന്നേരവും നടത്തിയ പ്രഭാഷണങ്ങളിൽ ഓൺലൈനായി സംബന്ധിച്ചുവെന്നും പരിശുദ്ധസിംഹാസനത്തിന്റെ പ്രെസ് ഓഫീസ് വിശദീകരിച്ചിരുന്നു.

ചൊവ്വാഴ്ച പാപ്പാ ആർക്കും പ്രത്യേക കൂടിക്കാഴ്ച അനുവദിച്ചിരുന്നില്ലെന്നും, ഈ ദിവസം പ്രാർത്ഥനയ്ക്കും ധ്യാനത്തിനുമായാണ് പാപ്പാ മാറ്റിവച്ചതെന്നും പ്രെസ് ഓഫീസ് അറിയിച്ചു. ഡോക്ടർമാരുടെ നിർദ്ദേശപ്രകാരമുള്ള ചികിത്സകൾ പാപ്പായ്ക്ക് നൽകിവരികയാണെന്നും, കഴിഞ്ഞ ദിവസം പകലും പാപ്പായ്ക്ക് ഉയർന്ന തോതിൽ ഓക്സിജൻ നൽകിയെന്നും ആശുപത്രിവൃത്തങ്ങളെ അധികരിച്ച് പ്രെസ് ഓഫീസ് വിശദീകരിച്ചു.

പാപ്പായുടെ രോഗാവസ്ഥയെസംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ ബുധനാഴ്ച വൈകുന്നേരം ഡോക്ടർമാർ നൽകുമെന്ന് പ്രെസ് ഓഫീസ് അറിയിച്ചു. ആരോഗ്യസ്ഥിതിയിൽ ചെറിയ മാറ്റങ്ങളുണ്ടെങ്കിലും പാപ്പായുടെ രോഗബാധ സങ്കീർണ്ണവസ്ഥയിൽനിന്ന് പൂർണ്ണമായും മാറിയിട്ടില്ലെന്ന് ഡോക്ടർമാർ അറിയിച്ചിരുന്നു.

വത്തിക്കാൻ കൂരിയായുടെ ധ്യാനം നടക്കുന്നതിനാൽ മാർച്ച് 12 ബുധനാഴ്ച പൊതുകൂടിക്കാഴ്ച ആസൂത്രണം ചെയ്തിരുന്നില്ലെന്നും, അതുകൊണ്ടുതന്നെ ഇതുമായി ബന്ധപ്പെട്ട പ്രഭാഷണം ഉണ്ടാകില്ലെന്നും പ്രെസ് ഓഫീസ് വ്യക്തമാക്കിയിരുന്നു. പ്രത്യാശയെക്കുറിച്ച് പ്രത്യേകമായി ചിന്തിക്കുന്ന 2025-ലെ ജൂബിലി വർഷത്തിൽ, “നിത്യജീവിതത്തെക്കുറിച്ചുള്ള പ്രത്യാശ” എന്ന വിഷയത്തെ ആധാരമാക്കിയാണ്, നോമ്പുകാലത്ത് വത്തിക്കാനിൽ പതിവുള്ള ധ്യാനം നടക്കുന്നത്.

ഫ്രാൻസിസ് പാപ്പാ ഈശോസഭയിൽ ചേർന്നതിന്റെ അറുപത്തിയേഴാം വർഷമായിരുന്നു മാർച്ച് 11 ചൊവ്വ.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

12 മാർച്ച് 2025, 15:20