റോമൻ കൂരിയയുടെ ധ്യാനത്തിൽ ഓൺലൈനായി സംബന്ധിച്ച് ഫ്രാൻസിസ് പാപ്പാ
വത്തിക്കാൻ ന്യൂസ്
വത്തിക്കാനിലെ പോൾ ആറാമൻ ശാലയിൽ വച്ച് മാർച്ചുമാസം ഒൻപതാം തീയതി ഉച്ചകഴിഞ്ഞു ആരംഭിച്ച റോമൻ കൂരിയയ്ക്കുള്ള നോമ്പുകാലധ്യാനത്തിൽ, പൊന്തിഫിക്കൽ ഭവനത്തിന്റെ ഔദ്യോഗിക പ്രഭാഷകൻ ഫാ. റൊബെർത്തോ പസോളിനി തന്റെ ആദ്യസന്ദേശം നൽകി. ധ്യാനത്തിൽ, ഫ്രാൻസിസ് പപ്പായയും ഓൺലൈനായി സംബന്ധിക്കുന്നുണ്ട്. അതേസമയം മാർച്ചു ഒൻപതാം തീയതി, ഞായറാഴ്ച്ച രാവിലെ വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയെത്രോ പരോളിൻ, മോൺസിഞ്ഞോർ എഡ്ഗാർ പേഞ്ഞ പാറ എന്നിവരുമായി പാപ്പാ, റോമിലെ ജെമല്ലി ആശുപതിയിൽ വച്ച് കൂടിക്കാഴ്ച്ച നടത്തി.
ആശുപതിയിൽ, തന്നെ ശുശ്രൂഷിക്കുന്നവർക്കൊപ്പം പാപ്പാ രാവിലെ വിശുദ്ധബലിയിൽ സംബന്ധിച്ചു. തുടർന്ന് ശ്വസന, മോട്ടോർ തെറാപ്പിയും ഫിസിയോതെറാപ്പിയും സ്വീകരിച്ചു. പാപ്പായുടെ ആരോഗ്യസ്ഥിതിയിൽ നേരിയ പുരോഗതിയുണ്ടെന്നും, എന്നാൽ ഇത് സങ്കീർണ്ണത ഒഴിവാക്കുന്നില്ലെന്നും ശനിയാഴ്ച്ച വൈകുന്നേരം പ്രസിദ്ധീകരിച്ച മെഡിക്കൽ ബുള്ളറ്റിനിൽ പരാമർശിച്ചിരുന്നു.
പകൽ സമയത്ത്, ഉയർന്ന പ്രവാഹമുള്ള ഓക്സിജൻ തെറാപ്പിയും, വൈകുന്നേരം മെക്കാനിക്കൽ വെന്റിലേഷനും പാപ്പായ്ക്ക് നൽകി. മാർച്ചു പത്താം തീയതി അടുത്ത മെഡിക്കൽ ബുള്ളറ്റിൻ പ്രസിദ്ധീകരിച്ചേക്കുമെന്നും വത്തിക്കാൻ വാർത്താകാര്യാലയം അറിയിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: