MAP

ഫ്രാൻസിസ് പാപ്പാ ഒരുപറ്റം സമർപ്പിതർക്കൊപ്പം - ഫയൽ ചിത്രം ഫ്രാൻസിസ് പാപ്പാ ഒരുപറ്റം സമർപ്പിതർക്കൊപ്പം - ഫയൽ ചിത്രം  (ANSA)

ദൈവത്തിൽ ശരണമർപ്പിച്ച് ക്രിസ്തുവിന്റെ സാന്നിദ്ധ്യവും സാക്ഷ്യവുമായി ജീവിക്കുക: യുവജനങ്ങളോട് ഫ്രാൻസിസ് പാപ്പാ

മനുഷ്യരുടെ സഹനങ്ങളിലും വേദനകളിലും അവരെ ഉപേക്ഷിക്കാത്തവനാണ് ദൈവമെന്നും, സമർപ്പിതജീവിതത്തിലേക്കുൾപ്പെടെയുള്ള ദൈവവിളികൾ തിരിച്ചറിഞ്ഞ് മുന്നോട്ടുവരുന്നവർ മുറിവേറ്റവരെയും അവഗണിക്കപ്പെട്ടവരെയും മറന്നുകളയരുതെന്നും ജീവിതം ലോകത്ത് ക്രിസ്തുവിന്റെ സാന്നിദ്ധ്യത്തിന്റെ സാക്ഷ്യമാക്കി മാറ്റണമെന്നും ഫ്രാൻസിസ് പാപ്പാ. ദൈവവിളിക്കായുള്ള ഈ വർഷത്തെ പ്രാർത്ഥനാദിനത്തിലേക്കായി നൽകിയ സന്ദേശത്തിലാണ് പാപ്പാ ഇപ്രകാരം എഴുതിയത്.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

പ്രത്യാശയുടെ തീർത്ഥാടകരായി, തങ്ങളുടെ ജീവിതം ഔദാര്യപൂർവ്വം നൽകാൻ തയ്യാറാകാൻ യുവജനങ്ങൾക്ക് പാപ്പായുടെ പ്രത്യേക ക്ഷണം. ജൂബിലി വർഷത്തിൽ 2025 മെയ് 11-ന് ആചരിക്കപ്പെടുന്ന അറുപത്തിരണ്ടാമത്, ദൈവവിളികൾക്കായുള്ള പ്രാർത്ഥനാദിനത്തിലേക്കായി മാർച്ച് 19-ന് ഒപ്പിട്ട് റോമിലെ പോളിക്ലിനിക് ജെമെല്ലി ആശുപത്രിയിൽനിന്ന് വിശുദ്ധ യൗസേപ്പിന്റെ തിരുനാൾ ദിനത്തിൽ പ്രസിദ്ധീകരിച്ച തന്റെ സന്ദേശത്തിലാണ് പാപ്പാ ഇങ്ങനെ എഴുതിയത്.

നന്മയുള്ള ജീവിതം നയിക്കുവാനുള്ള തീരുമാനങ്ങളെയും പദ്ധതികളെയും തകർക്കുന്നതാണ്, പാവപ്പെട്ടവരും ദുർബലരുമായ മനുഷ്യർക്കുനേരെയുള്ള അനീതികളും, സ്വാർത്ഥതാൽപ്പര്യാർത്ഥമുള്ള  നിസ്സംഗതയും, ലോകത്തെ സംഘർഷങ്ങളും യുദ്ധങ്ങളുമെന്നും, എന്നാൽ, ഇത്തരം സാഹചര്യങ്ങളിലൂടെ ലോകം കടന്നുപോകുമ്പോഴും, കർത്താവ് നമ്മെ, പ്രത്യേകിച്ച് സഹനങ്ങളിലൂടെയും വേദനകളിലൂടെയും കടന്നുപോകുന്ന മനുഷ്യരെ കൈവെടിയുന്നില്ലെന്നും, നാമെല്ലാവരും അവനാൽ സ്നേഹിക്കപ്പെടുന്നുവെന്ന ബോധ്യം നമ്മിൽ ഉളവാക്കാൻ അവൻ ആഗ്രഹിക്കുന്നുണ്ടെന്നും പാപ്പാ എഴുതി.

വിവിധ ദൈവവിളികളിലേക്ക്, പ്രത്യേകിച്ച് സമർപ്പിതാവിളികളിലേക്ക് ചുവടുവയ്ക്കുന്നവർ സഹനങ്ങളിലും ദുരിതങ്ങളിലുമായിരിക്കുന്ന മുറിവേറ്റവരെയും അവഗണിക്കപ്പെട്ടവരെയും മറന്നുകളയരുതെന്നും തന്റെ സന്ദേശത്തിലൂടെ ഉദ്‌ബോധിപ്പിച്ച പരിശുദ്ധ പിതാവ്, സഭയിലെ ഓരോ ദൈവവിളികളും, അത്, അൽമായജീവിതത്തിലേക്കോ, പൗരോഹിത്യജീവിതത്തിലേക്കോ, സമർപ്പിതജീവിതത്തിലേക്കോ ആകട്ടെ, ലോകത്തിനുള്ള പ്രത്യാശയുടെ അടയാളങ്ങളാണെന്നും ഓർമ്മിപ്പിച്ചു.

പരിശുദ്ധാത്മാവിനൊപ്പം പ്രവർത്തിച്ച്, ദൈവവിളികൾ തിരിച്ചറിയുന്നതിനും, അവ സ്വീകരിക്കുന്നതിനും അവ ജീവിക്കുന്നതിനും ആളുകളെ സഹായിക്കുകയും അനുധാവനം ചെയ്യുകയും ചെയ്യുന്നത്, അജപാലനശുശ്രൂഷയിൽ ഏർപ്പെട്ടിരിക്കുന്നവരുടെ പ്രധാനപ്പെട്ട ഒരു കടമയാണെന്ന് പാപ്പാ തന്റെ സന്ദേശത്തിൽ എഴുതി. ജീവിക്കുന്ന യേശുവിനൊപ്പമുള്ള ജീവിതത്തിലൂടെ ലഭിക്കുന്ന പൂർണ്ണമായ സന്തോഷത്തിലേക്ക് നടന്ന വിശുദ്ധരുടെയും വാഴ്ത്തപ്പെട്ടവരുടെയും ജീവിതങ്ങളെക്കുറിച്ച് അറിയുന്നതും പ്രധാനപ്പെട്ടതാണെന്ന് പാപ്പാ ഓർമ്മിപ്പിച്ചു.

സ്വയം ഉയർത്തിക്കാട്ടുക എന്നതിനേക്കാൾ, മറ്റുള്ളവരെ സ്നേഹിക്കാനും ശുശ്രൂഷിക്കാനുമുള്ള ആഗ്രഹം നമ്മിൽ ഉണർത്തുന്ന ഒന്നാണ് ദൈവവിളിയെന്ന് പാപ്പാ ഉദ്‌ബോധിപ്പിച്ചു. ലോകത്തിലെ സമ്മർദ്ദപൂരിതമായായ ജീവിതത്തിനിടയിലും നമ്മെ വിളിക്കുന്ന ദൈവത്തിന്റെ സ്വരം ശ്രവിക്കാനായി പ്രാർത്ഥനയ്ക്കായി സമയം കണ്ടെത്താൻ പാപ്പാ യുവജനങ്ങളെ ക്ഷണിച്ചു.

ദൈവവിളികൾക്കായി പ്രാർത്ഥിക്കാൻ എല്ലാ ക്രൈസ്തവരെയും തന്റെ സന്ദേശത്തിലൂടെ പാപ്പാ ആഹ്വാനം ചെയ്തു. സുവിശേഷപാതയിൽ പ്രത്യാശയുടെ തീർത്ഥാടകരായി തുടരാനും ഏവരെയും ക്ഷണിച്ച പാപ്പാ, ലോകത്തിൽ ഉപ്പും, പ്രകാശവും, പുളിമാവുമാകാനാണ് നാം വിളിക്കപ്പെട്ടിരിക്കുന്നതെന്ന് ഓർമ്മിപ്പിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

19 മാർച്ച് 2025, 12:59