മ്യന്മാറിലും തായ്ലലൻറിലും ഭൂകമ്പം, പാപ്പായുടെ അനുശോചനവും പ്രാർത്ഥനയും!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
ദക്ഷിണേഷ്യയിൽ, പ്രത്യേകിച്ച്, മ്യന്മാറിലും തായ്ലൻറിലുമുണ്ടായ വൻ ഭുകമ്പദുരന്തത്തിൽ പാപ്പായുടെ അനുശോനമറിയിക്കുന്ന സന്ദേശം വത്തിക്കാൻ സംസ്ഥാനകാര്യദർശി കർദ്ദിനാൾ പിയെത്രൊ പരോളിൻ അയച്ചു.
മരണമടഞ്ഞവരുടെ ആത്മശാന്തിക്കായി ഫ്രാൻസീസ് പാപ്പാ പ്രാർത്ഥിക്കുന്നുവെന്നും ഈ ദുരന്തം മൂലം യാതനകളനുഭവിക്കുന്നവരുടെ ചാരെ പാപ്പാ ആത്മീയമായി സന്നിഹിതനാണെന്നും കർദ്ദിനാൾ പരോളിൻ ഭൂമികുലുക്കം അനുഭവപ്പെട്ട ഇരുനാടുകളുടെയും അധികാരികൾക്കും അന്നാടുകളിലെ സഭാധികാരികൾക്കും അയച്ച അനുശോചനസന്ദേശങ്ങളിൽ അറിയിക്കുന്നു. പരിക്കേറ്റവരെയും പാർപ്പിടവും മറ്റും നഷ്ടപ്പെട്ടവരെയും സംരക്ഷിക്കുന്ന ദുരിതാശ്വാസപ്രവർത്തകർക്ക് ഉൾക്കരുത്തും സ്ഥൈര്യവും ലഭിക്കുന്നതിനായും പാപ്പാ പ്രാർത്ഥിക്കുന്നു.
മ്യന്മാറിലെ സാഗൈംഗിൽ നിന്ന് 17 കിലോമീറ്റർ അകലെയാണ് വെള്ളിയാഴ്ച (28/03/25) പ്രാദേശികസമയം ഉച്ചയ്ക്ക് 12.50-ന് ഉണ്ടായതും, ഭൂകമ്പമാപനിയിൽ 7 ദശാംശം 7 തീവ്രത രേഖപ്പെടുത്തിയതുമായ, ഭൂകമ്പത്തിൻറെ പ്രഭവ കേന്ദ്രം. തുടർന്ന് 6 ദശാംശം 4 തീവ്രതയുണ്ടായിരുന്ന ഒരു ഭൂകമ്പവും ഉണ്ടായി. മ്യന്മാറിലെ മൻഡല നഗരം തകർന്നടിഞ്ഞതായാണ് വിവരം. ആയിരത്തിഇരുനൂറോളം ബഹുനില കെട്ടിടങ്ങൾ ആ നഗരത്തിൽ മാത്രം തകർന്നു. മരണസംഖ്യ കൃത്യമല്ലെങ്കിലും ആയിരത്തിലേറെ പേർക്ക് ജീവാപായം സംഭവിച്ചിട്ടുണ്ടെന്നു കരുതപ്പെടുന്നു. ഭൂമികുലുക്കം വൻനാശ നഷ്ടങ്ങൾ വിതയ്ക്കുകയും ചെയ്തു. അയൽ രാജ്യങ്ങളിലും ഇതിൻറെ പ്രകമ്പനം അനുഭവപ്പെട്ടു. തായ്ലൻറിൻറെ എല്ലാഭാഗങ്ങളിലും പ്രകമ്പനമുണ്ടാവുകയും തലസ്ഥാനമായ ബാങ്കോക്കിൽ നിർമ്മാണത്തിലിരുന്ന 33 നില കെട്ടിടം നിലംപൊത്തുകയും പത്തോളം പേർ മരണമടയുകയും ചെയ്തു.
ഇന്ത്യയിൽ കോൽക്കത്തയിലും വടക്കുകഴിക്കൻ സംസ്ഥാനങ്ങളിലും ചൈനയിൽ സിചുവാൻ, യുനാൻ പ്രവിശ്യകളിലും, ബംഗ്ലാദേശിൽ ധാക്ക, ഛത്തോഗ്രം എന്നിവിടങ്ങളിലും പ്രമ്പനമുണ്ടായി.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: