MAP

അർജന്തിനയിൽ പ്രളയത്തിൽ മുങ്ങിയ ബഹീയ ബ്ലാങ്ക നഗരത്തിൻറെ ഒരു ദൃശ്യം, 07/03/2025 അർജന്തിനയിൽ പ്രളയത്തിൽ മുങ്ങിയ ബഹീയ ബ്ലാങ്ക നഗരത്തിൻറെ ഒരു ദൃശ്യം, 07/03/2025 

അർജന്തീനയിൽ ജലപ്രളയം, പാപ്പായുടെ അനുശോചന സന്ദേശം!

മാർച്ച് 7-ന്, വെള്ളിയാഴ്ചയുണ്ടായ കനത്ത പേമാരിയാണ് അർജന്തീനയിലെ ബഹീയ ബ്ലാങ്ക നഗരത്തെ വെള്ളത്തിൽ മുക്കിയത്കാ. ഏതാനും മണിക്കൂർ കൊണ്ട് 400 മില്ലീമീറ്റർ മഴയുണ്ടായി. ജലപ്രളയം 16 പേരുടെ ജീവനപഹരിക്കുകയും 900-ത്തിലേറെപ്പേരെ ഭവനരഹിതരാക്കുകയും ചെയ്തു. നൂറോളം പേരെ കാണാതായിട്ടുണ്ട്.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

തൻറെ ജന്മനാടായ അർജന്തീനയിൽ, ബഹീയ ബ്ലാങ്ക നഗരത്തിൽ അനേകരുടെ ജീവനപഹരിച്ച വെള്ളപ്പൊക്ക ദുരന്തത്തിൽ പാപ്പാ ദുഃഖം രേഖപ്പെടുത്തി.

തൻറെ അനുശോചനം അറിയിക്കുന്ന ടെലെഗ്രാം സന്ദേശം ഫ്രാൻസീസ് പാപ്പാ, താൻ ചികിത്സയിൽ കഴിയുന്ന റോമിലെ ജെമേല്ലി ആശുപത്രിയിൽ നിന്ന് ബഹിയ ബ്ലാങ്ക അതിരൂപതയുടെ ആർച്ച്ബിഷപ്പ് കാർലൊസ് അൽഫോൻസൊ അസ്പിറോസ് കോസ്തയ്ക്ക് അയയ്ക്കുകയായിരുന്നു.

ബഹീയ ബ്ലാങ്ക പ്രദേശത്ത്  നിരവധിപ്പേരുടെ ജീവനപഹരിക്കുകയും നാശനഷ്ടങ്ങൾ വിതയ്ക്കുകയും ചെയ്ത പ്രകൃതി ദുരന്തത്തിൽ താൻ ദുഃഖിതനാണെന്നും, മരിച്ചവരുടെ നിത്യശാന്തിക്കായി താൻ പ്രാർത്ഥിക്കുന്നുവെന്നും ഈ ദുരന്തത്തിൻറെ ദുരിതം അനുഭവിക്കുന്ന എല്ലാവരുടെ ചാരെ താനുണ്ടെന്നും പാപ്പാ അറിയിക്കുന്നു. വേദനയിലും അനിശ്ചിതത്വത്തിലും കഴിയുന്നവർക്ക് സമാശ്വാസം ലഭിക്കുന്നതിനായി പാപ്പാ പ്രാർത്ഥിക്കുകയും പ്രളയബാധിത പ്രദേശങ്ങളുടെ പുനർനിർമ്മാണത്തിനായി യത്നിക്കുന്നവർക്ക് പിന്തുണ അഭ്യർത്ഥിക്കുകയും ചെയ്യുന്നു.

മാർച്ച് 7-ന്, വെള്ളിയാഴ്ചയുണ്ടായ കനത്ത പേമാരിയാണ് ബഹീയ ബ്ലാങ്കയിൽ വെള്ളപ്പൊക്കത്തിന് കാരണമായത്. ഏതാനും മണിക്കൂർ കൊണ്ട് 400 മില്ലീമീറ്റർ മഴയുണ്ടായി. ജലപ്രളയം 16 പേരുടെ ജീവനപഹരിക്കുകയും 900-ത്തിലേറെപ്പേരെ ഭവനരഹിതരാക്കുകയും ചെയ്തു. നൂറോളം പേരെ കാണാതായിട്ടുണ്ട്. അർജന്തീനയുടെ പ്രസിഡൻറ് ഹവിയെർ മിലേയി ത്രിദിന ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചിരിക്കുകയാണ്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

11 മാർച്ച് 2025, 12:19