MAP

സന്നദ്ധപ്രവർത്തകരുടെ ജൂബിലി ആഘോഷം സന്നദ്ധപ്രവർത്തകരുടെ ജൂബിലി ആഘോഷം   (ANSA)

മരുഭൂമിയുടെ നിശബ്ദത യേശുവിന്റെ സാന്നിധ്യത്താൽ ശ്രവിക്കലിന്റെ ഇടമായി മാറി: പാപ്പാ

ആഗോളസന്നദ്ധപ്രവർത്തകരുടെ ജൂബിലിയാഘോഷം മാർച്ചു മാസം 8, 9 തീയതികളിൽ വത്തിക്കാനിൽ വച്ച് നടന്നു. ഒൻപതാം തീയതി ഞായറാഴ്ച്ച നടന്ന വിശുദ്ധ ബലിക്ക് കർദിനാൾ മൈക്കൽ ചേർണി മുഖ്യകാർമ്മികത്വം വഹിച്ചു. തദവസരത്തിൽ പരിശുദ്ധ പിതാവിന്റെ സുവിശേഷസന്ദേശം വായിക്കപ്പെട്ടു.

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

മാർച്ചു മാസം 8, 9 തീയതികളിലായി റോമിൽ വച്ച് നടന്ന ആഗോള തലത്തിലുള്ള സന്നദ്ധപ്രവർത്തകരുടെ ജൂബിലിയാഘോഷത്തിൽ മുപ്പതിനായിരത്തിലധികം ആളുകൾ സംബന്ധിച്ചു. ഒൻപതാം തീയതി ഞായറാഴ്ച്ച നടന്ന വിശുദ്ധ ബലിക്ക്,   കർദിനാൾ മൈക്കൽ ചേർണി മുഖ്യകാർമ്മികത്വം വഹിച്ചു. തദവസരത്തിൽ ഫ്രാൻസിസ് പാപ്പാ തയാറാക്കിയ സുവിശേഷസന്ദേശം  വായിച്ചു.

മരുഭൂമിയിൽ യേശു നേരിട്ട പ്രലോഭനത്തെ പരാമർശിച്ചുകൊണ്ടുള്ള പാപ്പായുടെ സന്ദേശത്തിൽ, നിശബ്ദതയുടെ അടയാളമായിരുന്ന മരുഭൂമിയെ, മറ്റുള്ളവരെ ശ്രവിക്കുന്നതിനുള്ള  ഇടമാക്കി രൂപാന്തരപ്പെടുത്തിയതിനെ അടിവരയിട്ടു പറഞ്ഞു. അനുസരണത്തിന്റെ മാതൃക  നൽകുന്ന യേശുവിനെയാണ് ഇവിടെ കാണുന്നതെന്നും, ഈ മരുഭൂമി അനുഭവത്തിലേക്ക് യേശുവിനെ നയിക്കുന്നത് പരിശുദ്ധാത്മാവാണെന്നും എടുത്തു പറയുന്ന പാപ്പാ, മരുഭൂമിയിൽ മനുഷ്യൻ ഭൗതികവും ആത്മീയവുമായ ദാരിദ്ര്യം അനുഭവിക്കുന്നുവെന്നും ചൂണ്ടിക്കാട്ടി.

മരുഭൂമിയിൽ നാം പരീക്ഷിക്കപ്പെടുമ്പോൾ നാം ഒറ്റക്കല്ല എന്ന സത്യം തിരിച്ചറിയണമെന്നും, മറിച്ച് തിന്മയ്ക്കെതിരായ പോരാട്ടത്തിൽ യേശു നമുക്ക് ശക്തി പകരുന്നുവെന്നും പാപ്പാ സന്ദേശത്തിൽ കുറിച്ചു.

തുടർന്ന്, പ്രലോഭനത്തിന്റെ ആരംഭത്തെയും, അതിന്റെ വഴിയെയും, പരിണതഫലത്തെയും പരാമർശിച്ചുകൊണ്ടുള്ള ചിന്തകളും നൽകി. കർത്താവ് മരുഭൂമിയിലേക്ക് പോകുന്നത് താൻ എത്ര ശക്തനാണെന്ന് കാണിക്കാൻ വേണ്ടിയല്ല മറിച്ച്, ആത്മാവിനോടുള്ള യേശുവിന്റെ വിധേയത്വം വെളിപ്പെടുത്തുന്നതിനും, പ്രചോദനങ്ങൾക്ക് സന്നദ്ധതയോടെ പ്രതികരിക്കുന്നതിനും വേണ്ടിയാണെന്നു സന്ദേശത്തിൽ പറയുന്നു. നമുക്ക് പ്രലോഭനങ്ങൾ ഉണ്ടാകുമ്പോഴും, നമ്മുടെ പ്രാർത്ഥനകൾക്ക് ഉത്തരം നല്കുന്നവനാണ് ദൈവമെന്നും പാപ്പാ അടിവരയിട്ടു പറയുന്നു.

ദൈവത്തെയും മനുഷ്യനെയും തമ്മിൽ അകറ്റുന്ന പിശാച്, വൈകൃതവും ബന്ധങ്ങളെ ശിഥിലവുമാക്കുന്ന കാര്യങ്ങൾ  ചെയ്യുമ്പോൾ, ദൈവത്തെയും മനുഷ്യനെയും ഒന്നിപ്പിക്കുന്ന മധ്യസ്ഥൻ യേശുവാണ്. പ്രലോഭനങ്ങളുടെ നിമിഷങ്ങളിലെല്ലാം യേശുവിൽ പ്രകടമാകുന്ന ഭാവം, പിതാവുമായുള്ള പുത്രബന്ധത്തിന്റെ ആഴം മാത്രമെന്നും സന്ദേശത്തിൽ ചൂണ്ടികാണിക്കുന്നു. ഇതുപോലെ തന്നെ മനുഷ്യൻ നേരിടുന്ന പ്രലോഭനങ്ങളുടെ നിമിഷങ്ങളിൽ, ദൈവം യഥാർഥത്തിൽ നമ്മുടെ പിതാവല്ലെന്ന് പിശാച് നമ്മുടെ ചെവിയിൽ മന്ത്രിക്കുമ്പോൾ, ദൈവപിതാവുമായുള്ള ബന്ധത്തിൽ ഉറച്ചുനിൽക്കേണ്ടതിന്റെ ആവശ്യകതയും പാപ്പാ കൂട്ടിച്ചേർക്കുന്നു.

കർത്താവ് നമ്മിൽ  നിന്ന് വളരെ അകലെയാണെന്ന് വിശ്വസിപ്പിക്കുവാൻ  പിശാച് ആഗ്രഹിക്കുകയും, അവൻ  നമ്മെ നിരാശയിലേക്ക് നയിക്കുകയും ചെയ്യുന്ന ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നതെന്നും പാപ്പാ ഓർമ്മപ്പെടുത്തി. എന്നാൽ പ്രലോഭനങ്ങളുടെ അവസാന ഫലം, ക്രിസ്തുവിന്റെ വിജയമാണെന്നും സന്ദേശത്തിൽ പാപ്പാ ചൂണ്ടികാണിച്ചു. മരുഭൂമിയിൽ, പ്രലോഭകൻ പരാജയപ്പെടുന്നുവെങ്കിലും, ആത്യന്തികമായ വിജയം നേടിയത് യേശുവിന്റെ മരണത്തിന്റെയും പുനരുത്ഥാനത്തിന്റെയും പെസഹാരഹസ്യങ്ങളിലൂടെയാണെന്നും പാപ്പാ പറഞ്ഞു.

പ്രലോഭനങ്ങളിൽ നാം വീണുപോയാലും, ദൈവത്തിന്റെ ക്ഷമിക്കുന്ന സ്നേഹം നമ്മെ എല്ലാ വീഴ്ചകളിൽ നിന്നും മോചിപ്പിക്കുമെന്നും, നമ്മുടെ പരീക്ഷണം പരാജയത്തിൽ അവസാനിക്കുന്നില്ല, കാരണം ക്രിസ്തുവിൽ നാം തിന്മയിൽ നിന്ന് വീണ്ടെടുക്കപ്പെടുന്നുവെന്നും സന്ദേശം അടിവരയിടുന്നു. യേശുവിന്റെ മാതൃക പിന്തുടർന്ന്  സന്നദ്ധപ്രവർത്തകർ ലോകമെമ്പാടും ചെയ്യുന്ന നിരവധി നന്മപ്രവൃത്തികൾക്ക് പാപ്പാ പ്രത്യേകം നന്ദി പറഞ്ഞു. പരിശുദ്ധാത്മാവ് എല്ലായ്പ്പോഴും നിലനിർത്തുന്ന  ഇച്ഛാശക്തി കൈമുതലായി സൂക്ഷിക്കുവാനും പാപ്പാ എല്ലാവരെയും ആഹ്വാനം ചെയ്തു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

10 മാർച്ച് 2025, 13:34