MAP

വത്തിക്കാനിൽ വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ അങ്കണത്തിൽ വിശ്വാസികൾ ഫ്രാൻസീസ് പാപ്പായുടെ രോഗ വിമുക്തിക്കായി ജപമാല ചൊല്ലുന്നു, 24/02/25 വത്തിക്കാനിൽ വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ അങ്കണത്തിൽ വിശ്വാസികൾ ഫ്രാൻസീസ് പാപ്പായുടെ രോഗ വിമുക്തിക്കായി ജപമാല ചൊല്ലുന്നു, 24/02/25  (AFP or licensors)

പാപ്പായെ പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്ഥ്യത്തിനു ഭരമേല്പിക്കാം, കർദ്ദിനാൾ പരോളിൻ!

ഫ്രാൻസീസ് പാപ്പായുടെ രോഗസൗഖ്യത്തിനായി വത്തിക്കാനിൽ വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ ചത്വരത്തിൽ സമൂഹം കൊന്തനമസ്കാരം കർദ്ദിനാൾ പിയെത്രൊ പരോളിൻ നയിച്ചു.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

നമ്മുടെകാര്യത്തിൽ കരുതലുള്ള അമ്മയായ പരിശുദ്ധ കന്യകാമറിയം രോഗത്തിൻറെയും പരീക്ഷണത്തിൻറെയുമായ ഈ വേളയിൽ ഫ്രാൻസീസ് പാപ്പായെ താങ്ങിനിറുത്തട്ടെയെന്നും ആരോഗ്യം പെട്ടെന്നു വീണ്ടടുക്കാൻ സഹായിക്കട്ടെയെന്നും വത്തിക്കാൻ സംസ്ഥാന കാര്യദർശി കർദ്ദിനാൾ പീയെത്രോ പരോളിൻ പ്രാർത്ഥിക്കുന്നു.

വത്തിക്കാനിൽ വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ അങ്കണത്തിൽ തിങ്കളാഴ്ച (24/02/25) രാത്രി പ്രാദേശിക സമയം 9 മണിക്ക്, ഇന്ത്യയിലെ സമയം ചൊവ്വാഴ്ച 1.30-ന്, കർദ്ദിനാളന്മാരും മെത്രാന്മാരും റോമൻകൂരിയായിലെ അംഗങ്ങളും സമർപ്പിതരും അല്മയവിശ്വാസികളും ഏകയോഗമായി പാപ്പായുടെ സുഖപ്രാപ്തിക്കായി ചൊല്ലിയ കൊന്തനമസ്കാരത്തിന് ആമുഖമായിട്ടാണ് അദ്ദേഹം ഇപ്രകാരം പ്രാർത്ഥിച്ചത്.

രോഗികളുടെ ആരോഗ്യമായ നാഥയെന്ന് നാം വിളിച്ചപേക്ഷിക്കുന്ന ഏറ്റം പരിശുദ്ധയായ മറിയത്തിൻറെ ശക്തമായ മാദ്ധ്യസ്ഥ്യത്തിന് പാപ്പായെ സമർപ്പിക്കാമെന്ന് കർദ്ദിനാൾ പരോളിൻ പറഞ്ഞു.  

പത്രോസ് തടവിലാക്കപ്പെട്ട സമയത്ത് സഭ തീവ്രമായി പ്രാർത്ഥിച്ചിരുന്നുവെന്ന് അപ്പോസ്തലന്മാരുടെ പ്രവൃത്തികളിൽ പറയുന്നത് അനുസ്മരിച്ച അദ്ദേഹം ആകയാൽ, അപകടത്തിലോ രോഗത്തിലോ ആകുന്ന പാപ്പായ്ക്കു വേണ്ടി ക്രൈസ്തവ ജനത പ്രാർത്ഥിക്കുക പതിവാണെന്നും ഈ ദിനങ്ങളിൽ ജെമേല്ലി പോളിക്ലിനിക്കിൽ കഴിയുന്ന ഫ്രാൻസീസ് പാപ്പായ്ക്കുവേണ്ടി ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികളും സമൂഹങ്ങളും കർത്താവിനോട് തീവ്രമായ പ്രാർത്ഥിക്കുന്നുവെന്നും പറഞ്ഞു.

തിങ്കളാഴ്ച വൈകുന്നേരം മുതൽ നമ്മളെല്ലാവരും വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ ചത്വരത്തിൽ,  പാപ്പായുടെ  ഭവനത്തിൽ, പരിശുദ്ധ ജപമാല ചൊല്ലുന്നതിനായി ഒന്നുചേരുകയാണെന്നും കർദ്ദിനാൾ പരോളിൻ കൂട്ടിച്ചേർത്തു.

പാപ്പാ ചികിത്സയിൽ കഴിയുന്ന ജെമേല്ലി മെഡിക്കൽകോളേജ് ആശുപത്രിയിലും  പാപ്പായ്ക്കുവേണ്ടി ദിവ്യബലിയും ദിവ്യകാരുണ്യാരാധനയും കൊന്തനമസ്കാരവും ഉണ്ടായിരുന്നു. പാപ്പാ ആശുപത്രിയിൽ എത്രനാൾ ചികിത്സയിലായിരിക്കുവോ അത്രയും നാൾ ഇതു തുടരുമെന്ന് ആശുപത്രിവൃത്തങ്ങൾ അറിയിച്ചു. ഫ്രാൻസീസ് പാപ്പായുടെ ജന്മനാടായ അർജന്തീനയിലുൾപ്പടെ ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ പാപ്പായുടെ രോഗവിമുക്തിക്കായി പ്രാർത്ഥനകൾ ഉയരുന്നു.

 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

25 ഫെബ്രുവരി 2025, 13:08