ഫ്രാൻസിസ് പാപ്പായ്ക്കുവേണ്ടി വത്തിക്കാനിൽ ജപമാലയർപ്പണം
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
ഫ്രാൻസിസ് പാപ്പായുടെ ആരോഗ്യത്തിനായി പ്രാർത്ഥിക്കാൻ വത്തിക്കാൻ കൂരിയയും റോം രൂപതയും ഒത്തുചേരുന്നു. ഫെബ്രുവരി 24 തിങ്കളാഴ്ച വൈകുന്നേരം ഒൻപത് മണിക്ക് പാപ്പായ്ക്കുവേണ്ടി ജപമാലപ്രാർത്ഥനയർപ്പിക്കാൻ റോമിലെ സഭാനേതൃത്വവും രൂപതയും ഒരുമിച്ചുചേരുമെന്ന് ഇതേദിവസം ഉച്ചയോടെ പരിശുദ്ധ സിംഹാസനത്തിന്റെ പ്രെസ് ഓഫീസ് അറിയിച്ചു.
കഴിഞ്ഞ പതിനൊന്നോളം ദിവസങ്ങളായി റോമിലെ ജെമെല്ലി ആശുപത്രിയിൽ സങ്കീർണ്ണമായ ആരോഗ്യാവസ്ഥയിൽ ചികിത്സയിൽ തുടരുന്ന, റോമിന്റെ മെത്രാൻ കൂടിയായ പാപ്പായുടെ ആരോഗ്യത്തിനുവേണ്ടി പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്ഥ്യം പ്രത്യേകം അപേക്ഷിക്കാനായി, റോമിൽ താമസിക്കുന്ന കർദ്ദിനാൾമാരും, വത്തിക്കാനിലെ വിവിധ ഡികാസ്റ്ററികളിലായി സേവനമനുഷ്ഠിക്കുന്ന പാപ്പായുടെ സഹകാരികളും റോം രൂപതയും, വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ചത്വരത്തിലാണ് ഒരുമിച്ച് ചേരുക.
വത്തിക്കാൻ സ്റ്റേറ്റ് സെക്രെട്ടറിയും പാപ്പായുടെ സഹകാരികളിൽ ഏറ്റവും ഉന്നതസ്ഥാനം വഹിക്കുന്നയാളുമായ കർദ്ദിനാൾ പിയെത്രോ പരൊളീനായിരിക്കും ജപമാല നയിക്കുകയെന്നും പ്രെസ് ഓഫീസിന്റെ കുറിപ്പ് വ്യക്തമാക്കി.
സായുധസേന, പോലീസ്, സുരക്ഷാപ്രവർത്തകർ എന്നിവരുടെ ദ്വിദിനജൂബിലിയുടെ അവസാനത്തിൽ, ഫെബ്രുവരി ഒൻപതാം തീയതി ഞായറാഴ്ച വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ ത്രികാലജപപ്രാർത്ഥന നയിച്ച വേളയിൽ ഇതേ ചത്വരത്തിൽ വച്ച് ഫ്രാൻസിസ് പാപ്പായുടെ മുഖ്യ കാർമ്മികത്വത്തിൽ വിശുദ്ധബലി നടന്നിരുന്നു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള പതിനായിരക്കണക്കിന് വിശ്വാസികളും ആയിരക്കണക്കിന് രൂപതാകളും ഈ ദിവസങ്ങളിൽ പാപ്പായുടെ ആരോഗ്യത്തിന് വേണ്ടി പ്രാർത്ഥനാസമ്മേളനങ്ങൾ നടത്തുന്നുണ്ട്. നിരവധിയാളുകൾ പാപ്പാ കഴിയുന്ന ആശുപത്രിയുടെ മുന്നിലെത്തിയും പ്രാർത്ഥിക്കുന്നുണ്ട്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: