ഫ്രാൻസിസ് പാപ്പായ്ക്കുവേണ്ടി ബുദ്ധസന്യാസിമാർ പൂജ നടത്തി
ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
ശ്രീലങ്കയുടെ തലസ്ഥാനമായ കൊളംബോയിലെ ബുദ്ധ മത ക്ഷേത്രത്തിൽ, അനാരോഗ്യം മൂലം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്ന കത്തോലിക്കാ സഭയുടെ പരമാധ്യക്ഷൻ ഫ്രാൻസിസ് പാപ്പായ്ക്ക് വേണ്ടി പ്രത്യേകമായ പൂജകൾ നടത്തുകയും, പ്രാർത്ഥനകൾ സംഘടിപ്പിക്കുകയും ചെയ്തു. വാർത്താ ഏജൻസിയായ ഫീദെസാണ് ഇതുസംബന്ധിച്ച വിവരങ്ങൾ റിപ്പോർട്ട് ചെയ്തത്. ബുദ്ധദേവന് ഫ്രാൻസിസ് പാപ്പായെ സമർപ്പിച്ചുകൊണ്ട് നടത്തിയ പൂജയിൽ, ഫ്രാൻസിസ് പാപ്പായുടെ ആരോഗ്യം വീണ്ടെടുക്കുവാനുള്ള അനുഗ്രഹം യാചിച്ചുകൊണ്ട്, വിവിധ സന്യാസിമാർ പ്രാർത്ഥനകൾ നടത്തി.
കൊളംബോയിലെ മഹാബോധി ബുദ്ധമത സമൂഹത്തിലെ അഗ്രശ്രാവക ക്ഷേത്രത്തിൽ ഏതാനും ദിവസങ്ങൾക്ക് മുമ്പ് നടന്ന ചടങ്ങിൽ, ശ്രീലങ്കൻ മെത്രാൻ സമിതിയുടെ സമൂഹ മാധ്യമങ്ങളുടെ ചുമതല വഹിക്കുന്ന ഫാദർ ജൂഡ് കൃഷാന്ത ഫെർണാണ്ടോയും മറ്റ് രണ്ട് കത്തോലിക്കാ വിശ്വാസികളും പങ്കെടുത്തു.
സന്യാസിമാരും ബുദ്ധമത വിശ്വാസികളും പാപ്പായ്ക്കുവേണ്ടി ധ്യാനത്തിലും പ്രാർത്ഥനയിലും ഒത്തുകൂടിയത് ഏറെ ഹൃദയസ്പർശിയായ അനുഭവമായിരുന്നുവെന്നും, 2015-ൽ ഫ്രാൻസിസ് പാപ്പായുടെ ശ്രീലങ്കൻ സന്ദർശനവേളയിൽ അദ്ദേഹം അവശേഷിപ്പിച്ച മതസൗഹാർദ്ദത്തിന്റെ മറ്റൊരു നന്മനിറഞ്ഞ അധ്യായമാണ് ഈ പൂജയിൽ വിളങ്ങിനിന്നതെന്നും ഫാ. ജൂഡ് പങ്കുവച്ചു.
ആത്മാർത്ഥമായ സാഹോദര്യത്തോടെ എല്ലാവരെയും മനുഷ്യസാഹോദര്യത്തിൽ ഒന്നിപ്പിക്കുന്ന ഫ്രാൻസിസ് പാപ്പായുടെ സാന്നിധ്യം സഹാനുഭൂതിയുടെയും അടുപ്പത്തിന്റെയും ഒരു പൈതൃകം മറ്റു മതസ്ഥരുമായി ഊട്ടിയുറപ്പിക്കുവാൻ നമ്മെ സ്വാധീനിക്കുന്നുവെന്നും ഫാ. ജൂഡ് പറഞ്ഞു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: