MAP

ഫ്രാൻസീസ് പാപ്പാ കുട്ടികളുമൊത്ത് ഫ്രാൻസീസ് പാപ്പാ കുട്ടികളുമൊത്ത്  (ANSA)

കുട്ടികൾക്കായി ഒരു കത്ത് എഴുതുമെന്ന് പാപ്പാ!

താൻ കുഞ്ഞുങ്ങൾക്കായി ഒരു കത്ത് തയ്യാറാക്കുമെന്ന് കുട്ടികളുടെ അവകാശങ്ങളെ അധികരിച്ച് വത്തിക്കാനിൽ സംഘടിപ്പിക്കപ്പെട്ട അന്താരാഷ്ട്രസമ്മേളനത്തിൻറെ സമാപനയോഗത്തിൽ സംസാരിക്കവെ ഫ്രാൻസീസ് പാപ്പാ വെളിപ്പെടുത്തി.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

കുട്ടികൾക്കായി ഒരു കത്ത് തയ്യാറാക്കുന്നതിനെക്കുറിച്ച് താൻ ആലോചിക്കുന്നുണ്ടെന്ന് പാപ്പാ വെളിപ്പെടുത്തി.

കുട്ടികളുടെ അവകാശങ്ങളെ അധികരിച്ച് വത്തിക്കാനിൽ സംഘടിപ്പിക്കപ്പെട്ട അന്താരാഷ്ട്രസമ്മേളനത്തിൻറെ തിങ്കളാഴ്ച (03/02/25) ഉച്ചതിരിഞ്ഞു നടന്ന സമാപനയോഗത്തിൽ ആണ് ഫ്രാൻസീസ് പാപ്പാ ഇതു വെളിപ്പെടുത്തിയത്.

കുഞ്ഞുങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള ഈ യത്നത്തിന് തുടർച്ചയേകുകയും അത് സഭയിലാകമാനം വ്യാപകമാക്കുകയും ചെയ്യുന്നതിൻറെ ഭാഗമായിട്ടാണ് താൻ ഈ കത്ത് എഴുതകയെന്നും പാപ്പാ വ്യക്തമാക്കുകയും ചെയ്തു.

വിശുദ്ധനാടിൻറെ സംരക്ഷണച്ചുമതലയുള്ള വിഭാഗത്തിൻറെ വികാരിയായ ഇബ്രാഹിം ഫൽത്താസ് എന്ന ഫ്രാൻസിസ്ക്കൻ വൈദികൻ ഈ ഉച്ചകോടിയിൽ സംസാരിക്കവെ പറഞ്ഞ “ കുഞ്ഞുങ്ങൾ നമ്മെ നോക്കുന്നു” എന്ന വാക്യം ഉദ്ധരിച്ച പാപ്പാ നാം നമ്മുടെ ജീവിതത്തിൽ മുന്നേറുന്നത് എങ്ങനെയാണെന്നു കാണാൻ കുഞ്ഞുങ്ങൾ നമ്മെ നോക്കുന്നുണ്ടെന്ന് അനുസ്മരിച്ചു.

കുഞ്ഞുങ്ങളുടെ അവകാശങ്ങളെ അധികരിച്ചു നടന്ന ഉച്ചകോടിയെക്കുറിച്ചു പരാമർശിച്ചുകൊണ്ട് പാപ്പാ അപ്പൊസ്തോലിക മന്ദിരത്തിലെ ശാലകൾ ലോകം മുഴുവനിലെയും കുഞ്ഞുങ്ങളുടെ യാഥാർത്ഥ്യത്തിലേക്കു തുറന്നിരിക്കുന്ന ഒരു നിരീക്ഷണ ശാലയായി മാറിയെന്ന് പറഞ്ഞു.

ദൗർഭാഗ്യവശാൽ ബാല്യം ഇന്ന് പലപ്പോഴും മുറിവേല്പിക്കപ്പെടുകയും ചൂഷണം ചെയ്യപ്പെടുകയും നിഷേധിക്കപ്പെടുകയും ചെയ്യുന്ന അവസ്ഥയാണുള്ളതെന്ന് അനുസ്മരിച്ച പാപ്പാ ഈ സമ്മേളനത്തിൽ പങ്കെടുത്തവർ അവരുടെ സന്നിധ്യത്താലും അനുഭവങ്ങളാലും സഹാനുഭൂതിയാലും ഒരു നിരീക്ഷണാലയത്തിന്, ഒരു പ്രവർത്തന ശാലയ്ക്ക് രൂപമേകിയെന്നും കുട്ടികളുടെ അവകാശങ്ങളുടെ സംരക്ഷണത്തിനായുള്ള നിർദ്ദേശങ്ങൾ വികസിപ്പിച്ചെടുത്തുവെന്നും സന്തുഷ്ടി പ്രകടിപ്പിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

04 ഫെബ്രുവരി 2025, 14:43