പാപ്പാ ഗാസയിലെ ഇടവകവൈദികനുമായി ഫോൺ സംഭാഷണം നടത്തി!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
റോമിലെ ജെമേല്ലി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഫ്രാൻസീസ് പാപ്പാ ഗാസയിലെ ഇടവക വൈദികനെ തിങ്കളാഴ്ച (24/02/25) വൈകുന്നേരം ഫോണിൽ വിളിച്ചു സംസാരിച്ചു.
അന്നു വൈകുന്നേരം പരിശുദ്ധസിംഹാസനത്തിൻറെ വാർത്താവിതരണകാര്യാലയം, പ്രസ്സ് ഓഫീസ്, ഒരു പത്രക്കുറിപ്പിലൂടെ അറിയച്ചതാണിത്. തൻറെ പിതൃസന്നിഭ സാമീപ്യം പ്രകടിപ്പിക്കുന്നതിനാണ് പാപ്പാ ഗാസാ ഇടവക വികാരിയായ ഗബ്രിയേൽ റൊമനേല്ലിയെ ടെലെഫോണിൽ വിളിച്ചതെന്ന് പത്രക്കുറിപ്പ് വ്യക്തമാക്കി.
ഗുരുതരാവസ്ഥതിയലാണെങ്കിലും പാപ്പായുടെ ആരോഗ്യ സ്ഥിതിയിൽ നേരിയ പുരോഗതിയുണ്ടെന്ന് പത്രക്കുറിപ്പിൽ കാണുന്നു. ആസ്മരൂപത്തിലുള്ള ശ്വസന പ്രതിസന്ധികളൊന്നും തിങ്കളാഴ്ചയും പാപ്പായ്ക്ക് അനുഭവപ്പെട്ടില്ലെന്നും ചില പരിശോധനാഫലങ്ങൾ മെച്ചപ്പെട്ടിട്ടുണ്ടെന്നും വൃക്കയുടെ പ്രവർത്തനക്ഷമതയിലുണ്ടായിട്ടുള്ള നേരിയ കുറവ് ആശങ്കാജനകമല്ലെന്നും ഓക്സിജൻ നല്കുന്നത് തുടരുന്നുണ്ടെങ്കിലും അളവിൽ നേരിയ കുറവുവരുത്തിയിട്ടുണ്ടെന്നും പത്രക്കുറിപ്പ് വ്യക്തമാക്കുന്നു.
തിങ്കളാഴ്ച രാവിലെ പാപ്പാ വിശുദ്ധ കുർബ്ബാന സ്വീകരിക്കുകയും ഉച്ചകഴിഞ്ഞ് ഔദ്യോഗികകൃത്യങ്ങളിലേക്കു കടക്കുകയും ചെയ്തുവെന്നും തൻറെ ആരോഗ്യത്തിനായി പ്രാർത്ഥിക്കാൻ ഈ ദിവസങ്ങളിൽ ഒത്തുകൂടിയ ദൈവജനത്തിനു മുഴുവനും നന്ദി പറയുന്നുവെന്നും പത്രക്കുറിപ്പിൽ കാണുന്നു.
തിങ്കളാഴ്ച രാത്രി പാപ്പാ നന്നായി വിശ്രമിച്ചുവെന്ന് ചൊവ്വാഴ്ച രാവിലെ പരിശുദ്ധസിംഹാസനത്തിൻറെ പ്രസ്സ് ഓപീസ് വെളിപ്പെടുത്തി.
ശ്വാസനാള വീക്കത്തെ തുടർന്ന് കൂടുതൽ പരിശോധനകൾക്കായി ഫെബ്രുവരി 14-ന്, വെള്ളിയാഴ്ച, ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട പാപ്പായ്ക്ക് പിന്നീട് ഇരു ശ്വാസകോശങ്ങളിലും ന്യുമോണിയ ബാധിച്ചതായി കണ്ടെത്തുകയും, തുടർന്ന് വൈദ്യസംഘം ചികിത്സയിൽ മാറ്റങ്ങൾ വരുത്തുകയും കൂടുതൽ ശക്തികൂടിയ മരുന്നുകൾ അടങ്ങിയ ചികിത്സ ആരംഭിക്കുകയും ചെയ്തു. ഇതിനിടെയാണ് പാപ്പായ്ക്ക് ശ്വാസതടസ്സം ഉണ്ടാകുകയും ഓക്സിജൻ നല്കിതുടങ്ങുകയും ചെയ്തത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: