സ്ലൊവാക്യയുടെ പ്രധാനമന്ത്രി വത്തിക്കാനിൽ!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
ഫ്രാൻസീസ് പാപ്പായും സ്ലൊവാക്യയുടെ പ്രധാനമന്ത്രി റോബെർട്ട് ഫീക്കൊയും വത്തിക്കാനിൽ കൂടിക്കാഴ്ച നടത്തി.
പതിനാലാം തീയതി വെള്ളിയാഴ്ച (14/02/25)യായിരുന്നു ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ചയെന്ന് പരിശുദ്ധസിംഹാസാനത്തിൻറെ വാർത്താവിതരണ കാര്യാലയം, അഥവാ, പ്രസ്സ് ഓഫീസ്, ഒരു പത്രക്കുറിപ്പിലൂടെ വെളിപ്പെടുത്തി. പാപ്പായും പ്രധാനമന്ത്രിയും സമ്മാനങ്ങൾ കൈമാറുകയും ചെയ്തു.
തദ്ദനന്തരം പ്രധാനമന്ത്രി റോബെർട്ട് ഫീക്കൊ വത്തിക്കാൻ സംസ്ഥാന കാര്യദർശി കർദ്ദിനാൾ പിയെത്രൊ പരോളിനും വിദേശരാജ്യങ്ങളുമായുള്ള ബന്ധങ്ങൾക്കായുള്ള വത്തിക്കാൻ കാര്യാലയത്തിൻറെ ഉപകാര്യദർശി മോൺസിഞ്ഞോർ മിറൊസ്ലാവ് വഹോവ്സ്ക്കിയുമായി സംഭാഷണത്തിലേർപ്പെട്ടു.
പരിശുദ്ധസിംഹാസനവും സ്ലൊവാക്യയും തമ്മിലുള്ള ശക്തമായ ഉഭയകക്ഷിബന്ധത്തിൽ ഇരുവിഭാഗവും സന്തുഷ്ടി പ്രകടിപ്പിക്കുകയും സാമൂഹിക ഐക്യത്തിനായുള്ള പ്രതിബദ്ധത നവീകരിക്കുകയും ചെയ്തു. നരകുലസംബന്ധിയായ പ്രശ്നങ്ങൾ, കുടുംബം, വിദ്യാഭ്യാസം, ഉക്രൈയിനിൽ സമാധാന സംസ്ഥാപനം, പലസ്തീൻ-ഇസ്രായേൽ പ്രശ്നങ്ങൾ, ഗാസയിലെ ഗുരുതരമായ മാനവിക അടിയന്തിരാവസ്ഥ എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങളും ചർച്ചാവിഷയങ്ങളായി.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: