ക്രിസ്തുവിലുള്ള വാസം നമ്മെ തുല്യ ഔന്നത്യമുള്ള സഹോദരങ്ങളാക്കുന്നു, പാപ്പാ!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
ക്രിസ്തുവിൽ വസിക്കുകയെന്നത് നമ്മെ തുല്യ ഔന്നത്യത്തോടുകൂടിയ സഹോദരങ്ങളടങ്ങുന്ന ഒരു കുടുംബമാക്കി മാറ്റുന്നുവെന്ന് മാർപ്പാപ്പാ.
രണ്ടാം വത്തിക്കാൻ സൂനഹദോസ് പുറപ്പെടുവിച്ച “ഗൗദിയും ഏത്ത് സ്പെസ്” എന്ന അജപാലനരേഖയുടെ അതേ നാമത്തിലുള്ള ഫൗണ്ടേഷൻറെ എൺപതോളം അംഗങ്ങളടങ്ങിയ സംഘത്തെ വത്തിക്കാനിൽ വെള്ളിയാഴ്ച (14/02/25) സ്വീകരിച്ചു സംബോധന ചെയ്യുകയായിരുന്നു ഫ്രാൻസീസ് പാപ്പാ.
ആവശ്യത്തിലിരിക്കുന്നവരുടെ ശാരീരികവും വിദ്യഭ്യാസപരവുമായ അവസ്ഥയും ജീവിതചുറ്റുപാടുകളും മെച്ചപ്പെടുത്തുന്നതിന് “ഗൗദിയും ഏത്ത് സ്പെസ്” അജപാലനരേഖയുടെ പ്രബോധനങ്ങൾ പിൻചെന്നുകൊണ്ട് പ്രവർത്തിക്കുന്ന ഈ ഫൗണ്ടേഷൻറെ അംഗങ്ങളെ ഇപ്പോൾ ആരംഭിച്ചിരിക്കുന്ന ഈ ജൂബിലി വത്സരത്തിൽ സ്വീകരിക്കാൻ കഴിഞ്ഞതിലുള്ള തൻറെ സന്തോഷം പാപ്പാ പ്രകടപ്പിച്ചു. ഈ ജൂബിലി നമ്മെ പ്രത്യാശയുടെ തീർത്ഥാടകരാക്കുന്നുവെന്നു പറഞ്ഞ പാപ്പാ ഈ ഫൗണ്ടേഷൻ പാവപ്പെട്ടവർക്കേകുന്ന സേവനങ്ങൾക്ക് നന്ദി പ്രകാശിപ്പിച്ചു.
ക്രിസ്തുവിൻറെ ശരീരത്തിലെ അവയവങ്ങളെന്നനിലയിൽ സാർവ്വത്രിക സാഹോദര്യത്തിനു രൂപമേകിക്കൊണ്ട്, നാം അവനോട് ഐക്യപ്പെട്ടിരിക്കുന്ന ഇടമായ സഭയുടെ സിനഡാത്മക അരുപിയുമായി യോജിച്ചിരിക്കുന്ന “ഗൗദിയും ഏത്ത് സ്പെസ്” എന്ന രേഖയെ ഇന്നു പ്രസക്തമാക്കിത്തീർക്കുന്നതാണ് ഈ ഫൗണ്ടേഷൻറെ പ്രവർത്തനങ്ങൾ എന്ന് പാപ്പാ ശ്ലാഘിച്ചു.
വിശുദ്ധ കുർബ്ബാനയിൽ പങ്കുചേർന്ന് ദിവ്യകാരുണ്യം സ്വീകരിക്കുന്നതിനെക്കുറിച്ചും ഈ ആത്മീയഭോജനം ദൈവവുമായും നമ്മുടെ സഹോദരങ്ങളുമായും കൂട്ടായ്മയിൽ ജീവിക്കാൻ നമ്മെ അനുവദിക്കുന്നതിനെക്കുറിച്ചും പരാമർശിച്ച പാപ്പാ പരിശുദ്ധാത്മാവിൻറെ ഈ കൂട്ടായ്മയുടെ ശക്തി, നമ്മെ, എല്ലാ മനുഷ്യരിലേക്കും എത്തിച്ചേരാൻ ആഗ്രഹിക്കുന്ന ദൈവസ്നേഹത്തിൻറെ ഉപകരണങ്ങളായിത്തീരുന്നതിലേക്കു നയിക്കുന്നുവെന്ന് പറഞ്ഞു. യാതനകളനുഭവിക്കുന്നവരും നിരാശയിൽ നിപതിച്ചവരുമായ നിരവധി ആളുകൾക്ക്, “ഗൗദിയും ഏത്ത് സ്പെസ്” ഫൗണ്ടേഷൻ അതിൻറെ പ്രവൃത്തനങ്ങളിലൂടെ പ്രത്യാശയുടെ കാരണമായിത്തീരുകയും സഹനത്തിലൂടെ കടന്നുപോകുന്നവർക്ക് ദൈവത്തിൻറെ തലോടലും സാന്ത്വനവും അനുഭവവേദ്യമാക്കുകയും ചെയ്യുന്നതിന് പാപ്പാ കൃതജ്ഞത പ്രകാശിപ്പിക്കുകയും ചെയ്തു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: