മനുഷ്യക്കടത്ത് ഒരു അപമാനം, മൗലികാവകാശങ്ങളുടെ ലംഘനം, പാപ്പാ!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
മനുഷ്യശരീരക്കച്ചടവും ലൈംഗിക ചൂഷണവും നിർബ്ബന്ധിത തൊഴിലും ഒരു അപമാനവും മൗലിക മനുഷ്യാവകാശങ്ങളുടെ കടുത്ത ലംഘനവുമാണെന്ന് മാർപ്പാപ്പാ.
അനുവർഷം വിശുദ്ധ ജോസഫൈൻ ബക്കീത്തയുടെ തിരുന്നാൾ ദിനമായ ഫെബ്രുവരി 8-ന് മനുഷ്യക്കടത്തിനെതിരായ പ്രാർത്ഥനാപരിചിന്തന ദിനാചരണത്തോടനുബന്ധിച്ച് ഫ്രാൻസീസ് പാപ്പാ ഈ തിന്മയ്ക്കെതിരെ പോരാടുന്ന “തലിത കും” (Talitha Kum) എന്നറിയപ്പെടുന്ന സമർപ്പിതരുടെ ആഗോള ജാലത്തിൻറെ അറുപതോളം പ്രതിനിധികളെ ഏഴാം തീയതി വെള്ളിയാഴ്ച (07/02/25) വത്തിക്കാനിൽ താൻ വസിക്കുന്ന “ദോമൂസ് സാംക്തെ മാർത്തെ” മന്ദിരത്തിൽ സ്വീകരിച്ച് സംബോധന ചെയ്യുകയായിരുന്നു.
ദശലക്ഷക്കണക്കിനാളുകളെ ഇരകളാക്കുന്ന ആഗോള പ്രതിഭാസമായ മനുഷ്യക്കടത്ത് നിർബ്ബാധം തുടരുകയാണെന്നും അതു സമൂഹത്തിൽ പുതിയ വഴികൾ കണ്ടെത്തുന്നുവെന്നും ആശങ്ക പ്രകടിപ്പിക്കുന്ന പാപ്പാ അതിനു മുന്നിൽ നമുക്ക് നിസ്സംഗത പാലിക്കാൻ കഴിയില്ലയെന്നു പറഞ്ഞു.
ഏറ്റവും ദുർബ്ബലരായ ആളുകളെ കരുവാക്കി ലാഭം കൊയ്യുന്ന ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങളെ ചെറുക്കുന്നതിന്, നാം ഒറ്റക്കെട്ടായി പോരാടുകയും എല്ലാവർക്കുമുള്ള ഉത്തരവാദിത്വത്തെക്കുറിച്ച് ഓർമ്മപ്പെടുത്തുകയും വേണമെന്ന് പാപ്പാ വ്യക്തമാക്കി. “തലിത കും” ശൃംഖലയിൽപ്പെട്ട എല്ലാ സംഘടനകൾക്കും അതിൻറെ ഭാഗമായ എല്ലാ വ്യക്തികൾക്കും സംഘാതമായി പ്രവർത്തിക്കാൻ പ്രചോദനം പകർന്ന പാപ്പാ ഇരകളെയും അതിജീവിച്ചവരെയും കേന്ദ്രസ്ഥാനത്തു നിർത്തുകയും അവരുടെ കഥകൾ കേൾക്കുകയും അവരുടെ മുറിവുകളുണക്കുന്നതിന് പരിചരിണമേകുയും അവരുടെ സ്വരം വർദ്ധമാനമാക്കുകയും ചെയ്തുകൊണ്ടാണ് ഇതു ചെയ്യേണ്ടതെന്ന് ഓർമ്മിപ്പിച്ചു.
2009-ലാണ് സന്ന്യാസിനി സമൂഹങ്ങളുടെ പൊതു ശ്രേഷ്ഠകളുടെ അന്താരാഷ്ട്ര സമിതി മനുഷ്യക്കടത്തിനെതിരെ പോരാടുകയെന്ന ലക്ഷ്യത്തോടെ “തലിത കും” (Talitha Kum) എന്ന ജാലത്തിന് രൂപം നല്കിയത. പ്രാദേശിക, ദേശീയ, അന്താരാഷ്ട്ര ഭൂഖണ്ഡാന്തര തലങ്ങളിൽ ഇത് പ്രവർത്തനനിരതമാണ്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: