കവിഞ്ഞൊഴുകുന്ന സ്നേഹത്തിൻറെ സാക്ഷികളാകുക, പാപ്പാ!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
ദൈവോന്മുഖമായും സഹോദരോന്മുഖമായുമുള്ള ഐഹിക തീർത്ഥാടനത്തിൽ നാം സ്നേഹത്താൽ ഭ്രാന്തന്മാരായിത്തീർന്നിരിക്കുന്നു എന്ന പ്രതീതിയുളവാക്കുന്ന തരത്തിലുള്ള സാക്ഷികളായിത്തീരണമെന്ന് മാർപ്പാപ്പാ.
സ്പെയിനിലെ സെവില്ലെയിൽ 4-8 വരെ ചേർന്നിരിക്കുന്ന ഭ്രാതൃസംഘങ്ങളുടെയും ജനകീയഭക്തിയുടെയും രണ്ടാം അന്താരാഷ്ട്രസമ്മേളനത്തിൻറെ കാര്യനിർവ്വാഹകസമിതിയുടെ അംഗങ്ങളടങ്ങിയ പതിനേഴംഗസംഘത്തെ ശനിയാഴ്ച (08/02/25) വത്തിക്കാനിൽ തൻറെ വാസയിടമായ “ദോമൂസ് സാംക്തെ മാർത്തെ” മന്ദിരത്തിൽ സ്വീകരിച്ച് സംബോധന ചെയ്യുകയായിരുന്നു ഫ്രാൻസീസ് പാപ്പാ.
ഈ സമ്മേളനം ഒരു പ്രാർത്ഥനാസ്തുതി ആയി ജീവിക്കാൻ കഴിയണമെന്ന് താൻ ഈ സമ്മേളനത്തിനു നല്കിയ സന്ദേശത്തിൽ ആശംസിച്ചത് പാപ്പാ അനുസ്മരിച്ചു.
ഭ്രാതൃസംഘങ്ങളുടെയും ജനകീയഭക്തിയുടെയും അന്താരാഷ്ട്രസമ്മേളനം സ്നേഹത്തിന് മൂർത്തരൂപമേകിക്കൊണ്ട് പാർപ്പിടരഹിതർക്കായി ഒരു ഭവനം പണിതീർത്തതിനെക്കുറിച്ച് സെവില്ലെ അതിരൂപതയുടെ ആർച്ചുബിഷപ്പ് (José Ángel Saiz Meneses) ഹൊസേ ആംഹെൽ സായിസ് മെനേസെസ് വെളിപ്പെടുത്തിയത് ഓർമ്മിച്ച പാപ്പാ ഈ നിർമ്മിതിയിൽ സ്നേഹിക്കുന്ന ഒരു ഹൃദയത്തിൻറെ തുടിപ്പ് എന്നും കേൾക്കാനാവട്ടെയെന്ന് ആശംസിച്ചു. ഈ ഭവനത്തിൽ പ്രകടമാകുന്ന ആദരവ്, സ്നേഹം, കരുതൽ എന്നിവയിലൂടെ സമൂഹത്തിനും അവിടെ സ്വീകരിക്കപ്പെടുന്നവർക്കും ഓരോ വ്യക്തിയുടെയും അതിദ്വീയമായ ഔന്നത്യം വീണ്ടും അംഗീകരിക്കാനാവട്ടെയുന്നും പാപ്പാ പറഞ്ഞു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: