MAP

സ്പെയിനിലെ മാഡ്രിഡിൽ നടക്കുന്ന ത്രിദിന ദേശീയ ദൈവവിളി സമ്മേളനം സ്പെയിനിലെ മാഡ്രിഡിൽ നടക്കുന്ന ത്രിദിന ദേശീയ ദൈവവിളി സമ്മേളനം 

ദൈവദത്ത ദാനങ്ങൾ പരനുപകാരപ്രദമായി വിനിയോഗിക്കുക, പാപ്പാ!

ഫ്രാൻസീസ് പാപ്പാ, മാഡ്രിഡിൽ ഈ മാസം 7-9 വരെ നടക്കുന്ന ത്രിദിന ദേശീയ ദൈവവിളി സമ്മേളനത്തിൽ പങ്കെടുക്കുന്നവർക്ക് ഒരു സന്ദേശം നല്കി.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

കർത്താവു നമുക്കു നല്കിയിട്ടുള്ള കൃപാദാനങ്ങളുടെയും പ്രകൃതിവിഭവങ്ങളുടെയും കാര്യവിചാരിപ്പുകാരായ നമ്മൾ നമുക്കു ലഭിച്ചിട്ടുള്ള താലന്തുകൾ വർദ്ധമാനമാക്കാൻ പരിശ്രമിക്കുകയും അതിൻറെ ഫലങ്ങൾ മറ്റുള്ളവരിൽ എത്തിച്ചേരാൻ വഴിയൊരുക്കുകയും ചെയ്യണമെന്ന് പാപ്പാ ഓർമ്മിപ്പിക്കുന്നു.

സ്പെയിനിലെ മാഡ്രിഡിൽ ഈ മാസം 7-9 വരെ നടക്കുന്ന ത്രിദിന ദേശീയ ദൈവവിളി സമ്മേളനത്തിൽ പങ്കെടുക്കുന്നവർക്ക് സ്പാനിഷ് ഭാഷയിൽ നല്കിയ സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പാ നാം മറ്റുള്ളവർക്കായി ജീവിക്കേണ്ടതിൻറെ പ്രാധാന്യം ചൂണ്ടിക്കാട്ടിക്കൊണ്ട് ഇപ്രകാരം ഉദ്ബോധിപ്പിക്കുന്നത്.

നാം ഭൗതികവും ആദ്ധ്യാത്മികവുമായ വിഭവങ്ങൾ പാഴാക്കിക്കളഞ്ഞുകൊണ്ട് മറ്റുള്ളവരെ നമ്മിലും ദൈവത്തിലും നിന്നകറ്റരുതെന്നും നാം  തൊഴിലിടത്തിലും കുടുംബത്തിലും പ്രേഷിതപ്രവർത്തന മേഖലയിലും സേവനത്തിലും, എവിടെ ആയിരുന്നാലും, അവിടെ നാം ദൈവത്തിൻറെ സംവാഹകരായിരിക്കണമെന്നും അതാണ് നമ്മുടെ വിളിയെന്നും പാപ്പാ പറയുന്നു.

അപരർ ആയിരിക്കണം നമ്മുടെ ജീവിതത്തിൻറെ മൂർത്തമായ ലക്ഷ്യമെന്ന് പാപ്പാ, സുവിശേഷത്തിൽ പരാമർശിക്കപ്പെട്ടിരിക്കുന്ന, സമ്പത്ത് തനിക്കുവേണ്ടി മാത്രമായി സൂക്ഷിച്ചുവച്ച ധനികനായ യുവാവിൻറെ കാര്യം സൂചിപ്പിച്ചുകൊണ്ട്,  അടിവരയിട്ടു പറയുന്നു തൻറെ സന്ദേശത്തിൽ

സ്പെയിനിലെ 70 രൂപതകളിൽ നിന്നായി 65 മെത്രാന്മാരും 120 സമർപ്പിതജീവിതസമൂഹങ്ങളുടെയും 54 പ്രസ്ഥാനങ്ങളുടെയും സംഘടനകളുടെയും വിവിധ പ്രേഷിതമേഖലകളിൽ പ്രവർത്തിക്കുന്ന 250-ഓളം വിഭാഗങ്ങളുടെയും പ്രതിനിധികളുമായി 3000-ത്തോളം പേർ മാഡ്രിഡിലെ ഈ ദൈവവിളി കോൺഗ്രസ്സിൽ സംബന്ധിക്കുന്നുണ്ട്.

 

 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

08 ഫെബ്രുവരി 2025, 12:44