MAP

ഫ്രാൻസീസ് പാപ്പാ മനുഷ്യക്കടത്തിനെതിരെ പോരാടുന്ന “തലിത കും” (Talitha Kum) ജാലത്തിൻറെ പ്രതിനിധികളുടെ കൂടെ വത്തിക്കാനിൽ ഫ്രാൻസീസ് പാപ്പാ മനുഷ്യക്കടത്തിനെതിരെ പോരാടുന്ന “തലിത കും” (Talitha Kum) ജാലത്തിൻറെ പ്രതിനിധികളുടെ കൂടെ വത്തിക്കാനിൽ  (VATICAN MEDIA Divisione Foto)

മനുഷ്യക്കടത്തിനെതിരായ പോരാട്ടത്തിൽ കൈകോർക്കുക, പാപ്പാ!

അനുവർഷം വിശുദ്ധ ജോസഫൈൻ ബക്കീത്തയുടെ തിരുന്നാൾ ദിനമായ ഫെബ്രുവരി 8-ന് ആചരിക്കപ്പെടുന്ന മനുഷ്യക്കടത്തിനെതിരായ പ്രാർത്ഥനാപരിചിന്തന ദിനത്തോടനുബന്ധിച്ച് ഫ്രാൻസീസ് പാപ്പാ ഏഴാം തീയതി വെള്ളിയാഴ്ച (07/02/25) ഒരു സന്ദേശം പുറപ്പെടുവിച്ചു.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

മനുഷ്യക്കടത്തിൻറെ എല്ലാ രൂപങ്ങൾക്കുമെതിരായ പോരാട്ടത്തിലും മാനവ ഔന്നത്യസംരക്ഷണത്തിനും വിശ്വശാന്തിപരിപോഷണത്തിനുമുള്ള സംരംഭങ്ങളിലും, പ്രാർത്ഥനാരൂപിയോടുകൂടി, തങ്ങളോട് ഒന്നു ചേരാൻ പാപ്പാ എല്ലാവരെയും, വിശിഷ്യ, സർക്കാരുകളുടെയും സംഘടനകളുടെയും പ്രതിനിധികളെയും, ക്ഷണിക്കുന്നു.

അനുവർഷം വിശുദ്ധ ജോസഫൈൻ ബക്കീത്തയുടെ തിരുന്നാൾ ദിനമായ ഫെബ്രുവരി 8-ന് ആചരിക്കപ്പെടുന്ന മനുഷ്യക്കടത്തിനെതിരായ പ്രാർത്ഥനാപരിചിന്തന ദിനത്തോടനുബന്ധിച്ച് ഏഴാം തീയതി വെള്ളിയാഴ്ച (07/02/25) പുറപ്പെടുവിച്ച സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പായുടെ ഈ ക്ഷണമുള്ളത്.

“പ്രത്യാശയുടെ ദൂതർ:മനുഷ്യക്കടത്തിനെതിരെ ഒത്തൊരുമിച്ച്” എന്നതാണ്  പതിനൊന്നാമത്തെതായ ഈ ദിനാചരണത്തിൻറെ വിചിന്തനപ്രമേയം.

മനുഷ്യക്കടത്തെന്ന ഈ ആധുനിക അടിമത്തത്തിൽ ദശലക്ഷക്കണക്കിനാളുകൾ, പ്രത്യേകിച്ച്, സ്ത്രീകളും കുട്ടികളും യുവതീയുവാക്കളും കുടിയേറ്റക്കാരും അഭയാർത്ഥികളും കുടുങ്ങിക്കിടക്കുമ്പോൾ എങ്ങനെ പ്രത്യാശ വളർത്തിയെടുക്കാൻ കഴിയും? മനുഷ്യാവയവങ്ങളുടെയും കോശങ്ങളുടെ വ്യാപാരം, ആൺകുട്ടികളെയും പെൺകുട്ടികളെയും ലൈംഗികമായി ചൂഷണം ചെയ്യൽ, വേശ്യാവൃത്തി ഉൾപ്പെടെയുള്ള നിർബന്ധിത തൊഴിൽ, മയക്കുമരുന്ന് കടത്ത്, ആയുധക്കടത്ത് എന്നിവയ്‌ക്കെതിരെ പോരാടുന്നതിന് നമുക്ക് എപ്പോഴും എവിടെ നിന്ന് പുതിയൊരു പ്രചോദനം ഉൾക്കൊള്ളാൻ കഴിയും ഇത്യാദി ചോദ്യങ്ങൾ ഉന്നയിക്കുന്ന പാപ്പാ  മനുഷ്യക്കടത്തെന്ന തിന്മയ്ക്കെതിരെ പോരാടുന്ന യുവത ഇതിനു നമുക്ക് മാതൃകയേകുന്നുവെന്ന് പറയുന്നു.

പ്രത്യാശയുടെ ദൂതന്മാരായി മാറണമെന്നും, സ്ഥിരതയോടും സ്നേഹത്തോടും കൂടി ഒരുമിച്ച് പ്രവർത്തിക്കണമെന്നും  ഇരകളോടും അതിജീവിച്ചവരോടും ഒപ്പം നിൽക്കണമെന്നും അതിലുപരി, മനുഷ്യക്കടത്തിന് ഇരകളായവരോടുള്ള സാമീപ്യം സഹാനുഭൂതി എന്നിവയോടുകൂടി അവരെ ശ്രവിക്കണമെന്നും അവർ നമ്മെ പഠിപ്പിക്കുന്നുവെന്ന് പാപ്പാ കൂട്ടിച്ചേർക്കുന്നു.

മനുഷ്യക്കടത്ത് എന്നത് സങ്കീർണ്ണവും നിരന്തരം വ്യാപകമായികൊണ്ടിരിക്കുന്നതുമായ ഒരു പ്രതിഭാസമാണെന്നും യുദ്ധങ്ങൾ, സംഘർഷങ്ങൾ, ക്ഷാമങ്ങൾ, കാലാവസ്ഥാ വ്യതിയാനത്തിൻറെ അനന്തരഫലങ്ങൾ എന്നിവ ഇതിന് ആക്കം കൂട്ടുന്നുവെന്നും പറയുന്ന പാപ്പാ അതിനാൽ ആഗോളതലത്തിലുള്ള പ്രതികരണങ്ങളും പൊതുവായ പ്രതിരോധയത്നങ്ങളും എല്ലാ തലങ്ങളിലും ആവശ്യമാണെന്ന് വ്യക്തമാക്കുന്നു.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

07 ഫെബ്രുവരി 2025, 12:49