MAP

ഒരുമയിൽ യാത്ര ചെയ്യുക ഒരുമയിൽ യാത്ര ചെയ്യുക 

ഏകാന്തപഥികരല്ല സംഘാതയാത്രികരാകുക ക്രൈസ്തവരുടെ വിളി, പാപ്പാ!

ഫ്രാൻസീസ് പാപ്പായുടെ ഇക്കൊല്ലത്തെ നോമ്പുകാല സന്ദേശം പ്രകാശിതമായി. “പ്രത്യാശയോടെ നമുക്ക് ഒരുമിച്ച് നടക്കാം” എന്ന ശീർഷകത്തിലുള്ളതാണ് ഈ സന്ദേശം.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ക്രിസ്തുവിൻറെ പെസഹാ ജയം വലിയ സന്തോഷത്തോടെ ആഘോഷിക്കാൻ കഴിയുന്നതിനായി നമ്മുടെ ഹൃദയങ്ങളെ ഒരുക്കാനും ദൈവകൃപയ്ക്ക് നമ്മെത്തന്നെ തുറന്നുകൊടുക്കാനും അമ്മയും ഗുരുനാഥയുമായ സഭ നമ്മെ ക്ഷണിക്കുന്നുവെന്ന് മാർപ്പാപ്പാ.

“പ്രത്യാശയോടെ നമുക്ക് ഒരുമിച്ച് നടക്കാം” എന്ന ശീർഷകത്തിൽ ചൊവ്വാഴ്ച (25/02/25) പരസ്യപ്പെടുത്തിയ ഫ്രാൻസീസ് പാപ്പായുടെ ഇക്കൊല്ലത്തെ നോമ്പുകാല സന്ദേശത്തിലാണ് ഈ ഓർമ്മപ്പെടുത്തൽ ഉള്ളത്.

ജൂബിലി വർഷത്തിൻറെ കൃപയാൽ സമ്പന്നമാണ് ഈ നോമ്പുകാലമെന്ന് അനുസ്മരിച്ചുകൊണ്ട് പാപ്പാ, പ്രത്യാശയോടെ ഒരുമിച്ച് നടക്കുക എന്നതിൻറെ പൊരുൾ എന്താണെന്ന്, നടക്കുക, ഒത്തൊരുമിച്ച്, പ്രത്യാശയോടെ എന്നീ മൂന്നു പദങ്ങൾ വിശകലനവിധേയമാക്കിക്കൊണ്ട് ഈ സന്ദേശത്തിൽ വിശദീകരിക്കുന്നു.

ഒത്തൊരുമിച്ചു നടക്കുകയും ദൈവത്തിൻറെ കരുണ നമ്മോട്, വ്യക്തികളോടും സമൂഹത്തോടും നടത്തുന്ന ഹൃദയപരിവർത്തനാഹ്വാനങ്ങൾ കണ്ടേത്തുകയും ചെയ്യേണ്ടതിൻറെ ആവശ്യകത പാപ്പാ ഈ സന്ദേശത്തിൽ ഊന്നിപ്പറയുന്നു.

നടക്കുക എന്ന പദത്തെക്കുറിച്ചു പരാമർശിക്കവെ പാപ്പാ ഇപ്പോൾ ആചരിക്കപ്പെടുന്ന ജൂബിലിയുടെ "പ്രത്യാശയുടെ തീർത്ഥാടകർ" എന്ന ആപ്തവാക്യം അനുസ്മരിക്കുകയും അത് പുറപ്പാടിൻറെ പുസ്തകത്തിൽ വിവരിച്ചിരിക്കുന്ന വാഗ്ദത്ത ദേശത്തേക്കുള്ള ഇസ്രായേൽ ജനതയുടെ അടിമത്തത്തിൽ നിന്ന് സ്വാതന്ത്ര്യത്തിലേക്കുള്ള ദുഷ്കരമായ ദീർഘയാത്രയെ ഓർമ്മിപ്പിക്കുന്നുവെന്ന് വിശദീകരിക്കുകയും ചെയ്യുന്നു.

ബൈബിളിൽ വിവരിക്കുന്ന ഈ പലായനത്തെക്കുറിച്ചോർക്കുമ്പോൾ, ഇന്ന് ദാരിദ്ര്യത്തിൻറെയും അക്രമത്തിൻറെയും സാഹചര്യങ്ങളിൽ നിന്ന് രക്ഷപെട്ട് തങ്ങൾക്കും പ്രിയപ്പെട്ടവർക്കും മെച്ചപ്പെട്ട ജീവിതം തേടി പോകുന്ന നിരവധി സഹോദരീസഹോദരന്മാരെക്കുറിച്ച് ചിന്തിക്കാതിരിക്കാൻ നമുക്കാവില്ലയെന്നും ഇവിടെ മാനസാന്തരത്തിനുള്ള ആദ്യ ആഹ്വാനം ഉയരുന്നുവെന്നും പാപ്പാ പറയുന്നു.

സംഘാതസഞ്ചാരത്തെക്കുറിച്ചു വിശദീകരിക്കുന്ന പാപ്പാ ഒരുമിച്ചു നടക്കുകയെന്നത്, സിനഡാത്മകത പുലർത്തുക എന്നത് സഭയുടെ വിളിയാണെന്നും ക്രിസ്ത്യാനികൾ ഏകാന്തസഞ്ചാരികളല്ല, പ്രത്യുത, ഒരുമിച്ച് യാത്ര ചെയ്യാൻ വിളിക്കപ്പെട്ടിരിക്കുന്നവരാണെന്നും  ഉദ്ബോധിപ്പിക്കുന്നു.

പരിശുദ്ധാത്മാവ് നമ്മെ നമ്മിൽ നിന്ന് പുറത്തുകടന്ന് ദൈവത്തിലേക്കും നമ്മുടെ സഹോദരന്മാരിലേക്കും പോകാൻ പ്രേരിപ്പിക്കുന്നുവെന്നും നാം നമ്മെ നമ്മിൽത്തന്നെ ഒരിക്കലും അടച്ചുപൂട്ടിയിടരുതെന്നും ഒരുമിച്ചു നടക്കുക എന്നതിനർത്ഥം ദൈവമക്കളുടെ പൊതു ഔന്നത്യത്തിൽ നിന്നാരംഭിച്ച് ഐക്യത്തിൻറെ നെയ്ത്തുകാരായിരിക്കുക എന്നാണെന്നും പാപ്പാ പറയുന്നു. അതിനർത്ഥം പരസ്പരം ചവിട്ടിമെതിക്കാതെയും അടിച്ചമർത്താതെയും, അസൂയയോ കാപട്യമോ വെച്ചുപുലർത്താതെയും, ആരെയും പിന്നിലേക്ക് തള്ളിക്കളയാതെയും ഒഴിവാക്കാതെയും ഒരുമിച്ച് മുന്നേറുക എന്നാണെന്നും പാപ്പാ കൂട്ടിച്ചേർക്കുന്നു. പരസ്പരം സ്നേഹത്തോടെയും ക്ഷമയോടെയും പരസ്പരം ശ്രവിച്ചുകൊണ്ട് ഒരേ ദിശയിൽ, ഒരേ ലക്ഷ്യത്തിലേക്ക് നീങ്ങാൻ പാപ്പാ എല്ലാവർക്കും പ്രചോദനം പകരുന്നു.

നിരാശപ്പെടുത്താത്ത പ്രത്യാശയിലായിരിക്കണം ഈ മുന്നേറ്റമെന്നു പറയുന്ന പാപ്പാ ഇവിടെ മാനസാന്തരത്തിൻറെ വിളി ഉയരുന്നുവെന്നും നീതിക്കും സാഹോദര്യത്തിനും പൊതുഭവനത്തിൻറെ പരിപാലനത്തിനും വേണ്ടി പ്രവർത്തിച്ചുകൊണ്ട് പ്രത്യാശ മൂർത്തമായി ജീവിക്കാൻ നാം വിളിക്കപ്പെടുന്നുവെന്നും വിശദീകരിക്കുന്നു.

ഈ നോമ്പുകാലയാത്രയിൽ പ്രത്യാശയുടെ മാതാവയ കന്യകാമറിയത്തിൻറെ മാദ്ധ്യസ്ഥ്യവും തുണയും നമുക്കുണ്ടാകട്ടെയെന്ന് പാപ്പാ പ്രാർത്ഥിക്കുകയും ചെയ്യുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

25 ഫെബ്രുവരി 2025, 13:01