MAP

ലോക പ്രേഷിതദിനം - 2025 ഒക്ടോബർ 19 ലോക പ്രേഷിതദിനം - 2025 ഒക്ടോബർ 19 

ക്രൈസ്തവർ, പ്രത്യാശയുടെ സംവാഹകരും ശില്പികളുമാകാൻ വിളിക്കപ്പെട്ടവർ, പാപ്പാ!

ഇക്കൊല്ലം ഒക്ടോബർ 19-ന് ആചരിക്കപ്പെടുന്ന തൊണ്ണൂറ്റിയൊമ്പതാം ലോക പ്രേഷിതദിനത്തിനുള്ള സന്ദേശം ഫ്രാൻസീസ് പാപ്പാ വ്യാഴാഴ്ച (06/02/25) പുറപ്പെടുവിച്ചു. “ജനതകൾക്കിടയിൽ പ്രത്യാശയുടെ പ്രേഷിതർ” എന്ന പ്രമേയം അവലംബമാക്കിയുള്ളതാണ് ഈ സന്ദേശം.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

തങ്ങൾ കണ്ടുമുട്ടുന്നവരുടെ ജീവിതാവസ്ഥകളിൽ, ക്രിസ്തുവിൻറെ കാലടികൾ പിൻചെന്ന്, മൂർത്തമായി പങ്കുചേരുകയും സുവിശേഷം പകർന്നു നല്കുകയും ചെയ്തുകൊണ്ട് പ്രത്യാശയുടെ സംവാഹകരും ശില്പികളുമാകക വിളിക്കപ്പെട്ടവരാണ് ക്രൈസ്തവരെന്ന് മാർപ്പാപ്പാ ഓർമ്മിപ്പിക്കുന്നു.

ഇക്കൊല്ലം ഒക്ടോബർ 19-ന് ആചരിക്കപ്പെടുന്ന തൊണ്ണൂറ്റിയൊമ്പതാം ലോക പ്രേഷിതദിനത്തിന് ആറാം തീയതി വ്യാഴാഴ്ച (06/02/25) നല്കിയ സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പായുടെ ഈ ഓർമ്മപ്പെടുത്തൽ ഉള്ളത്.

“ജനതകൾക്കിടയിൽ പ്രത്യാശയുടെ പ്രേഷിതർ” എന്ന വിചിന്തന പ്രമേയം ഈ പ്രത്യാശയുടെ ജൂബിലി വർഷത്തിലെ പ്രേഷിതദിനാചരണത്തിന് താൻ തിരഞ്ഞെടുത്തിരിക്കുന്നതിനെക്കുറിച്ച് ഈ സന്ദേശത്തിൻറെ തുടക്കത്തിൽ അനുസ്മരിക്കുന്ന  പാപ്പാ, ഈ ആപ്തവാക്യം, ക്രിസ്തുവിൻറെ ക്രിസ്തുവിൻറെ കാലടികൾ പിൻചെന്നുകൊണ്ട് പ്രത്യാശയുടെ സന്ദേശവാഹകരും നിർമ്മാതാക്കളും ആയിരിക്കുകയെന്ന മൗലികവിളിയെക്കുറച്ച് ഓരോ ക്രിസ്തുവിശ്വാസിയെയും മാമ്മോദീസാസ്വീകരിച്ചവരുടെ സമൂഹമായ സഭയെയും ഓർമ്മപ്പെടുത്തുന്നുവെന്നു വിശദീകരിക്കുന്നു.

ഒരു വശത്ത് പീഡനങ്ങളും, ക്ലേശങ്ങളും, ബുദ്ധിമുട്ടുകളും, മറുവശത്ത്, സഭാംഗങ്ങളുടെ ബലഹീനതകൾ മൂലമുള്ള സ്വന്തം അപൂർണ്ണതകളും വീഴ്ചകളും നേരിടേണ്ടിവന്നാലും, ക്രിസ്തുവിൻറെ സ്നേഹത്താൽ നിരന്തരം ഉത്തേജിപ്പിക്കപ്പെട്ട് അവനോടുള്ള ഐക്യത്തിൽ സഭ ഈ പ്രേഷിതയാത്രയിൽ മുന്നേറുന്നുവെന്ന് പാപ്പാ പറയുന്നു.

ഏറ്റവും ദരിദ്രരും ദുർബ്ബലരും, രോഗികളും, പ്രായമായവരും, ഭൗതികവും ഉപഭോക്തൃപരവുമായ സമൂഹം ഒഴിവാക്കിയിരിക്കുന്നവരുമായവർക്ക് സവിശേഷ ശ്രദ്ധ നൽകിക്കൊണ്ട് സാമീപ്യം കാരുണ്യം ആർദ്രത എന്നിവയടങ്ങിയ ദൈവികശൈലിയിൽ അതു ചെയ്യണമെന്നും പാപ്പാ ഓർമ്മിപ്പിക്കുന്നു. സുവിശേഷവത്ക്കരണം ഒരു സംഘാതപ്രക്രിയയും ക്രിസ്തീയ പ്രത്യാശയുടെ സ്വഭാവവും ആണെന്നു് ഫ്രാൻസീസ് പാപ്പാ, ബെനഡിക്ട് പതിനാറാമൻ പാപ്പായുടെ വാക്കുകൾ ഉദ്ധരിച്ചുകൊണ്ട് വിശദീകരിക്കുന്നു.

ഇന്ന് പ്രത്യാശയുടെ ദൗത്യം അടിയന്തിരപ്രാധാന്യം അർഹിക്കുന്ന ഒന്നാണെന്ന് അനുസ്മരിക്കുന്ന പാപ്പാ, ക്രിസ്തുശിഷ്യർ പ്രഥമതഃ വിളിക്കപ്പെട്ടിരിക്കുന്നത് പ്രത്യാശയുടെ "ശില്പികളും" പലപ്പോഴും സംഭ്രാന്തവും അസന്തുഷ്ടവുമായ മാനവരാശിയുടെ സമുദ്ധാരകരും ആകാൻ എങ്ങനെ സാധിക്കും എന്നു സ്വയം കണ്ടെത്താനാണെന്ന് പറയുന്നു.

പതിനൊന്നാം പീയൂസ് പാപ്പാ 1926 ഏപ്രിൽ 14-നാണ് ലോക പ്രേഷിതദിനാചരണം സഭയിൽ ഏർപ്പെടുത്തിയത്. അനുവർഷം ഒക്ടോബർ മാസത്തിലെ ഉപാന്ത്യ ഞായറാഴ്ചയാണ് ഇത് ആചരിക്കപ്പെടുന്നത്.

 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

07 ഫെബ്രുവരി 2025, 12:30