സുവിശേഷ സത്യം പ്രഘോഷിക്കുന്നതിന് ധൈര്യമുള്ളവരായിരിക്കുക, പാപ്പാ!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
യഥാർത്ഥ പാരമ്പര്യത്തോടു വിശ്വസ്ത പുലർത്തുകയും, എന്നാൽ കാലത്തിൻറെ അടയാളങ്ങൾ വായിക്കുന്നതിൽ തുറവുകാട്ടുകയും ചെയ്തുകൊണ്ട്, സഭയുടെ ദൗത്യത്തിൽ സഹകരിക്കുന്നതിൽ സ്ഥിരോത്സാcഹം കാണിക്കാനും, ക്രിസ്തുവിൻറെ സന്ദേശം ലോകത്തിൽ പ്രചരിപ്പിക്കാനും പാപ്പാ പ്രചോദനം പകരുന്നു.
വടക്കുകിഴക്കെ ഇറ്റലിയെന്നും അറിയപ്പെടുന്ന പ്രദേശമായ ത്രിവേനെത്തൊയിൽ, ഉള്ള ദൈവശാസ്ത്ര വിദ്യാപീഠത്തിൻറെ ഇരുപതാം സ്ഥാപനവാർഷികത്തോടനുബന്ധിച്ച് അയച്ച കത്തിലാണ് ഫ്രാൻസീസ് പാപ്പായുടെ ഈ പ്രോത്സാഹന വചസ്സുകൾ ഉള്ളത്.
ഇന്നത്തെ മനുഷ്യന് സുവിശേഷ സത്യം എത്തിച്ചുകൊടുക്കുന്നതിന് മുന്നിൽ ഉയരുന്ന വെല്ലുവിളികളെ സധൈര്യം സ്വീകരിക്കുക എന്നതാണ് ഇതിനർത്ഥമെന്നും പാപ്പാ കത്തിൽ വ്യക്തമാക്കുന്നു.
ഈ ദൗത്യം നിർവ്വഹിക്കണമെങ്കിൽ ഈ ദൈവശാസ്ത്ര വിദ്യാപീഠം ദൈവവിജ്ഞാനീയപരമായ പഠനത്തിലൂടെയും ഗഹനമായ വിശകലനങ്ങളിലൂടെയും മാത്രമല്ല ഒരോരുത്തരുടെയും ക്രിസ്തീയ സാക്ഷ്യത്തിലൂടെയും എന്നും ഒരു പരിശീലന വേദിയായി നിലകൊള്ളേണ്ടിയിരിക്കുന്നുവെന്ന് പാപ്പാ ഓർമ്മിപ്പിക്കുന്നു. ദൈവം ഉറവിടമായുള്ള സത്യത്തിൻറെയും നന്മയുടെയും സൗന്ദര്യത്തിൻറെയും അടിത്തറയിന്മേൽ സ്വയം കെട്ടിപ്പടുക്കുന്നതിന് യുവതയെ സഹായിക്കാൻ അദ്ധ്യാപകർക്ക് കഴിയട്ടെയെന്ന് പാപ്പാ ആശംസിക്കുകയും ചെയ്യുന്നു.
ത്രിവേനെത്തൊയിലെ കത്തോലിക്കാമെത്രാൻസംഘത്തിൻറെ ഹിതാനുസാരം 2005-ലാണ് ത്രിവേനെത്തൊ ദൈവശാസ്ത്ര വിദ്യാപീഠം ആരംഭിച്ചത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: