MAP

പാപ്പാ: കല, വേദനയെ പ്രത്യാശയായി രൂപാന്തരപ്പെടുത്തുന്ന ആവശ്യകത!

കലാകാരന്മാരുടെയും സാംസ്കാരികലോകത്തിൻറെയും ജൂബിലി ആചരണ ദിവ്യബലി ഞായറാഴ്ച (16/02/25) വത്തിക്കാനിൽ വിശുദ്ധ പത്രോസിൻറെ ബസിലിക്കയിൽ അർപ്പിക്കപ്പെട്ടു. തദ്ദവസരത്തിൽ പാപ്പായുടെ സുവിശേഷ സന്ദേശം വായിക്കപ്പെട്ടു. കലാകാരന്മാരുടെയും സാംസ്കാരികലോകത്തു പ്രവർത്തിക്കുന്നവരുടെയും ദൗത്യം പാപ്പാ സുവിശേഷ സൗഭാഗ്യങ്ങളെ അവലംബമാക്കി ആ സന്ദേശത്തിൽ അടിവരയിട്ടു കാട്ടുന്നു.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

പ്രത്യാശയുടെ ജൂബിലിവത്സരാചരണത്തോടനുബന്ധിച്ച് ഫെബ്രുവരി 15-18 വരെ തീയതികളിൽ കലാകാരന്മാരുടെയും സാംസ്കാരികലോകത്തിൻറെയും ജൂബിലി ആചരണം നടക്കുന്നു. ആകയാൽ, ഈ ഞായാറാഴ്ച (16/02/25) അവർക്കുവേണ്ടി വത്തിക്കാനിൽ വിശുദ്ധ പത്രോസിൻറെ ബസിലിക്കയിൽ സാഘോഷമായ ദിവ്യബലി അർപ്പിക്കപ്പെട്ടു. ഈ വിശുദ്ധ കുർബ്ബാനയിൽ, മുഖ്യകാർമ്മികനാകേണ്ടിയിരുന്ന ഫ്രാൻസീസ് പാപ്പാ റോമിലെ ജെമേല്ലി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനാൽ, സാംസ്കാരിക-വിദ്യഭ്യാസകാര്യങ്ങൾക്കായുള്ള വത്തിക്കാൻ വിഭാഗത്തിൻറെ പ്രീഫെക്ട് കർദ്ദിനാൾ ജൊസേ തുവെന്തീനൊ ദ് മെന്തോൺസ്  ആയിരുന്നു മുഖ്യ കാർമ്മികൻ.  ഞായറാഴ്ച പ്രാദേശികസമയം, രാവിലെ 10 മണിക്ക്, ഇന്ത്യയിലെ സമയം ഉച്ചതിരിഞ്ഞ് 2.30-ന് ദിവ്യബലി ആരംഭിച്ചു. ആമുഖപ്രാർത്ഥനകൾക്കും ദൈവവചന പാരായണത്തിനും ശേഷം സുവിശേഷപ്രഭാഷണമായിരുന്നു. ദിവ്യബലിയിൽ വായിക്കപ്പെട്ട ലൂക്കായുടെ സുവിശേഷം ആറാം അദ്ധ്യായം 17-ും 20-26 വരെയുമുള്ള വാക്യങ്ങൾ, അതായത്, ശിഷ്യന്മാരും തന്നെ ശ്രവിക്കുന്നതിനും രോഗശാന്തി നേടുന്നതിനുമായി വിവിധ സ്ഥലങ്ങളിൽ നിന്നെത്തിയ ജനങ്ങളുമടങ്ങിയ വലിയ ഒരു സമൂഹത്തോട്  യേശു, സുവിശേഷസൗഭാഗ്യങ്ങൾ അരുളിച്ചെയുന്ന ഭാഗം, ആയിരുന്നു വിചിന്തനത്തിന് ആധാരം. ഈ ദിവ്യബലിയ്ക്കായി പാപ്പാ തയ്യാറാക്കിയിരുന്ന സുവിശേഷപ്രസംഗം കർദ്ദിനാൾ മെന്തോൺസ് വായിക്കുകയായിരുന്നു:

സുവിശേഷസൗഭാഗ്യങ്ങൾ അരുളിച്ചെയുന്ന യേശു:ഭാഗ്യവാന്മാർ

നാം ഇപ്പോൾ ശ്രവിച്ച സുവിശേഷത്തിൽ, യേശു തൻറെ ശിഷ്യന്മാരുടെയും ഒരു വലിയ ജനക്കൂട്ടത്തിൻറെയും മുമ്പാകെ സുവിശേഷസൗഭാഗ്യങ്ങൾ പ്രഖ്യാപിക്കുന്നു. അവ നമ്മൾ പലവുരു കേട്ടിട്ടുണ്ട്, എന്നിട്ടും അവ നമ്മെ അത്ഭുതപ്പെടുത്തിക്കൊണ്ടേയിരിക്കുന്നു: "ദരിദ്രരേ, നിങ്ങൾ ഭാഗ്യവാന്മാർ, എന്തെന്നാൽ ദൈവരാജ്യം നിങ്ങളുടേതാണ്. ഇപ്പോൾ വിശപ്പനുഭവിക്കുന്നവരേ, നിങ്ങൾ ഭാഗ്യവാന്മാർ, എന്തെന്നാൽ നിങ്ങൾ തൃപ്തരാക്ക്പ്പെടും." "ഇപ്പോൾ കരയുന്നവരേ നിങ്ങൾ ഭാഗ്യവാന്മാർ, എന്തെന്നാൽ നിങ്ങൾ ചിരിക്കും" (ലൂക്കാ 6:20-21). ഈ വാക്കുകൾ ലോകത്തിൻറെ യുക്തിയെ തകിടം മറിക്കുകയും, കാഴ്ചകൾക്കപ്പുറം കാണുകയും, ദുർബ്ബലതയിലും കഷ്ടപ്പാടിലും പോലും സൗന്ദര്യം തിരിച്ചറിയുകയും ചെയ്യുന്ന ദൈവത്തിൻറെ നോട്ടത്തോടെ, നൂതന നയനങ്ങളാൽ യാഥാർത്ഥ്യത്തെ നോക്കാൻ നമ്മെ ക്ഷണിക്കുകയും ചെയ്യുന്നു.

"നിങ്ങൾക്കു ദുരിതം"

രണ്ടാം ഭാഗത്തിൽ കഠിനവും താക്കീതേകുന്നതുമായ വാക്കുകൾ അടങ്ങിയിരിക്കുന്നു: “സമ്പന്നരേ, നിങ്ങൾക്ക് ദുരിതം, എന്തെന്നാൽ നിങ്ങളുടെ ആശ്വാസം നിങ്ങൾക്കു ലഭിച്ചുകഴിഞ്ഞു. ഇപ്പോൾ സംതൃപ്തരായി കഴിയുന്നവരേ നിങ്ങൾക്കു ദുരിതം; നിങ്ങൾക്കു വിശക്കും. ഇപ്പോൾ ചിരിക്കുന്നവരേ നിങ്ങൾക്ക് ദുരിതം; നിങ്ങൾ ദുഃഖിച്ചു കരയും” (ലൂക്കാ 6:24-25). "നിങ്ങൾ ഭാഗ്യവാന്മാർ"  "നിങ്ങൾക്കു ദുരിതം" എന്നിവ തമ്മിലുള്ള വൈരുദ്ധ്യം, നാം നമ്മുടെ സുരക്ഷിതത്വം എവിടെയാണ് അർപ്പിക്കുന്നത് എന്ന് വിവേചിച്ചറിയേണ്ടതിൻറെ പ്രാധാന്യത്തെക്കുറിച്ച് നമ്മെ ഓർമ്മിപ്പിക്കുന്നു.

സൗഭാഗ്യങ്ങളുടെ വിപ്ലവാത്മക ദർശനം

കലാകാരന്മാരും സാംസ്കാരിക പ്രവർത്തകരുമായ നിങ്ങളെല്ലാവരും, സൗഭാഗ്യങ്ങളുടെ വിപ്ലവാത്മക വീക്ഷണത്തിൻറെ സാക്ഷികളാകാൻ വിളിക്കപ്പെട്ടിരിക്കുന്നു. നിങ്ങളുടെ ദൗത്യം സൗന്ദര്യം സൃഷ്ടിക്കുക മാത്രമല്ല, ചരിത്രത്തിൻറെ മടക്കുകളിൽ മറഞ്ഞിരിക്കുന്ന സത്യവും നന്മയും സൗന്ദര്യവും വെളിപ്പെടുത്തുകയും ശബ്ദമില്ലാത്തവർക്ക് ശബ്ദമേകുകയും വേദനയെ പ്രത്യാശയാക്കി മാറ്റുകയും ചെയ്യുകയുമാണ്.

പ്രതിസന്ധികളുടെ ലോകവും കലാകാരൻറെ കടമയും

സാമ്പത്തികവും സാമൂഹികവുമായ സങ്കീർണ്ണമായ ഒരു പ്രതിസന്ധിയുടെ കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്, സർവ്വോപരി, അത് ആത്മാവിൻറെ പ്രതിസന്ധിയാണ്, പൊരുളിൻറെ പ്രതിസന്ധിയാണ്. സമയത്തെക്കുറിച്ചും യാത്രാമാർഗ്ഗത്തെക്കുറിച്ചും നമ്മൾ ചോദ്യമുയർത്തുന്നു. നമ്മൾ തീർത്ഥാടകരാണോ അതോ നാടോടികളാണോ? നമ്മൾ ഒരു ലക്ഷ്യത്തോടെയാണോ നടക്കുന്നത് അതോ ലക്ഷ്യബോധമില്ലാതെ അലഞ്ഞുതിരിയുകയാണോ? കലാകാരനെന്നാൽ മനുഷ്യരാശിയെ അതിൻറെ ദിശ നഷ്ടപ്പെടാതിരിക്കാനും, പ്രതീക്ഷയുടെ ചക്രവാളം നഷ്ടപ്പെടാതിരിക്കാനും സഹായിക്കുക എന്ന കടമയുള്ള വ്യക്തിയാണ്.

യഥാർത്ഥ പ്രത്യാശ 

എന്നാൽ ശ്രദ്ധിക്കുക: എളുപ്പമുള്ളതും, ഉപരിപ്ലവവും, അമൂർത്തവുമായ ഒരു പ്രത്യാശയല്ല വിവക്ഷ. ഇല്ല! യഥാർത്ഥ പ്രത്യാശ മാനവാസ്തിത്വ നാടകവുമായി ഇഴചേർന്നിരിക്കുന്നു. അത് സുഖകരമായ ഒരു അഭയസ്ഥാനമല്ല, മറിച്ച് ദൈവവചനം പോലെ ജ്വലിക്കുകയും പ്രകാശിപ്പിക്കുകയും ചെയ്യുന്ന ഒരു അഗ്നിയാണ്. ഇക്കാരണത്താൽ, അധികൃത കല എപ്പോഴും നിഗൂഢതയുമായുള്ള, നമ്മെ മറികടക്കുന്ന സൗന്ദര്യവുമായുള്ള, നമ്മെ ചോദ്യം ചെയ്യുന്ന വേദനയുമായുള്ള, നമ്മെ വിളിക്കുന്ന സത്യവുമായുള്ള കൂടിക്കാഴ്ചയാണ്. അല്ലാത്ത പക്ഷം, "ദുരിതം"! കർത്താവ് തൻറെ മുന്നറിയിപ്പിൽ കാർക്കശ്യമുള്ളവനാണ്.

വിവേചനബുദ്ധിയുടെ അനിവാര്യത

കവി ജെറാർഡ് മാൻലി ഹോപ്കിൻസ് എഴുതിയതുപോലെ, "ലോകം ദൈവ മഹത്വത്താൽ നിറഞ്ഞിരിക്കുന്നു. അത് ഇളകുന്ന തളികയുടെ തിളക്കം പോലെ വിളങ്ങും." ഇതാണ് കലാകാരൻറെ ദൗത്യം: മറഞ്ഞിരിക്കുന്ന ആ മഹത്വം കണ്ടെത്തുകയും വെളിപ്പെടുത്തുകയും ചെയ്യുക, അത് നമ്മുടെ കണ്ണുകൾക്കും ഹൃദയങ്ങൾക്കും ഗ്രഹിക്കാൻ കഴിയുന്നതാക്കുക. അതേ കവി ലോകത്തിൽ ഒരു "ഈയത്തിൻറെ മുഴക്ക"വും "സ്വർണ്ണത്തിൻറെ മുഴക്ക"വും കേട്ടിരുന്നു. കലാകാരൻ ഈ അനുരണനങ്ങളോട് സംവേദനക്ഷമതയുള്ളവനാണ്, തൻറെ സൃഷ്ടികളിലൂടെ അവൻ വിവേചനബുദ്ധി ഉപയോഗിക്കുകയും ഈ ലോകത്തിലെ സംഭവങ്ങളുടെ വ്യത്യസ്ത പ്രതിധ്വനികൾ വേർതിരിച്ചറിയാൻ മറ്റുള്ളവരെ സഹായിക്കുകയും ചെയ്യുന്നു. സംസ്കാരികപ്രവർത്തകരായ സ്ത്രീപുരുഷന്മാർ ഈ പ്രതിധ്വനികൾ വിലയിരുത്താനും അവ നമുക്ക് വിശദീകരിച്ചുനല്കാനും അവ നമ്മെ നയിക്കുന്ന പാതയെ പ്രകാശിപ്പിക്കാനും വിളിക്കപ്പെട്ടിരിക്കുന്നു: അവ ജലകന്യകളുടെ വശീകരണ ഗീതങ്ങളായിക്കൊള്ളട്ടെ അല്ലെങ്കിൽ, നമ്മുടെ യഥാർത്ഥ മാനവികതയുടെ വിളികളായിക്കൊള്ളട്ടെ. "കാറ്റ് പറത്തിക്കളയുന്ന പതിർ" പോലെയുള്ളതും "നീർത്തോടുകളുടെ അരികെ നട്ടിരിക്കുന്ന ഒരു വൃക്ഷം പോലെ" ഉറച്ചതും ഫലം കായ്ക്കാൻ കഴിവുള്ളതും തമ്മിൽ വേർതിരിച്ചറിയാൻ നിങ്ങൾക്ക് ജ്ഞാനം ഉണ്ടായിരിക്കണം (സങ്കീർത്തനങ്ങൾ 1:3-4 കാണുക).

 കലാകാരൻറെ ദൗത്യം

പ്രിയപ്പെട്ട കലാകാരന്മാരേ, ലോകത്തിൻറെ മുറിവുകളിലേക്ക് കുനിയാൻ അറിയാവുന്നതും ദരിദ്രരുടെയും, കഷ്ടപ്പെടുന്നവരുടെയും, മുറിവേറ്റവരുടെയും, തടവിലാക്കപ്പെട്ടവരുടെയും, പീഡിപ്പിക്കപ്പെട്ടവരുടെയും, അഭയാർത്ഥികളുടെയും നിലവിളി കേൾക്കാൻ അറിയുന്നതുമായ സൗന്ദര്യത്തിൻറെ സംരക്ഷകരെ ഞാൻ നിങ്ങളിൽ കാണുന്നു. സുവിശേഷസൗഭാഗ്യങ്ങളുടെ സംരക്ഷകരെ ഞാൻ നിങ്ങളിൽ ദർശിക്കുന്നു! പുതിയ മതിലുകൾ ഉയർന്നുവരുന്ന ഒരു യുഗത്തിലാണ് നമ്മുടെ വാസം, അതിൽ വ്യത്യാസങ്ങൾ പരസ്പര സമ്പന്നതയ്ക്കുള്ള അവസരമാകുന്നതിനുപകരം വിഭജനത്തിനുള്ള കാരണമായി മാറുന്നു. എന്നാൽ സംസ്കാരസമ്പന്നരായ സ്ത്രീപുരുഷന്മാരേ, നിങ്ങൾ പാലങ്ങൾ പണിയാനും, കൂടിക്കാഴ്ചകൾക്കും സംഭാഷണങ്ങൾക്കുമുള്ള വേദികൾ സൃഷ്ടിക്കാനും, മനസ്സുകളെ പ്രബുദ്ധമാക്കാനും, ഹൃദയങ്ങൾക്ക് ഊഷ്മളതയേകാനും വിളിക്കപ്പെട്ടിരിക്കുന്നു.

കല ഒരു ആഢംബരമല്ല, പ്രത്യുത,  ആവശ്യകത

ആരെങ്കിലും ഇങ്ങനെ പറഞ്ഞേക്കാം: "മുറിവേറ്റ ഒരു ലോകത്ത് കലയുടെ പ്രയോജനം എന്താണ്?" കൂടുതൽ അടിയന്തിരവും, കൂടുതൽ മൂർത്തവുമായ കാര്യങ്ങളല്ലേ ആവശ്യം? കല ഒരു ആഡംബരമല്ല, മറിച്ച് അത് ആത്മാവിൻറെ ആവശ്യകതയാണ്. അത് ഒരു പലായനമല്ല, ഉത്തരവാദിത്വമാണ്, പ്രവർത്തനത്തിനുള്ള ഒരു ആഹ്വാനമാണ്, ഒരു ഓർമ്മപ്പെടുത്തലാണ്, ഒരു നിലവിളിയാണ്. സൗന്ദര്യത്തെക്കുറിച്ച് പഠിപ്പിക്കുക എന്നാൽ പ്രത്യാശയെക്കുറിച്ച് പഠിപ്പിക്കുക എന്നാണ്. പ്രത്യാശ ഒരിക്കലും അസ്തിത്വ നാടകത്തിൽ നിന്ന് വേർപെടുത്തപ്പെടുന്നില്ല: അത് ദൈനംദിന പോരാട്ടങ്ങളിലൂടെയും, ജീവിതത്തിലെ ബുദ്ധിമുട്ടുകളിലൂടെയും, നമ്മുടെ കാലത്തെ വെല്ലുവിളികളിലൂടെയും കടന്നുപോകുന്നു.

വൈപിരീത്യ യുക്തി

ഇന്ന് നാം കേട്ട സുവിശേഷത്തിൽ, യേശു, ദരിദ്രരും, പീഡിതരും, സൗമ്യശീലരും, ഭാഗ്യവാന്മാർ എന്ന് പ്രഖ്യാപിക്കുന്നു. അതൊരു വിപരീത യുക്തിയാണ്, ഒരു വീക്ഷണ വിപ്ലവം. ഈ വിപ്ലവത്തിൽ പങ്കുചേരാൻ കല വിളിക്കപ്പെട്ടിരിക്കുന്നു. ലോകത്തിന് ദീർഘദർശികളായ കലാകാരന്മാരെയും, ധീരരായ ബുദ്ധിജീവികളെയും, സാംസ്കാരിക ശില്പികളെയും ആവശ്യമാണ്.

ഉദാരതയോടെ പ്രത്യുത്തരിക്കുക

സൗഭാഗ്യങ്ങളുടെ സുവിശേഷത്താൽ നയിക്കപ്പെടാൻ നിങ്ങൾ നിങ്ങളെത്തന്നെ വിട്ടുകൊടുക്കുക, നിങ്ങളുടെ കല ഒരു പുത്തൻ ലോകത്തിൻറെ പ്രഖ്യാപനമാകട്ടെ. നിങ്ങളുടെ കവിത അതു ഞങ്ങളെ കാണിച്ചുതരട്ടെ! അന്വേഷണവും, ചോദ്യവും, സാഹസികതയും ഒരിക്കലും നിങ്ങൾ നിർത്തരുത്. യഥാർത്ഥ കല ഒരിക്കലും സുഖകരമായ ഒന്നല്ല, എന്തെന്നാൽ അത് പ്രദാനം ചെയ്യുന്നത് അസ്വസ്ഥതയുടെ സമാധാനമാണ്. ഓർക്കുക: പ്രത്യാശ ഒരു മിഥ്യയല്ല; സൗന്ദര്യം ഒരു സങ്കല്പമല്ല; നിങ്ങളുടെ ദാനം ഒരു യാദൃശ്ചിക സംഭവമല്ല, അതൊരു വിളിയാണ്. ഉദാരമനസ്കതയോടെ, ആവേശത്തോടെ, സ്നേഹത്തോടെ പ്രത്യുത്തരിക്കുക.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

17 ഫെബ്രുവരി 2025, 10:19