MAP

ഫ്രാൻസീസ് പാപ്പായ്ക്കു വേണ്ടി പ്രാർത്ഥനാനിമഗ്നരായി, ജെമേല്ലി ആശുപത്രിക്കു മുന്നിൽ, 20/02/25 ഫ്രാൻസീസ് പാപ്പായ്ക്കു വേണ്ടി പ്രാർത്ഥനാനിമഗ്നരായി, ജെമേല്ലി ആശുപത്രിക്കു മുന്നിൽ, 20/02/25  (AFP or licensors)

പാപ്പായുടെ ആരോഗ്യസ്ഥിതിയിൽ നേരിയ പുരോഗതി!

ഫ്രാൻസീസ് പാപ്പായുടെ ആരോഗ്യാവസ്ഥയെ അധികരിച്ച് പരിശുദ്ധ സിംഹാസനത്തിൻറെ പ്രസ്സ് ഓഫീസ് വെള്ളിയാഴ്ച രാവിലെയും വ്യാഴാഴ്ച രാത്രിയിലും പുറത്തുവിട്ട വിവരങ്ങൾ.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

റോമിലെ ജെമേല്ലി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഫ്രാൻസീസ് പാപ്പാ ഇരുപതാം തീയതി വ്യാഴാഴ്‌ച (20/02/25)   രാത്രി നന്നായി വിശ്രമിക്കുകയും വെള്ളിയാഴ്ച ഉണർന്നെഴുന്നേറ്റ് പ്രാതൽ കഴിക്കുകയും ചെയ്തു.

പരിശുദ്ധ സിംഹാസനത്തിൻറെ വാർത്താവിതരണ കാര്യാലയം- പ്രസ്സ് ഓഫീസ്- വെള്ളിയാഴ്ച (21/02/25) രാവിലെ ടെലെഗ്രാം വഴി അറിയിച്ചതാണിത്.

പാപ്പായുടെ ആരോഗ്യസ്ഥിതിയിൽ നേരിയ പുരോഗതി ഉണ്ടെന്ന് പ്രസ്സ് ഓഫീസ് ഇരുപതാം തീയതി വ്യാഴാഴ്‌ച (20/02/25) രാത്രി വെളിപ്പെടുത്തിയിരുന്നു. പാപ്പായ്ക്ക് പനിയില്ലെന്നും രക്തചംക്രണ സംബന്ധിയായ മാനദണ്ഡങ്ങൾ സ്ഥായിയായി തുടരുന്നുവെന്നും വ്യാഴാഴ്ച രാവിലെ പാപ്പാ വിശുദ്ധകുർബ്ബാന സ്വീകരിക്കുകയും തുടർന്ന് പ്രവർത്തനനിരതനാകുകയും ചെയ്തുവെന്നും പ്രസ്സ് ഓഫീസ് വ്യക്തമാക്കിയിരുന്നു.

ശ്വാസനാളവീക്കത്തെ (ബ്രോങ്കൈറ്റിസ്) തുടർന്ന് ഫെബ്രുവരി 14-ന് വെള്ളിയാഴ്ചയാണ് (14/02/25) പാപ്പാ പരിശോധനകൾക്കും ചികിത്സയ്ക്കുമായി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടത്. പാപ്പായ്ക്ക് ന്യുമോണിയ ബാധിച്ചതായി പതിനെട്ടാം തീയതി ചൊവ്വാഴ്ച കണ്ടെത്തിയതിനെ തുടർന്ന് കോർട്ടിസോൺ, ആൻറിബയോട്ടിക് എന്നിവ ഉൾപ്പെടുത്തിയ മരുന്നുകൾ ചികിത്സയ്ക്കായി ഉപയോഗിക്കേണ്ടിവരികയായിരുന്നു.

ആശുപത്രിയിലായതിനാൽ ഫെബ്രുവരി 22-ന് ശനിയാഴ്ചത്തെ ജൂബിലികൂടിക്കാഴ്ച പാപ്പാ റദ്ദാക്കി. ശെമ്മാശന്മാരുടെ ജൂബിലിയോടനുബന്ധിച്ച് ഫെബ്രുവരി 23-ന് വത്തിക്കാനിൽ വിശുദ്ധ പത്രോസിൻറെ ബസിലിക്കയിൽ അർപ്പിക്കപ്പെടുന്ന ദിവ്യബലിയിൽ തനിക്കു പകരം മുഖ്യകാർമ്മികത്വം വഹിക്കുന്നതിന്  പാപ്പാ സുവിശേഷവത്ക്കരണത്തിനായുള്ള വത്തിക്കാൻ വിഭാഗത്തിൻറെ പ്രോ-പ്രീഫെക്ട് ആർച്ചുബിഷപ്പ് റീനൊ ഫിസിക്കേല്ലയെ ചുമതലപ്പെടുത്തിയിരിക്കയാണ്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

21 ഫെബ്രുവരി 2025, 08:15