ശെമ്മാശന്മാരുടെ പ്രവർത്തികൾ ബലിവേദിക്കും തെരുവീഥിക്കുമിടയിലുള്ള പാലമായി പരിണമിക്കും, പാപ്പാ!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
ശ്വാസകോശസംബന്ധമായ രോഗം മൂലം ഗുരുതരാവസ്ഥയിൽ റോമിലെ ജെമേല്ലി ആശുപത്രിയിൽ കഴിയുന്ന ഫ്രാൻസീസ് പാപ്പായ്ക്ക്, അക്കാരണത്താൽ തന്നെ ഈ ഞായറാഴ്ചയും (23/02/25) മദ്ധ്യാഹ്നപ്രാർത്ഥനാ പ്രഭാഷണം നടത്തുകയും ത്രികാലജപം നയിക്കുകയും ചെയ്യാൻ കഴിഞ്ഞില്ല. എന്നാൽ പാപ്പാ ഒരു ചെറുസന്ദേശം വരമൊഴിയായി നല്കിയിരുന്നു. അതിൽ പാപ്പാ, ശെമ്മാശന്മാരുടെ ജൂബിലിയാചരണത്തോടനുബന്ധിച്ച് അവർക്ക് ആശംസകൾ നേരുകയും ദൈവത്തിൻറെ സ്നേഹവും കാരുണ്യവും വചനപ്രവർത്തികളിലൂടെ സകലർക്കും അനുഭവവേദ്യമാക്കിത്തീർക്കാൻ പ്രചോദനം പകരുകയും ഫെബ്രുവരി 24-ന് 3 വർഷം പിന്നിടുന്ന ഉക്രൈയിൻ യുദ്ധത്തിൻറെ വാർഷികം നരകുലത്തിനു മുഴുവൻ വേദനാജനകവും ലജ്ജാകരവുമാണെന്ന് അപലപിക്കുകയും പലസ്തീൻ, ഇസ്രായേൽ എന്നിവിടങ്ങളിലും മദ്ധ്യപൂർവ്വദേശത്താകമാനവും മ്യന്മാറിലും കിവുവിലും സുഡാനിലും സമാധനമുണ്ടാകുന്നതിനായി പ്രാർത്ഥിക്കാൻ അഭ്യർത്ഥിക്കുകയും ചെയ്തിരുന്നു. ഞായറാഴ്ച രാവിലെ വത്തിക്കാനിൽ, വിശുദ്ധ പത്രോസിൻറെ ബസിലിക്കയിൽ ശെമ്മാശന്മാരുടെ ജൂബിലി ദിവ്യബലി അർപ്പിക്കപ്പെട്ടു. ഈ വിശുദ്ധ കുർബ്ബാനയിൽ, മുഖ്യകാർമ്മികനാകേണ്ടിയിരുന്ന ഫ്രാൻസീസ് പാപ്പാ ആശുപത്രിയിലാകയാൽ, സുവിശേഷവത്ക്കരണത്തിനായുള്ള വത്തിക്കാൻ വിഭാഗത്തിൻറെ പ്രോ-പ്രീഫെക്ട് ആർച്ചുബിഷപ്പ് റീനൊ ഫിസിക്കേല്ല ആയിരുന്നു മുഖ്യ കാർമ്മികൻ. ഞായറാഴ്ച പ്രാദേശികസമയം, രാവിലെ 09 മണിക്ക്, ഇന്ത്യയിലെ സമയം ഉച്ചതിരിഞ്ഞ് 1.30-ന് ദിവ്യബലി ആരംഭിച്ചു. ആമുഖപ്രാർത്ഥനകൾക്കും ദൈവവചന പാരായണത്തിനും ശേഷം സുവിശേഷപ്രഭാഷണമായിരുന്നു. ദിവ്യബലിയിൽ വായിക്കപ്പെട്ട വേദപുസ്തകഭാഗങ്ങൾ, വിശിഷ്യ, ലൂക്കായുടെ സുവിശേഷം ആറാം അദ്ധ്യായം 27-38 വരെയുമുള്ള വാക്യങ്ങൾ, അതായത്, ശത്രുവിനെ സ്നേഹിക്കാനും കാരുണ്യമുള്ളവരായിരിക്കാനും ഉദാരമായി നല്കാനും യേശു ആഹ്വാനം ചെയ്യുന്ന ഭാഗം, ആയിരുന്നു വിചിന്തനത്തിന് ആധാരം. ഈ യേശുവചനങ്ങളെ ആധാരമാക്കി ഈ ദിവ്യബലിയ്ക്കായി പാപ്പാ തയ്യാറാക്കിയിരുന്ന സുവിശേഷപ്രസംഗം ആർച്ചുബിഷപ്പ് ഫിസിക്കേല്ല വായിച്ചു. പരീക്ഷണത്തിൻറെയും രോഗത്തിൻറെയും വേളയിൽ കർത്താവിൻറെ സഹായം ആശുപത്രിയിൽ ശയ്യാവലംബിയായ പാപ്പായ്ക്ക് ലഭിക്കുന്നതിനായി ഉപരി തീക്ഷ്ണതയോടെ പ്രാർത്ഥിക്കാൻ നമുക്കുള്ള കടമയെക്കുറിച്ച് ഓർപ്പിച്ചുകൊണ്ടാണ് ആർച്ച്ബിഷപ്പ് ഫിസിക്കേല്ല വിചിന്തന വായന ആരംഭിച്ചത്
ആർച്ച്ബിഷപ്പ് ഫിസിക്കേല്ല ഇപ്രകാരം തുടർന്നു:
സൗജന്യത
നമ്മൾ ശ്രവിച്ച വായനകളുടെ സന്ദേശം നമുക്ക് ഈ ഒരു വാക്കിൽ സംഗ്രഹിക്കാനാകും: സൗജന്യത. ജൂബിലി ആഘോഷത്തിനായി ഇവിടെ ഒത്തുകൂടിയിരിക്കുന്ന ശെമ്മാശന്മാരായ നിങ്ങൾക്ക് തീർച്ചയായും പ്രിയങ്കരമായ ഒരു പദമാണിത്. ആകയാൽ, ക്രിസ്തീയ ജീവിതത്തിൻറെയും നിങ്ങളുടെ ശുശ്രൂഷയുടെയും ഈ അടിസ്ഥാന വശത്തെക്കുറിച്ച്, പ്രത്യേകിച്ച് മൂന്ന് മാനങ്ങളെ അവലംബമാക്കി നമുക്ക് മനനം ചെയ്യാം: ഇവ, ക്ഷമ, നിസ്വാർത്ഥ സേവനം, കൂട്ടായ്മ എന്നിവയാണ്.
ക്ഷമിക്കുക
ഒന്നാമത്തേത്: ക്ഷമിക്കൽ. മാപ്പു വിളംബരം ചെയ്യൽ ശെമ്മാശൻറെ സത്താപരമായ ഒരു ദൗത്യമാണ്. വാസ്തവത്തിൽ അത് സഭാപരമായ ഓരോ യാത്രയ്ക്കും ഒഴിച്ചുകൂടാനാവാത്ത ഘടകവും ഓരോ മാനവ സഹവർത്തിത്വത്തിനുമുള്ള വ്യവസ്ഥയുമാണ്. "നിങ്ങളുടെ ശത്രുക്കളെ സ്നേഹിക്കുവിൻ" (ലൂക്കാ 6:27) എന്ന് പറയുന്നതിലൂടെ യേശു ഇതിൻറെ ആവശ്യകതയും വ്യാപ്തിയും നമുക്ക് കാണിച്ചുതരുന്നു. അത് തീർച്ചയായും അങ്ങനെയാണ്: വേദനപ്പിക്കുന്നവരെയും ചതിക്കുന്നവരെയും പോലും സ്നേഹത്തിൽ നിന്ന് ഒഴിവാക്കാതെ, ബന്ധങ്ങൾ പുനഃസ്ഥാപിച്ചുകൊണ്ട് ക്ഷമിക്കാനും മാപ്പുചോദിക്കാനും അറിയേണ്ടത് ഇരുളുകളും വെളിച്ചങ്ങളും, വിജയപരാജയങ്ങളും പരസ്പരം പങ്കുവച്ചുകൊണ്ട് ഒരുമിച്ചു വളരുന്നതിന് ആവശ്യമാണ്. എതിരാളികളോട് വെറുപ്പ് മാത്രം നിലനിൽക്കുന്ന ഒരു ലോകം, പ്രതീക്ഷയില്ലാത്ത, ഭാവിയില്ലാത്ത ഒരു ലോകമാണ്. നിർഭാഗ്യവശാൽ, ഇന്നും ലോകത്തിൻറെ നിരവധി തലങ്ങളിലും, വിവിധ ഭാഗങ്ങളിലും നാം കാണുന്നതുപോലെ, യുദ്ധങ്ങളാലും, ഭിന്നതകളാലും, അനന്തമായ പ്രതികാരങ്ങളാലും തകർന്നുവീഴാൻ വിധിക്കപ്പെട്ട ഒരു ലോകമാണിത്. അപ്പോൾ ക്ഷമിക്കുക എന്നതിനർത്ഥം, നമ്മിലും നമ്മുടെ സമൂഹങ്ങളിലും, ഭാവിയോന്മുഖമായി സ്വാഗതാർഹവും സുരക്ഷിതവുമായ ഒരു ഭവനം ഒരുക്കുക എന്നതാണ്. ലോകത്തിൻറെ പ്രാന്തങ്ങളിലേക്ക് തന്നെ ആനയിക്കുന്ന ഒരു ശുശ്രൂഷയ്ക്കായി പ്രത്യക്ഷമായി നിയുക്തനായിരിക്കുന്ന ശെമ്മാശൻ, എല്ലാവരിലും, തെറ്റുപറ്റുന്നവരിലും വേദനപ്പിക്കുന്നവരിലും പോലും, ആത്മാവിൽ മുറിവേറ്റ ഒരു സഹോദരിയെയും സഹോദരനെയും കാണാനും, കാണാൻ മറ്റുള്ളവരെ പഠിപ്പിക്കാനും പരിശ്രമിക്കുന്നു, ആകയാൽ അനുരഞ്ജനത്തിൻറെയും മാർഗ്ഗനിർദ്ദേശത്തിൻറെയും സഹായത്തിൻറെയും ആവശ്യം അവർക്ക് മറ്റാരെക്കാളും കൂടുതലായുണ്ട്.
പൊറുക്കാനുള്ള ഹൃദയവിശാലത
തൻറെ രാജാവും ഒപ്പം തൻറെ പീഡകനുമായ സാവൂളിനോടുള്ള ദാവീദിൻറെ വിശ്വസ്തവും ഉദാരവുമായ സ്നേഹം നമ്മുടെ മുന്നിൽ അവതരിപ്പിച്ചുകൊണ്ട് ഈ ഹൃദയവിശാലതയെക്കുറിച്ച് ആദ്യ വായന നമ്മോട് പറയുന്നു (1 സാമുവേൽ 26:2,7-9,12-13,22-23 കാണുക). മറ്റൊരു സന്ദർഭത്തിൽ, ഡീക്കൻ സ്റ്റീഫൻറെ മാതൃകാപമായ മൃത്യുവും ഇതെക്കുറിച്ച് പറയുന്നുണ്ട്. കല്ലേറുകൊണ്ട് വീഴുന്ന സ്റ്റീഫൻ തന്നെ കല്ലെറിഞ്ഞവരോട് ക്ഷമിക്കുന്നു, (അപ്പോസ്തലപ്രവർത്തനങ്ങൾ, 7:60 കാണുക). എന്നാൽ എല്ലാറ്റിനുമുപരി, എല്ലാ ശുശ്രൂഷകളുടെയും (diakonia) മാതൃകയായ യേശുവിൽ നാം അത് കാണുന്നു. അവൻ കുരിശിൽ, നമുക്കുവേണ്ടി സ്വന്തം ജീവൻ നൽകത്തക്കവിധം സ്വയം "ശൂന്യനാക്കി" (ഫിലിപ്പിയർ 2:7 കാണുക), തന്നെ ക്രൂശിച്ചവർക്കുവേണ്ടി പ്രാർത്ഥിക്കുകയും നല്ല കള്ളന് പറുദീസയുടെ വാതിലുകൾ തുറന്നുകൊടുക്കുകയും ചെയ്യുന്നു (ലൂക്കാ 23:34.43 കാണുക).
നിസ്വാർത്ഥ സേവനം
ഇനി നമ്മൾ രണ്ടാമത്തെ കാര്യത്തിലേക്ക് വരുന്നു: അതായത്, നിസ്വാർത്ഥ സേവനം. സുവിശേഷത്തിൽ കർത്താവ് ഇതിനെ വളരെ ലളിതവും സുവ്യക്തവുമായ ഒരു വാക്യത്താൽ വിവരിക്കുന്നു: "തിരിച്ചുകിട്ടും എന്നു പ്രതീക്ഷിക്കാതെ മറ്റുള്ളവർക്ക് നന്മ ചെയ്യുകയും വായ്പ കൊടുക്കുകയും ചെയ്യുവിൻ" (ലൂക്കാ 6:35). സൗഹൃദത്തിൻറെ സുഗന്ധം പേറുന്ന ഏതാനും വാക്കുകൾ. ഒന്നാമതായി, ദൈവത്തിന് നമ്മോടുള്ള സൗഹൃദം, പിന്നെ നമ്മുടേതും. ഒരു ശെമ്മാശനെ സംബന്ധിച്ചിടത്തോളം, ഈ മനോഭാവം അദ്ദേഹത്തിൻറെ പ്രവർത്തനത്തിൻറെ ഒരു അനുബന്ധ വശമല്ല, മറിച്ച് അദ്ദേഹത്തിൻറെ അസ്തിത്വത്തിൻറെ കാതലായ മാനമാണ്. വാസ്തവത്തിൽ, തൻറെ ശുശ്രൂഷയിൽ, പിതാവിൻറെ കരുണാമയമായ വദനത്തിൻറെ "ശിൽപിയും" "ചിത്രകാരനും" ആകാനും, ത്രിയേകദൈവത്തിൻറെ രഹസ്യത്തിന് സാക്ഷിയാകാനും അവൻ സ്വയം സമർപ്പിക്കുന്നു.
ശുശ്രൂഷിക്കപ്പെടാനല്ല, ശുശ്രൂഷിക്കാൻ
സുവിശേഷത്തിലെ പല ഭാഗങ്ങളിലും തന്നെക്കുറിച്ചുതന്നെ യേശു സംസാരിക്കുന്നത് ഈ വെളിച്ചത്തിലാണ്. പന്ത്രണ്ടുപേരുടെയും പാദങ്ങൾ കഴുകിയതിനു തൊട്ടുപിന്നാലെ മുകളിലത്തെ മുറിയിൽ വെച്ച് യേശു ഫിലിപ്പോസിനോട് ഇങ്ങനെ പറയുന്നു: "എന്നെ കാണുന്നവൻ പിതാവിനെ കാണുന്നു" (യോഹന്നാൻ 14:9). അതുപോലെ, അവൻ വിശുദ്ധകുർബ്ബാന സ്ഥാപിക്കുമ്പോൾ പ്രഖ്യാപിക്കുന്നു: "ഞാനാകട്ടെ നിങ്ങളുടെ ഇടയിൽ ശുശ്രൂഷിക്കുന്നവനെപ്പോലെയാണ്" (ലൂക്കാ 22:27). എന്നാൽ അതിനൊക്കെമുമ്പ്, ജറുസലേമിലേക്കുള്ള വഴിയിൽ വച്ച്, തൻറെ ശിഷ്യന്മാർ തങ്ങളിൽ ആരാണ് വലിയവൻ എന്നതിനെക്കുറിച്ച് തർക്കിച്ചുകൊണ്ടിരിക്കുമ്പോൾ, "മനുഷ്യപുത്രൻ ശുശ്രൂഷിക്കപ്പെടാനല്ല, ശുശ്രൂഷിക്കാനും സ്വന്തം ജീവൻ അനേകർക്കുവേണ്ടി മോചനദ്രവ്യമായി നല്കാനുമാണ് വന്നിരിക്കുന്നത്" എന്ന് അവൻ അവരോട് വിശദീകരിച്ചിരുന്നു (മർക്കോസ് 10:45 കാണുക).
ബലിവേദിയെ തെരുവുവീഥിയുമായി ബന്ധിപ്പിക്കുന്ന സേവനപ്രവർത്തികൾ
ശെമ്മാശ സഹോദരങ്ങളേ, ക്രിസ്തുവിൻറെ സ്നേഹത്തോടുള്ള നിങ്ങളുടെ സമർപ്പണത്തിൻറെ പ്രകടനമായി നിങ്ങൾ ചെയ്യുന്ന സൗജന്യ പ്രവൃത്തി, നിങ്ങൾക്ക്, നിങ്ങളെ കണ്ടുമുട്ടുന്നയാൾക്ക് വിശ്വാസത്തിൻറെയും സന്തോഷത്തിൻറെയും ഉറവിടമായ, വചനത്തിൻറെ പ്രഥമ പ്രഖ്യാപനമാണ്. അയാളെ പുഞ്ചിരിയോടുകൂടി, പരാതികൂടാതെ, അംഗീകാരം തേടാതെ സഹായിക്കുക. പരസ്പരം താങ്ങാകുക. അഭിഷിക്ത ശുശ്രൂഷയുടെ എല്ലാ ക്രമങ്ങളെയും വിലമതിച്ചുകൊണ്ട് ദൈവരാജ്യത്തിൻറെ സേവനത്തിൽ വളരുന്നതിന് പ്രതിജ്ഞാബദ്ധമായ സഭയുടെ പ്രകടനമെന്ന നിലയിൽ മെത്രാന്മാരോടും വൈദികരോടുമുള്ള ബന്ധത്തിലും അപ്രകാരം വർത്തിക്കുക. (C.E.I., I Diaconi permanenti nella Chiesa in Italia. Orientamenti e norme, 1993, 55). ഐക്യത്തോടുകൂടിയതും ഉദാരവുമായ നിങ്ങളുടെ പ്രവർത്തനങ്ങൾ അപ്രകാരം, അൾത്താരയെ വീഥിയുമായും, ദിവ്യകാരുണ്യത്തെ ആളുകളുടെ ദൈനംദിന ജീവിതവുമായും ബന്ധിപ്പിക്കുന്ന ഒരു പാലമായിരിക്കും; ഉപവി നിങ്ങളുടെ ഏറ്റവും മനോഹരമായ ആരാധനയായിരിക്കും, ആരാധന നിങ്ങളുടെ ഏറ്റവും എളിയ സേവനമായിരിക്കും.
സൗജന്യത
നമ്മൾ അവസാന കാര്യത്തിലേക്കു വരുന്നു: സൗജന്യത, കൂട്ടായ്മയുടെ ഉറവിടം. പകരമായി ഒന്നും ആവശ്യപ്പെടാതെ നൽകുന്നത് ഒന്നിപ്പിക്കുന്നു, അത് ബന്ധങ്ങൾ സൃഷ്ടിക്കുന്നു, കാരണം അത് സ്വയം ദാനവും ആളുകളുടെ നന്മയും അല്ലാതെ മറ്റൊരു ലക്ഷ്യവുമില്ലാത്ത ഒരുമിച്ചു നില്ക്കലിനെ ആവിഷ്കരിക്കുകയും പോഷിപ്പിക്കുകയും ചെയ്യുന്നു. നിങ്ങളുടെ സ്വർഗ്ഗീയരക്ഷാധികാരിയായ വിശുദ്ധ ലോറൻസിനോട്, കുറ്റാരോപകർ സഭയുടെ നിധികൾ കൈമാറാൻ ആവശ്യപ്പെട്ടപ്പോൾ, അദ്ദേഹം ദരിദ്രരെ അവർക്ക് കാണിച്ചുകൊടുത്ത് പറഞ്ഞു: "ഇതാ ഞങ്ങളുടെ നിധികൾ!" ഇങ്ങനെയാണ് കൂട്ടായ്മ കെട്ടിപ്പടുക്കുന്നത്: "നീ ഞങ്ങൾക്ക് പ്രധാനമാണ്", "ഞങ്ങൾ നിന്നെ സ്നേഹിക്കുന്നു", "നീ ഞങ്ങളുടെ യാത്രയുടെയും ജീവിതത്തിൻറെയും ഭാഗമാകണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു" എന്ന്, വ്യക്തിപരമായും ഒരു സമൂഹമെന്ന നിലയിലും, വാക്കുകൾ കൊണ്ടും, എല്ലാറ്റിനുമുപരി പ്രവൃത്തികൾ കൊണ്ടും നമ്മുടെ സഹോദരീസഹോദരന്മാരോട് പറയുന്നതിലൂടെ. നിങ്ങൾ താമസിക്കുന്നിടത്ത്, നിങ്ങളുടെ കുടുംബങ്ങളെ ആവശ്യക്കാരിലേക്ക് വ്യാപിപ്പിക്കാൻ സേവനത്തിന് തയ്യാറായ ഭർത്താക്കന്മാരേ, പിതാക്കന്മാരേ, മുത്തച്ഛന്മാരേ, ഇതാണ് നിങ്ങൾ ചെയ്യുന്നത്.
പുറത്തേക്കിറങ്ങുന്ന സിനാഡാത്മക സഭയുടെ ആവിഷ്കാരം
അങ്ങനെ, നിങ്ങളെ സമൂഹത്തിൽ നിന്നെടുത്തു വീണ്ടും അതിലേക്ക് കൊണ്ടുവരികയും ആ സമൂഹത്തെ എല്ലാവർക്കുമായി തുറന്നിരിക്കുന്ന, എല്ലാവരെയും സ്വാഗതം ചെയ്യുന്ന ഒരു ഇടമാക്കി മാറ്റുകയും ചെയ്യുന്ന നിങ്ങളുടെ ദൗത്യം, "പുറത്തേക്കിറങ്ങുന്ന" സിനഡാത്മക സഭയുടെ ഏറ്റവും മനോഹരമായ ആവിഷ്കാരങ്ങളിൽ ഒന്നാണ്.
സ്വയം ചെറുതാകുന്നവർ
താമസിയാതെ നിങ്ങളിൽ ചിലർ, ശെമ്മാശപട്ട കൂദാശ സ്വീകരിച്ചുകൊണ്ട് ശുശ്രൂഷയുടെ പടികൾ "ഇറങ്ങും". അവർ "ഇറങ്ങുമെന്ന്" ഞാൻ മനഃപൂർവ്വം പറയുകയും അടിവരയിടുകയും ചെയ്യുന്നു, അല്ലാതെ അവർ "ആരോഹണം" ചെയ്യുകയല്ല. കാരണം, പട്ടം സ്വീകരിക്കുന്നതിലൂടെ ഒരാൾ ആരോഹണം ചെയ്യുകയല്ല, മറിച്ച് അവരോഹണം ചെയ്യുകയാണ്, ഒരാൾ ചെറുതാകുകയാണ്, ഒരാൾ സ്വയം താഴ്ത്തുകയാണ്, ഒരാൾ സ്വയം ഉരിഞ്ഞുമാറ്റുകയാണ്. വിശുദ്ധ പൗലോസിൻറെ വാക്കുകൾ ഉപയോഗിക്കുകയാണെങ്കിൽ, സേവനത്തിൽ നാം "ഭൗമിക മനുഷ്യനെ" ഉപേക്ഷിക്കുകയും, സ്നേഹത്തിൽ, "സ്വർഗ്ഗീയ മനുഷ്യനെ" ധരിക്കുകയും ചെയ്യുന്നു (cf. 1 കൊറിന്ത്യർ 15:45-49).
കർത്താവിൻറെ ദാസിയായ കന്യകാമറിയത്തിനും നിങ്ങളുടെ സ്വർഗ്ഗിയ രക്ഷാധികാരിയായ വിശുദ്ധ ലോറൻസിനും നമ്മെത്തന്നെ സമർപ്പിച്ചുകൊണ്ട്, നമുക്ക് നമ്മൾ ചെയ്യാൻ പോകുന്നതിനെക്കുറിച്ച് ധ്യാനിക്കാം. നമ്മുടെ ഓരോ ശുശ്രൂഷയും സ്നേഹം നിറഞ്ഞതും എളിമയുള്ളതുമായ ഹൃദയത്തോടെ ജീവിക്കാനും, ഉദാരതയിൽ ക്ഷമയുടെ അപ്പോസ്തലന്മാരും, നമ്മുടെ സഹോദരങ്ങളുടെ നിസ്വാർത്ഥ സേവകരും, കൂട്ടായ്മയുടെ ശില്പികളുമായി നാം മാറാനും അവർ നമ്മെ സഹായിക്കട്ടെ.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: