MAP

ഫ്രാൻസീസ് പാപ്പാ ചികിത്സയിൽ കഴിയുന്ന റോമിലെ ജെമേല്ലി ആശുപത്രിയുടെ മുൻവശം, വിശുദ്ധ രണ്ടാം ജോൺ പോൾ പാപ്പായുടെ പ്രതിമയും ഫ്രാൻസീസ് പാപ്പാ ചികിത്സയിൽ കഴിയുന്ന റോമിലെ ജെമേല്ലി ആശുപത്രിയുടെ മുൻവശം, വിശുദ്ധ രണ്ടാം ജോൺ പോൾ പാപ്പായുടെ പ്രതിമയും  (ANSA)

ആശംസകൾക്കും സാമീപ്യത്തിനും പ്രാർത്ഥനകൾക്കും നന്ദിയേകി പാപ്പാ!

പാപ്പാ ബുധനാഴ്ചത്തെ പ്രതിവാര പൊതുകൂടിക്കാഴ്ച റദ്ദാക്കി;ശെമ്മാശന്മാരുടെ ജൂബിലിയോടനുബന്ധിച്ച് ഫെബ്രുവരി 23-ന് വത്തിക്കാനിൽ വിശുദ്ധ പത്രോസിൻറെ ബസിലിക്കയിൽ അർപ്പിക്കപ്പെടുന്ന ദിവ്യബലിയിൽ തനിക്കു പകരം മുഖ്യകാർമ്മികത്വം വഹിക്കുന്നതിന് പാപ്പാ സുവിശേഷവത്ക്കരണത്തിനായുള്ള വത്തിക്കാൻ വിഭാഗത്തിൻറെ പ്രോ-പ്രീഫെക്ട് ആർച്ചുബിഷപ്പ് റീനൊ ഫിസിക്കേല്ലയെ ചുമതലപ്പെടുത്തി.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

തന്നിലേക്കൊഴുകുന്ന വാത്സല്യത്തിൻറെയും സാമീപ്യത്തിൻറെയുമായ സന്ദേശങ്ങൾക്ക് ഫ്രാൻസീസ് പാപ്പാ കൃതജ്ഞത പറയുന്നു.

ഫെബ്രുവരി 14-ന് വെള്ളിയാഴ്ച മുതൽ റോമിലെ ജെമേല്ലി ആശുപത്രിയിൽ ശ്വാസകോശ സംബന്ധിയായ ചികിത്സയിൽ കഴിയുന്ന പാപ്പായുടെ ആരോഗ്യസ്ഥിതിയെ അധികരിച്ച് പരിശുദ്ധസിംഹാസനത്തിൻറെ വാർത്താവിതരണ കാര്യാലയം, പ്രസ്സ് ഓഫീസ് പതിനേഴാം തീയതി വൈകുന്നേരം പുറപ്പെടുവിച്ച പത്രക്കുറിപ്പിലാണ് ഇതു കാണുന്നത്.

ജെമേല്ലി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവർ ചിത്രങ്ങളാലും ആശംസാസന്ദേശങ്ങളാലും തന്നോടു പ്രകടിപ്പിക്കുന്ന വാത്സല്യത്തിനും സ്നേഹത്തിനും പാപ്പാ നന്ദി പറയുകയും അവർക്കായി പ്രാർത്ഥിക്കുകയും തനിക്കുവേണ്ടി പ്രാർത്ഥിക്കണമെന്ന് അവരോട് അഭ്യർത്ഥിക്കുകയും ചെയ്യുന്നുവെന്നും പാപ്പായ്ക്ക് പനിയില്ലെന്നും നിർദ്ദിഷ്ട ചികിത്സ തുടരുന്നുണ്ടെന്നും പത്രക്കുറിപ്പ് വെളിപ്പെടുത്തുന്നു.

ശ്വാസനാള വീക്കത്തെ തുടർന്നാണ് കൂടുതൽ പരിശോധനകൾക്കായി ഫെബ്രുവരി 14-ന്, വെള്ളിയാഴ്ച, പാപ്പാ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടത്.

ഭിഷഗ്വരന്മാർ സമ്പൂർണ്ണ വിശ്രമം നിർദ്ദേശിച്ചിരിക്കുന്നതിനാൽ പാപ്പാ മദ്ധ്യാഹ്ന പ്രാർത്ഥന നയിക്കുന്നത് ഇക്കഴിഞ്ഞ പതിനാറാം തീയതി ഞായറാഴ്ച ഒഴിവാക്കിയിരുന്നു. പാപ്പാ ആശുപത്രിയിൽ തുടരുന്നതിനാൽ, പത്തൊമ്പതാം തീയതി ബുധനാഴ്ചത്തെ പ്രതിവാര പൊതുകൂടിക്കാഴ്ചയും റദ്ദാക്കപ്പെട്ടിരിക്കയാണ്.

ഫെബ്രുവരി 22, ശനിയാഴ്ചത്തെ ജൂബിലികൂടിക്കാഴ്ച പാപ്പാ റദ്ദാക്കിയെന്നും ശെമ്മാശന്മാരുടെ ജൂബിലിയോടനുബന്ധിച്ച് ഫെബ്രുവരി 23-ന് വത്തിക്കാനിൽ വിശുദ്ധ പത്രോസിൻറെ ബസിലിക്കയിൽ അർപ്പിക്കപ്പെടുന്ന ദിവ്യബലിയിൽ തനിക്കു പകരം മുഖ്യകാർമ്മികത്വം വഹിക്കുന്നതിന്  സുവിശേഷവത്ക്കരണത്തിനായുള്ള വത്തിക്കാൻ വിഭാഗത്തിൻറെ പ്രോ-പ്രീഫെക്ട് ആർച്ചുബിഷപ്പ് റീനൊ ഫിസിക്കേല്ലയെ ചുമതലപ്പെടുത്തിയിരിക്കയാണെന്നും പരിശുദ്ധസിംഹാസനത്തിൻറെ പ്രസ്സ് ഓഫീസ് ചൊവ്വാഴ്ച (18/02/25) വെളിപ്പെടുത്തി.    

  

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

18 ഫെബ്രുവരി 2025, 12:48