MAP

പാപ്പായുടെ വീഡിയോ സന്ദേശം സാൻറേമോയിൽ പ്രദർശിപ്പിച്ചപ്പോൾ പാപ്പായുടെ വീഡിയോ സന്ദേശം സാൻറേമോയിൽ പ്രദർശിപ്പിച്ചപ്പോൾ 

സമാധാനത്തിനും സഹവാസത്തിനും സംഗീതത്തെ ഉപകരണമാക്കുക: ഫ്രാൻസിസ് പാപ്പാ

ഇറ്റലിയിലെ സാൻറേമോയിൽ നടക്കുന്ന സംഗീതോത്സവവേദിയിലേക്കയച്ച സന്ദേശത്തിൽ, ആളുകളുടെ സഹവാസത്തിന് സംഗീതം സഹായിക്കുമെന്നോർമ്മിപ്പിച്ചും, സമാധാനത്തിനായുള്ള ഉപകരണമായി സംഗീതത്തെയും ഉപയോഗിക്കാൻ ആഹ്വാനം ചെയ്തും ഫ്രാൻസിസ് പാപ്പാ. യുദ്ധങ്ങൾ കുട്ടികളുടെ ജീവനെ തകർക്കുന്നുവെന്നും, ഫെബ്രുവരി 11-ന് വടക്കൻ ഇറ്റലിയിൽ പ്രതിവർഷം നടന്നുവരുന്ന ഈ സംഗീതാഘോഷത്തിലേക്കയച്ച വിഡിയോ സന്ദേശത്തിൽ പാപ്പാ ഓർമ്മിപ്പിച്ചു.

സാൽവത്തോറെ ചെർനൂസ്സിയോ, മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

സംഗീതം ആളുകളുടെ സമാധാനപൂർണമായ സഹവാസത്തെ സഹായിക്കുമെന്നോർമ്മിപ്പിച്ച് ഫ്രാൻസിസ് പാപ്പാ. വടക്കൻ ഇറ്റലിയിലെ ലിഗൂരിയയിലുള്ള സാൻറേമോയിൽ ഫെബ്രുവരി 11-ന് ആരംഭിച്ച സംഗീതോത്സവവേദിയിലേക്കയച്ച വീഡിയോ സന്ദേശത്തിലാണ് സമാധാനത്തിന്റെയും സഹവാസത്തിന്റെയും പ്രോത്സാഹനത്തിനായി സംഗീതം ഉപയോഗിക്കുന്നതിനെപ്പറ്റി പാപ്പാ ഉദ്ബോധിപ്പിച്ചത്.

പരസ്പരം വെറുക്കുന്നവർ, സമാധാനത്തോടെ കൈകോർക്കുന്നതും, “സമാധാനം സാധ്യമാണെന്ന്” തങ്ങളുടെ ജീവിതവും, സംഗീതവും കൊണ്ട് പറയുന്നതും കാണുകയെന്നതാണ് തന്റെ ആഗ്രഹമെന്നും, സാൻറേമോ സംഗീതോത്സവവേദി നയിക്കുന്ന കാർലോ കോന്തി സംഗീതത്തിലൂടെ അത്തരമൊരു കാര്യമാണ് പറയുന്നതെന്നും പാപ്പാ പ്രസ്താവിച്ചു.

2024 മെയ് മാസത്തിൽ റോമിലെ ഒളിമ്പിക് സ്റ്റേഡിയത്തിൽ നടന്ന ആഗോളശിശുദിനാഘോഷത്തെക്കുറിച്ച് തന്റെ സന്ദേശത്തിൽ പരാമർശിച്ച പാപ്പാ, ലോകത്തിന്റെ അനീതികൾ മൂലം നിരവധി പ്രായപൂർത്തിയാകാത്തവർ സഹനങ്ങളിലൂടെയും വിലാപങ്ങളിലൂടെയും കടന്നുപോകുന്നുണ്ടെന്ന് ഓർമ്മിപ്പിച്ചു. കാർലോ കോന്തി തന്നെയായിരുന്നു ആ സമ്മേളനവും നയിച്ചത്.

സംഗീതമെന്നത് സൗന്ദര്യമാണെന്നും, സമാധാനത്തിന്റെ ഉപകരണമാണെന്നും തന്റെ സന്ദേശത്തിൽ ഓർമ്മിപ്പിച്ച പാപ്പാ, ഇത് എല്ലാ ജനതകളും വിവിധ വിധത്തിൽ സംസാരിക്കുന്ന ഭാഷയാണെന്നും, ഏവരുടെയും ഹൃദയങ്ങളിലേക്കെത്താൻ ഇതിന് കഴിവുണ്ടെന്നും പ്രസ്താവിച്ചു. ജനതകളുടെ സഹവാസത്തിന് പ്രോത്സാഹനമേകാൻ സംഗീതത്തിനാകുമെന്നും പാപ്പാ കൂട്ടിച്ചേർത്തു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ തുടരുന്ന യുദ്ധങ്ങളും സായുധസംഘർഷങ്ങളും, വിവിധയിടങ്ങളിൽ നിലനിൽക്കുന്ന അനീതിയും  മൂലം നിരവധി കുട്ടികൾ സഹനങ്ങളിലൂടെയാണ് കടന്നുപോകുന്നതെന്ന് ഓർമ്മിപ്പിച്ച പാപ്പാ, അവർക്ക് ജീവിതത്തെക്കുറിച്ച് പാടാനാകില്ലെന്നും അപലപിച്ചു. യുദ്ധം ശിശുക്കളെ തകർക്കുന്ന ഒന്നാണെന്നും, യുദ്ധം എന്നും ഒരു പരാജയമാണെന്നും പാപ്പാ തന്റെ സന്ദേശത്തിൽ ഓർമ്മിപ്പിച്ചു.

കൂടുതൽ സാഹോദര്യവും നീതിയുമുള്ള ഒരു ലോകത്തിനായി പരിശ്രമിക്കേണ്ടതിന്റെ ആവശ്യം തന്റെ സന്ദേശത്തിൽ എടുത്തുപറഞ്ഞ പാപ്പാ, സംഗീതത്തിന് ഹൃദയങ്ങളെ ഐക്യത്തിലേക്കും, ഒരുമിച്ചായിരിക്കുന്നതിലെ ആനന്ദത്തിലേക്കും തുറക്കാനാകുമെന്ന് പ്രസ്താവിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

12 ഫെബ്രുവരി 2025, 16:45