ഗൈനക്കോളജി വിഭാഗത്തിൽ പുതുജീവനുകൾക്കായി ജോലിചെയ്യുന്നവരെ പ്രശംസിച്ച് ഫ്രാൻസിസ് പാപ്പാ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
മാതൃത്വവും പിതൃത്വവും പ്രശ്നങ്ങൾക്ക് കാരണമായേക്കുമെന്ന ചിന്ത നിലനിൽക്കുന്ന ഒരു സാംസ്‌കാരിക, സാമൂഹികവ്യവസ്ഥിതിയിൽ, ജനനനിരക്ക് കുറയുന്നതിനെതിരെയും ജീവനെ പ്രോത്സാഹിപ്പിക്കുന്നതിനായും തീരുമാനമെടുത്ത് പ്രവർത്തിക്കുന്നത് പ്രശംസനീയമാണെന്ന് ഫ്രാൻസിസ് പാപ്പാ. ഇറ്റലിയിലെ കലാബ്രിയ പ്രദേശത്തെ വിവിധ ആശുപത്രികളിൽ, ഗൈനക്കോളജി വിഭാഗത്തിൽ ജോലിചെയ്യുന്നവർക്ക് ഫെബ്രുവരി 6 വ്യാഴാഴ്ച വത്തിക്കാനിൽ കൂടിക്കാഴ്ച അനുവദിച്ച വേളയിലാണ്, ജീവനുമായി ബന്ധപ്പെട്ട ഈയൊരു സേവനരംഗത്തിന്റെ പ്രാധാന്യത്തെയും മനോഹാരിതയെയും കുറിച്ച് ഫ്രാൻസിസ് പാപ്പാ പ്രതിപാദിച്ചത്.
ഗൈനക്കോളജിയുമായി ബന്ധപ്പെട്ട പ്രവർത്തിപഥത്തിൽ തങ്ങളുടെ അറിവും കഴിവും മെച്ചപ്പെടുത്താനായുള്ള പരിശ്രമങ്ങൾ തുടരേണ്ടതിന്റെ പ്രാധാന്യം ഉയർത്തിക്കാട്ടിയ പാപ്പാ, തങ്ങളുടെ തൊഴിൽ മേഖലയിലുള്ള മികവ്, തങ്ങളിൽ ഏൽപ്പിക്കപ്പെട്ട സാധാരണ പ്രവർത്തനങ്ങളിൽ, പ്രത്യേകിച്ച്, ബുദ്ധിമുട്ടും വേദനയുമേറിയ സന്ദർഭങ്ങളിൽ കാരുണ്യപൂർവ്വം ഉത്തരവാദിത്വങ്ങൾ നിർവഹിക്കുന്നതിന് സഹായകരമാകുമെന്നും, ജീവൻ സംരക്ഷിക്കുന്നതിന് ശരിയായ പരിശീലനം നേടി തയ്യാറായവരുടെ സാന്നിദ്ധ്യം ഏറെ പ്രധാനപ്പെട്ടതാണെന്നും ഓർമ്മിപ്പിച്ചു.
ഗൈനക്കോളജി വിഭാഗത്തിൽ സേവനമനുഷ്ഠിക്കുന്നവർക്ക് ഉണ്ടായിരിക്കേണ്ട മാനവികാസംവേദനക്ഷമതയുടെ പ്രാധാന്യവും തന്റെ പ്രഭാഷണത്തിൽ പാപ്പാ ചൂണ്ടിക്കാട്ടിയിരുന്നു. കുട്ടികളുടെ ജനനവുമായി ബന്ധപ്പെട്ട് ബുദ്ധിമുട്ടുന്ന മനുഷ്യർ, മറ്റുള്ളവരുടെ സാമീപ്യവും, ആർദ്രതയും, ഊഷ്മളതയും ആഗ്രഹിക്കുന്നവരാണെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. അതുകൊണ്ടുതന്നെ ആശുപത്രികളിൽ ശുശ്രൂഷ ചെയ്യുന്നവർക്ക് പ്രവർത്തികമായ മികവ് നേടുന്നതിനൊപ്പം, മാനവികമായ സംവേദനക്ഷമതയും ഉണ്ടായിരിക്കേണ്ടതിന്റെ ആവശ്യം ഏറെയാണ്. തങ്ങളുടെ സ്നേഹത്തിന്റെ ഫലമായ മക്കളെ സ്വീകരിക്കുന്നതിലെ ആനന്ദം അനുഭവിക്കാൻ മാതാപിതാക്കളെ സഹായിക്കുന്നതിനും, കുട്ടികൾക്ക് സുരക്ഷിതവും സന്തോഷപ്രദവുമായ ഒരു ജനനവും ഉറപ്പാക്കുന്നതിനും ഇത്തരമൊരു മനോഭാവം ഏറെ പ്രധാനപ്പെട്ടതാണെന്ന് പാപ്പാ ഓർമ്മിപ്പിച്ചു.
ഗൈനക്കോളജി വിഭാഗത്തിൽ പ്രവർത്തിക്കുന്നവർക്ക് പ്രാർത്ഥനയെന്ന ശക്തമായ മരുന്ന് കൈവശമുണ്ടായിരിക്കണമെന്ന് പാപ്പാ ഉദ്‌ബോധിപ്പിച്ചു. പ്രാർത്ഥന ചിലപ്പോൾ പരസ്യമായി രോഗികളോട് പങ്കുവയ്ക്കാൻ സാധിക്കുന്നതും, ചിലപ്പോൾ, രോഗികളുടെ വിശ്വാസത്തിന്റെയും ജീവിതത്തിന്റെയും പ്രത്യേകതകൾ പരിഗണിച്ചുകൊണ്ട്, തങ്ങളുടെ ഹൃദയത്തിൽനിന്ന് ദൈവത്തിന് സമർപ്പിക്കാൻ മാത്രം സാധിക്കുന്നതുമയേക്കാമെന്ന് പാപ്പാ വിശദീകരിച്ചു. ഏത് രീതിയിലാണെങ്കിലും, മാതാപിതാക്കളും പ്രകൃതിയും ദൈവവുമായുള്ള സഹകരണം വഴി, സ്രഷ്ടാവിന്റെ ചായയിലും സാദൃശ്യത്തിലും ഉണ്ടാകുന്ന പുതുജീവന്റെ പിറവിക്ക് പ്രാർത്ഥന സഹായകരമാകുമെന്ന് പാപ്പാ പ്രസ്താവിച്ചു. ദൈവം നിങ്ങൾക്ക് മുന്നിലെത്തിക്കുന്ന മാതാപിതാക്കൾക്കും കുട്ടികൾക്കും വേണ്ടി പ്രാർത്ഥിക്കാൻ, പ്രത്യേകിച്ച് വിശുദ്ധ കുർബാനയിലും, ആരാധനയിലും, അനുദിനപ്രാർത്ഥനകളിലും അവരെ അനുസ്മരിക്കാനുള്ള ഉത്തരവാദിത്വം തിരിച്ചറിയണമെന്ന് പാപ്പാ തന്റെ പ്രഭാഷണത്തിൽ എഴുതിയിരുന്നു.
തന്നെ കാണാനെത്തിയ ഗൈനക്കോളജി വിഭാഗം പ്രവർത്തകരെ, ശാരീരികമായ ബുദ്ധിമുട്ടുകൾ മൂലം, തന്റെ ഭവനമായ സാന്താ മാർത്തായിൽ സ്വീകരിച്ച പാപ്പാ, മുൻകൂട്ടി എഴുതി തയ്യാറാക്കിയ പ്രഭാഷണം അവർക്ക് കൈമാറുകയായിരുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: