ഫ്രാൻസിസ് പാപ്പായുടെ ആരോഗ്യസ്ഥിതി സങ്കീർണ്ണമെങ്കിലും സ്ഥായിയായി തുടരുന്നു
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
ഫ്രാൻസിസ് പാപ്പാ വിശ്രമിക്കുന്നുവെന്നും, കഴിഞ്ഞ രാത്രിയും പാപ്പാ ശാന്തമായി ഉറങ്ങിയെന്നും ഫെബ്രുവരി 26 ബുധനാഴ്ച രാവിലെ പുറത്തുവിട്ട ഒരു പത്രക്കുറിപ്പിലൂടെ വത്തിക്കാൻ പ്രെസ് ഓഫീസ് അറിയിച്ചു. പാപ്പായുടെ ആരോഗ്യസ്ഥിതി സങ്കീർണ്ണമാണെങ്കിലും കഴിഞ്ഞ ദിവസങ്ങളിൽ അത് സ്ഥായിയായി തുടരുന്നുവെന്ന് ചൊവ്വാഴ്ച വൈകുന്നേരം പുറത്തുവിട്ട ഒരു വാർത്താകുറിപ്പിലൂടെ അറിയിച്ചതിന് പിന്നാലെയാണ് ബുധനാഴ്ച പാപ്പായുടെ ആരോഗ്യസ്ഥിതിയിലെ പുരോഗതി സംബന്ധിച്ച് പുതിയ പത്രക്കുറിപ്പ് വത്തിക്കാൻ പുറത്തുവിട്ടത്.
മുൻ ദിവസങ്ങളിൽ നടത്തിയ രക്തപരിശോധനയിൽ കണ്ട വ്യത്യാസങ്ങൾ ഇപ്പോഴില്ലെന്നും, ശ്വേതരക്താണുക്കളുടെ അളവ് സാധാരണ നിലയിൽ തുടരുന്നുവെന്നും കഴിഞ്ഞ ദിവസം പ്രെസ് ഓഫീസ് വ്യക്തമാക്കിയിരുന്നു. രണ്ടു ദിവസങ്ങൾക്ക് മുൻപ് അനുഭവപ്പെട്ടിരുന്ന ശ്വാസതടസം കഴിഞ്ഞ ദിവസം അനുഭവപ്പെട്ടിട്ടില്ലെന്നും പരിശുദ്ധ സിംഹാസനം വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ ദിവസങ്ങളിലെ പരിശോധനകളിൽ പാപ്പായ്ക്ക് ശക്തമായ ന്യുമോണിയ ബാധ കണ്ടെത്തിയതിനെത്തുടർന്ന് കൂടുതലായി നൽകിയ ചികിത്സകൾ എത്രമാത്രം ഫലപ്രദമായെന്ന് നിരീക്ഷിക്കാനായി ചൊവ്വാഴ്ച പാപ്പായ്ക്ക് സി.ടി. സ്കാൻ നടത്തിയെങ്കിലും, ഇതുമായി ബന്ധപ്പെട്ട പരിശോധനാഫലങ്ങളോ പാപ്പായുടെ ആരോഗ്യസ്ഥിയിലുണ്ടായേക്കാവുന്ന മാറ്റങ്ങളോ സംബന്ധിച്ച കാര്യങ്ങളോ പ്രെസ് ഓഫീസ് പുറത്തുവിട്ടില്ല.
ചൊവ്വാഴ്ച രാവിലെയും വിശുദ്ധ കുർബാന സ്വീകരിച്ച പാപ്പാ, മുൻപുണ്ടായിരുന്നതുപോലെ ജോലികളിൽ മുഴുകിയെന്ന് ഇതേദിവസം വൈകുന്നേരത്തെ വാർത്താക്കുറിപ്പിലൂടെ പ്രെസ് ഓഫീസ് അറിയിച്ചിരുന്നു.
ശ്വാസകോശസംബന്ധിയായ ബുദ്ധിമുട്ടുകൾ കാരണം ഫെബ്രുവരി 14 വെള്ളിയാഴ്ച റോമിലെ ജെമെല്ലി പോളിക്ലിനിക് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഫ്രാൻസിസ് പാപ്പാ ഇത് പതിമൂന്നാം ദിവസമാണ് ആശുപത്രിയിൽ തുടരുന്നത്.
ഫെബ്രുവരി 24 തിങ്കളാഴ്ച മുതൽ പാപ്പായ്ക്കുവേണ്ടി വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ വൈകുന്നേരം ഒൻപത് മണിക്ക് ജപമാലപ്രാർത്ഥന നടന്നുവരുന്നുണ്ട്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: