MAP

ഫ്രാൻസിസ് പാപ്പാ ഫ്രാൻസിസ് പാപ്പാ  (VATICAN MEDIA Divisione Foto)

പാലസ്തീൻ അഭയാർത്ഥികൾക്ക് വേണ്ടി പ്രാർത്ഥിക്കാൻ ആഹ്വാനം ചെയ്‌ത്‌ ഫ്രാൻസിസ് പാപ്പാ

ഉക്രൈൻ, ഇസ്രായേൽ, പാലസ്തീന എന്നിവിടങ്ങളിലേതുൾപ്പെടെ, യുദ്ധം മൂലം ങ്ങളിലൂടെ കടന്നുപോകുന്ന ജനങ്ങൾക്കുവേണ്ടി പ്രാർത്ഥനകൾ അഭ്യർത്ഥിച്ച് ഫ്രാൻസിസ് പാപ്പാ. ഫെബ്രുവരി 5 ബുധനാഴ്ച വത്തിക്കാനിൽ അനുവദിച്ച പൊതുകൂടിക്കാഴ്ചാവേളയിലാണ് പാലസ്തീനിലെ അഭയാർത്ഥികൾ ഉൾപ്പെടെയുള്ള സംഘർഷങ്ങളുടെ ഇരകൾക്കുവേണ്ടി പാപ്പാ പ്രാർത്ഥനകൾ ആവശ്യപ്പെട്ടത്.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

യുദ്ധങ്ങളും സായുധസംഘർഷങ്ങളും മൂലം കഷ്ടപ്പെടുന്ന ജനങ്ങളെ കൈവിടാതെ ഫ്രാൻസിസ് പാപ്പാ. ഫെബ്രുവരി 5 ബുധനാഴ്ച വത്തിക്കാനിലെ പോൾ ആറാമൻ ശാലയിൽ അനുവദിച്ച പൊതുകൂടിക്കാഴ്ചാവേളയിൽ, കഴിഞ്ഞ പൊതുകൂടിക്കാഴ്ചാവേളകളും, മധ്യാഹ്നപ്രാർത്ഥനാവേളകളും ഉൾപ്പെടെയുള്ള അവസരങ്ങളിൽ ആഹ്വാനം ചെയ്തിരുന്നതുപോലെ, യുദ്ധം മൂലം കഷ്ടപ്പെടുന്ന ജനങ്ങളെക്കുറിച്ച് ചിന്തിക്കാനും അവർക്കുവേണ്ടി പ്രാർത്ഥിക്കാനും പാപ്പാ ആഹ്വാനം ചെയ്തു.

നിരവധി രാജ്യങ്ങളാണ് യുദ്ധങ്ങൾ മൂലം സഹനത്തിലൂടെ കടന്നുപോകുന്നതെന്ന് ഓർമ്മിപ്പിച്ച പാപ്പാ, ഉക്രൈൻ, ഇസ്രായേൽ, പാലസ്തീന എന്നിവിടങ്ങളെ പ്രത്യേകം പരാമർശിച്ചു. പാലസ്തീൻ അഭയാർത്ഥികളെ നമുക്ക് അനുസ്മരിക്കാമെന്ന് പറഞ്ഞ പാപ്പാ, അവർക്കുവേണ്ടി പ്രാർത്ഥിക്കാൻ ഏവരോടും ആവശ്യപ്പെട്ടു.

പൊതുകൂടിക്കാഴ്ചയുടെ അവസാനം ഇറ്റാലിയൻ ഭാഷക്കാരായ തീർത്ഥാടകരെയും സന്ദർശകരെയും അഭിസംബോധന ചെയ്‌ത്‌ സംസാരിക്കവെയാണ് യുദ്ധങ്ങളും സായുധസംഘർഷങ്ങളും മൂലം ബുദ്ധിമുട്ടുന്ന ജനങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കാനുള്ള തന്റെ ആഹ്വാനം പാപ്പാ പുതുക്കിയത്.

ഫെബ്രുവരി രണ്ടാം തീയതി ഞായറാഴ്ച വത്തിക്കാനിൽ മധ്യാഹ്ന പ്രാർത്ഥന നയിച്ച വേളയിലും യുദ്ധത്തിനെതിരെ പാപ്പാ സംസാരിച്ചിരുന്നു. എല്ലാം, പ്രത്യേകിച്ച്, ജീവൻ നശിപ്പിക്കുന്ന തിന്മയാണ് യുദ്ധമെന്ന് ഞായറാഴ്ച പാപ്പാ ഓർമ്മിപ്പിച്ചിരുന്നു. ജൂബിലി വർഷത്തിന്റെകൂടെ പശ്ചാത്തലത്തിൽ നിലവിലുള്ള എല്ലാ സംഘർഷങ്ങൾക്കും അറുതി വരുത്താനായി പരിശ്രമിക്കാനും തന്റെ പ്രഭാഷണത്തിൽ പാപ്പാ ആഹ്വാനം ചെയ്തിരുന്നു.

പൗലോസ് അപ്പസ്തോലൻ ആഹ്വാനം ചെയ്യുന്നതുപോലെ (റോമാ. 12, 12-13), പ്രത്യാശയിൽ സന്തോഷിക്കാനും, ദുരിതങ്ങളിൽ ശക്തരായിരിക്കാനും, പ്രാർത്ഥനയിൽ സ്ഥിരതയുള്ളവരായിരിക്കാനും, സഹോദരങ്ങളുടെ ആവശ്യങ്ങളിൽ ശ്രദ്ധയുള്ളവരായിരിക്കാനും പാപ്പാ ആഹ്വാനം ചെയ്തു. സാമൂഹ്യമാധ്യമമായ എക്‌സിലൂടെയും ഈ സന്ദേശം പാപ്പാ നൽകിയിരുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

05 ഫെബ്രുവരി 2025, 15:32