MAP

സർപ്പിതരും ഫ്രാൻസിസ് പാപ്പായും - കിഴക്കൻ തിമോറിൽനിന്നുള്ള ഒരു ചിത്രം സർപ്പിതരും ഫ്രാൻസിസ് പാപ്പായും - കിഴക്കൻ തിമോറിൽനിന്നുള്ള ഒരു ചിത്രം  (ANSA)

പാവപ്പെട്ടവർക്കും ദുരിതമനുഭവിക്കുന്നവർക്കും ശുശ്രൂഷ ചെയ്യുന്ന സമർപ്പിതർക്കുവേണ്ടി പ്രാർത്ഥിക്കാം: ഫ്രാൻസിസ് പാപ്പാ

ദരിദ്ര്യരാജ്യങ്ങളിലും യുദ്ധം നിലനിൽക്കുന്നയിടങ്ങളിലും ശുശ്രൂഷചെയ്യുന്ന വൈദികർക്കും സമർപ്പിതർക്കും വേണ്ടി പ്രാർത്ഥിക്കാൻ ഫ്രാൻസിസ് പാപ്പായുടെ ആഹ്വാനം. ഫെബ്രുവരി 5 ബുധനാഴ്ച്ച അനുവദിച്ച പൊതുകൂടിക്കാഴ്ചാവേളയിലാണ്, കഷ്ടപ്പാടുകളിലൂടെ കടന്നുപോകുന്ന സാധാരണക്കാർക്ക്, ദൈവം തങ്ങളെ ഓർക്കുന്നുണ്ടെന്ന ബോധ്യമേകുന്ന ഇത്തരം അജപാലനപ്രവർത്തകർക്ക് വേണ്ടി പ്രാർത്ഥിക്കാൻ പാപ്പാ അഭ്യർത്ഥിച്ചത്.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

ദരിദ്ര്യരാജ്യങ്ങളിലെ പാവപ്പെട്ട ജനങ്ങൾക്കും, യുദ്ധം മൂലം കഷ്ടപ്പെടുന്നവർക്കും വേണ്ടി ശുശ്രൂഷ ചെയ്യുന്ന വൈദികർക്കും, സമർപ്പിതർക്കും വേണ്ടി പ്രാർത്ഥിക്കാൻ ആഹ്വാനം ചെയ്‌ത്‌ ഫ്രാൻസിസ് പാപ്പാ. ഫെബ്രുവരി 5 ബുധനാഴ്ച്ച വത്തിക്കാനിൽ അനുവദിച്ച പൊതുകൂടിക്കാഴ്ചാവേളയുടെ അവസാനം പോളിഷ് ഭാഷ സംസാരിക്കുന്ന ആളുകളെ അഭിസംബോധന ചെയ്ത അവസരത്തിലാണ് ബുദ്ധിമുട്ടേറിയ അജപാലനമേഖലകളിൽ ശുശ്രൂഷ ചെയ്യുന്ന സമർപ്പിതരെ പാപ്പാ പ്രത്യേകം അനുസ്മരിച്ചത്.

ഉക്രൈൻ, മദ്ധ്യപൂർവ്വദേശങ്ങൾ, കോംഗോ ഡെമോക്രറ്റിക് റിപ്പബ്ലിക് എന്നിവിടങ്ങൾ തന്റെ പ്രഭാഷണത്തിൽ പാപ്പാ പ്രത്യേകം പരാമർശിച്ചു. സായുധസംഘർഷങ്ങളും യുദ്ധങ്ങളും നിലനിൽക്കുന്നയിടങ്ങളിൽ വൈദികരുടെയും സമർപ്പിതരുടെയും സാന്നിദ്ധ്യം, അനേകർക്ക്, ദൈവം തങ്ങളെക്കുറിച്ച് ഇപ്പോഴും അനുസ്മരിക്കുന്നുണ്ട് എന്ന ബോദ്ധ്യമേകുന്നതിന് സഹായകരമാകുന്നുണ്ടെന്ന് പാപ്പാ അനുസമരിച്ചു.

യുദ്ധങ്ങളുടെ അവസാനത്തിനും സമാധാനസ്ഥാപനത്തിനുമായി പരിശ്രമിക്കുക

പൊതുകൂടിക്കാഴ്ചാസമ്മേളനത്തിന്റെ അവസാനഭാഗത്ത് ഇറ്റാലിയൻ ഭാഷ സംസാരിക്കുന്നവരെ അഭിസംബോധന ചെയ്യവേ, യുദ്ധങ്ങളും സായുധസംഘർഷങ്ങളും മൂലം ബുദ്ധിമുട്ടുന്ന ആളുകൾക്കുവേണ്ടി പ്രാർത്ഥിക്കാനും പാപ്പാ ആഹ്വാനം ചെയ്തിരുന്നു.

ഫ്രഞ്ച് ഭാഷ സംസാരിക്കുന്നവരെ അഭിസംബോധന ചെയ്യവേ, നമ്മുടെ ഈ ലോകം കൂടുതൽ സന്തോഷപൂർണ്ണവും സഹോദര്യപരവുമായി മാറാൻ വേണ്ടി പ്രാർത്ഥിക്കാനും പ്രവർത്തിക്കാനും പാപ്പാ ആഹ്വാനം ചെയ്തിരുന്നു.

ചൈനീസ് ഭാഷ സംസാരിക്കുന്ന ആളുകളെ അഭിസംബോധന ചെയ്ത വേളയിൽ, എല്ലായ്പ്പോഴും സമാധാനം സ്ഥാപിക്കുന്നവരായിരിക്കുവാൻ ഏവരെയും പരിശുദ്ധപിതാവ് ആഹ്വാനം ചെയ്യതിരുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

05 ഫെബ്രുവരി 2025, 15:36