പരിശുദ്ധ സിംഹാസനത്തിനായുള്ള സംഭാവനകളുടെ ക്രമീകരണത്തിനായി കമ്മീഷൻ സ്ഥാപിച്ച് ഫ്രാൻസിസ് പാപ്പാ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
"പരിശുദ്ധസിംഹാസനത്തിനായുള്ള സംഭാവനകൾക്കായുള്ള കമ്മീഷൻ" എന്ന പേരിൽ പുതിയൊരു അഞ്ചംഗകമ്മീഷൻ സ്ഥാപിച്ച് ഫ്രാൻസിസ് പാപ്പാ. വിശ്വാസികളുടെയും, മെത്രാൻസമിതികളുടെയും, അഭ്യുദയകാംക്ഷികളുടെയും ഇടയിൽ, നിർദ്ദിഷ്ട ക്യാമ്പയിനുകൾ നടത്തി, പരിശുദ്ധസിംഹാസനത്തിന്റെ നിയോഗങ്ങൾക്കും കാരുണ്യപ്രവർത്തനങ്ങൾക്കുമായി സംഭാവനകൾ നൽകാൻ പ്രേരിപ്പിക്കുക എന്നതാണ്, ഈ കമ്മീഷന്റെ പ്രധാനപ്പെട്ട ഒരു ചുമതല.
റോമൻ കൂരിയായുടെ വിവിധ സ്ഥാപനങ്ങളും, വത്തിക്കാൻ സ്റ്റേറ്റ് ഗവർണറേറ്റും മുന്നോട്ടുവയ്ക്കുന്ന നിർദ്ദിഷ്ട പദ്ധതികൾക്കായി താല്പര്യമുള്ള ദാതാക്കളിൽനിന്ന് ധനസഹായം കണ്ടെത്തുകയെന്നതും, ഫെബ്രുവരി പതിനൊന്നാം തീയതി സ്ഥാപിക്കപ്പെട്ട ഈ കമ്മീഷന്റെ ചുമതലയാണ്.
വത്തിക്കാൻ സെക്രെട്ടറിയേറ്റിലെ അസ്സെസർ എന്ന പദവി വഹിക്കുന്ന മോൺസിഞ്ഞോർ റൊബേർത്തോ കംപീസി പ്രെസിഡന്റായുള്ള ഈ കമ്മീഷനിൽ, ക്രൈസ്തവഐക്യം പ്രോത്സാഹിപ്പിക്കുന്നതിനായുള്ള ഡികാസ്റ്ററി സെക്രെട്ടറി ആർച്ച്ബിഷപ് ഫ്ലാവിയോ പാച്ചേ, മാനവികസമഗ്രവികസനസേവനത്തിനായുള്ള ഡികാസ്റ്ററി സെക്രെട്ടറി സി. അലെസാന്ദ്ര സ്മെരില്ലി, പരിശുദ്ധ സിംഹാസനത്തിന്റെ പൈതൃകസമ്പത്ത് കൈകാര്യം ചെയ്യുന്ന വിഭാഗത്തിന്റെ അണ്ടർ സെക്രെട്ടറി സി. സിൽവാന പീറോ, വത്തിക്കാൻ ഗവർണറേറ്റിന്റെ ഉപ-സെക്രെട്ടറിയായിരുന്ന അഡ്വ. ജ്യുസേപ്പേ പുലീസി അലിബ്രാന്തി എന്നിവരാണ് അംഗങ്ങൾ. ഇവരിൽ അഡ്വ. ജ്യുസേപ്പേ പുലീസി അലിബ്രാന്തിയെ കഴിഞ്ഞ ദിവസം ഗവർണറേറ്റിന്റെ രണ്ട് ജനറൽ സെക്രെട്ടറിമാരിൽ ഒരാളായി പാപ്പാ ഉയർത്തിയിരുന്നു.
ഇനിമുതൽ പരിശുദ്ധസിംഹാസനത്തിനുവേണ്ടിയുള്ള ഔപചാരിക, അനൗപചാരിക ധനസമാഹരണങ്ങൾ ഏകോപിപ്പിക്കുന്നതും, അവയുടെ ശരിയായ ഉപയോഗം ഉറപ്പുവരുത്തുന്നതും ഈ പുതിയ കമ്മീഷനായിരിക്കും. സഭാനിയോഗങ്ങൾക്കായി, പ്രത്യേകിച്ച് സഭയുടെ കാരുണ്യപ്രവർത്തനങ്ങൾക്കും, നിർദ്ദിഷ്ടപദ്ധതികൾക്കുമായി സംഭാവനകൾ പ്രോത്സാഹിപ്പിക്കുകയെന്നതും കമ്മീഷന്റെ ചുമതലയായിരിക്കും.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: