വിദ്യാഭ്യാസരംഗമുൾപ്പെടെയുളള ഇടങ്ങളിൽ ഒരുമിച്ചാണ് ഭാവി വിരാചിതമാകേണ്ടത്: ഫ്രാൻസിസ് പാപ്പാ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
പഠനരംഗത്താകട്ടെ മറ്റിടങ്ങളിലാകട്ടെ, എല്ലാം ആരംഭിച്ചുവെങ്കിലും, ഇനിയും എഴുതപ്പെടാനായി താളുകൾ ബാക്കിയുണ്ടെന്നും, ലോകത്ത് നമുക്കെല്ലാവർക്കും ഒരിടമുണ്ടെന്നും മറക്കാതിരിക്കാമെന്ന് പാപ്പാ എഴുതി. ഭാവിയെന്നത് നമ്മുടെ എഴുതപ്പെട്ട വിധിയെന്നരീതിയിൽ നമ്മുടെമേൽ അടിച്ചേൽപ്പിക്കപ്പെടുന്ന ഒന്നല്ലെന്നും, ഒരു നഗരത്തിലെയോ സമൂഹത്തിലെയോ മറ്റു സ്ഥാപനങ്ങൾ പോലെ, സർവ്വകലാശാലകളും ഭാവി ഒരുമിച്ച് തയ്യാറാക്കാനുള്ള ഒരിടമാണെന്നും പാപ്പാ പ്രസ്താവിച്ചു. പലേർമോ യൂണിവേഴ്സിറ്റിയുടെ പഠനവർഷാരംഭഉദ്‌ഘാടനവുമായി ബന്ധപ്പെട്ട് നൽകിയ സന്ദേശത്തിലാണ്, സർവ്വകലാശാലകളുടെ പ്രാധാന്യവും, പാഠ്യമേഖലകൾ ഉൾപ്പെടെയുള്ള ഇടങ്ങളിൽ പ്രത്യാശയോടെയും തുറന്ന മനസ്സോടെയും മുന്നോട്ട് പോകേണ്ടതിന്റെയും സഹകരിച്ച് പ്രവർത്തിക്കേണ്ടതിന്റെയും പ്രാധാന്യം സംബന്ധിച്ച് പാപ്പാ എഴുതിയത്.
മറ്റു സാമൂഹ്യഇടങ്ങളെക്കാൾ സർവ്വകലാശാലകൾ തലമുറകളുടെ കണ്ടുമുട്ടലിന്റെയും അറിവിന്റെ കൈമാറ്റത്തിന്റെയും, വിവിധ സംസ്കാരങ്ങളുടെയും, രാഷ്ട്രീയചിന്തകളുടെയും, വ്യത്യസ്തമതചിന്തകളുടെയും സാന്നിദ്ധ്യമുള്ള ഇടമാണെന്ന് ഓർമ്മിപ്പിച്ച പാപ്പാ, വൈവിധ്യങ്ങളിലും വലിയ ഒരു സമൂഹമായി തുടരുന്ന സർവ്വകലാശാലാകാമ്പസുകൾക്ക്, ധ്രുവീകരണചിന്തകളാൽ മുറിവേറ്റ പൊതു സമൂഹത്തിനും മറ്റിടങ്ങൾക്കും മുന്നിലേക്ക് തങ്ങളുടെ മാതൃക വച്ചുനീട്ടാൻ സാധിക്കുമെന്ന് പാപ്പാ ഓർമ്മിപ്പിച്ചു.
മറ്റുള്ളവരെ ഉൾക്കൊള്ളാനാകുക എന്നത്, ഒരുവന്റെ നന്മയുടേതെന്നതിനേക്കാൾ ബുദ്ധിയുടെ ശീലമാണെന്ന് പാപ്പാ എഴുതി.മറ്റുള്ളവരെ ഉൾക്കൊള്ളുക എന്നാൽ, അവനെ സ്വീകരിക്കുക, അവനെക്കുറിച്ചുള്ള വിധികൾ നിറുത്തിവയ്ക്കുക, നമുക്കിടയിൽ ആയിരിക്കാൻ അവസരമേകുക എന്നിങ്ങനെയുള്ള അർത്ഥങ്ങൾ കൂടെയുണ്ട്. ഒരുമിച്ചാണ് ഭാവി പടുത്തുയർത്തേണ്ടതെന്നും പാപ്പാ ഓർമ്മിപ്പിച്ചു.
സമൂഹത്തിലും പഠനരംഗങ്ങളിലും പാർശ്വവത്കരിക്കപ്പെട്ടവരുടെ വീക്ഷണകോണുകൾ പരിഗണിക്കേണ്ടതിന്റെ പ്രാധാന്യവും പാപ്പാ തന്റെ സന്ദേശത്തിൽ പരാമർശിച്ചു. പലപ്പോഴും അവരുടെ അസ്തിത്വത്തെ നാം പരിഗണിക്കാറില്ലെങ്കിലും, വർത്തമാന, ഭാവി കാലങ്ങളെക്കുറിച്ചുള്ള ചില ചോദ്യങ്ങൾ കൂടുതൽ മനസ്സിലാക്കാൻ സാധിക്കുന്നത് സമൂഹത്തിലെ പഠന,അധികാര കേന്ദ്രങ്ങളിൽനിന്നല്ല, ഇത്തരം പ്രാന്തപ്രദേശങ്ങളിൽനിന്നാണെന്ന് പാപ്പാ വിശദീകരിച്ചു.
പഠനതലങ്ങൾ ഉൾപ്പെടെയുള്ള ഇടങ്ങളിൽ സാവധാനത (slowness) ഉണ്ടായിരിക്കേണ്ടതിന്റെ പ്രാധാന്യം പാപ്പാ തന്റെ സന്ദേശത്തിൽ എടുത്തുപറഞ്ഞു. നിർമ്മിതബുദ്ധിയുൾപ്പെടെയുള്ള സങ്കേതങ്ങൾ, തങ്ങളുടെ വേഗതയിലും കഴിവിലും ശ്രദ്ധകേന്ദ്രീകരിക്കുമ്പോൾ, മനസിലാക്കുക എന്നത് സാവധാനതയുമായി ബന്ധപ്പെട്ട ഒരു ചിന്തയാണെന്ന് പാപ്പാ ഉദ്‌ബോധിപ്പിച്ചു. സമൂഹത്തിലും ജീവിതത്തിലും മാറ്റങ്ങൾ ഉണ്ടാക്കാനും സമയത്തിന്റെയും സാവധാനതയുടെയും ആവശ്യമുണ്ടെന്നും പാപ്പാ എഴുതി. മെഡിറ്ററേനിയൻ സംസ്കാരത്തിന്റെ ഭാഗം കൂടെയാണ് സാവധാനത എന്നും പാപ്പാ തന്റെ സന്ദേശത്തിൽ എഴുതിയിരുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: