MAP

പ്രായപൂർത്തിയാകാത്തവരുടെ സംരക്ഷണത്തിനായുള്ള തെക്കേ അമേരിക്കൻ നാലാം കോൺഫറൻസിൽനിന്നുള്ള ഒരു ദൃശ്യം പ്രായപൂർത്തിയാകാത്തവരുടെ സംരക്ഷണത്തിനായുള്ള തെക്കേ അമേരിക്കൻ നാലാം കോൺഫറൻസിൽനിന്നുള്ള ഒരു ദൃശ്യം 

പ്രായപൂർത്തിയാകാത്തവരുടെ സുരക്ഷ ഉറപ്പാക്കി കരുതലോടെ വേണം നിർമ്മിതബുദ്ധി ഉപയോഗിക്കേണ്ടത്: ഫ്രാൻസിസ് പാപ്പാ

പെറുവിലെ ലീമയിൽ നടന്നുവരുന്ന, പ്രായപൂർത്തിയാകാത്തവരുടെ സംരക്ഷണത്തിനായുള്ള (CEPROME) തെക്കേ അമേരിക്കൻ നാലാം കോൺഫറൻസിലേക്കയച്ച സന്ദേശത്തിലൂടെ, പ്രായപൂർത്തിയാകാത്തവരുടെ സുരക്ഷ മുന്നിൽക്കണ്ട്, ഉത്തരവാദിത്വത്തോടും മനഃസാക്ഷിയോടും കൂടി വേണം നിർമ്മിത ബുദ്ധി ഉപയോഗിക്കുന്നതെന്ന് ഉറപ്പാക്കണമെന്ന് ഫ്രാൻസിസ് പാപ്പാ ആവശ്യപ്പെട്ടു. സഭയിലും സമൂഹത്തിലും പ്രായപൂർത്തിയാകാത്തവർക്കെതിരെയുള്ള ചൂഷണങ്ങൾക്കെതിരെയുള്ള ആഹ്വാനമായി ഫ്രാൻസിസ് പാപ്പായുടെ സന്ദേശം.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

നിർമ്മിതബുദ്ധിയുടെ ഉപയോഗത്തിൽ വേണ്ട ഉത്തരവാദിത്വവും, ശരിയായ മനഃസാക്ഷിയുടെയും ആവശ്യവും എടുത്ത് കാട്ടി ഫ്രാൻസിസ് പാപ്പാ. "പ്രായപൂർത്തിയാകാത്തവരുടെ സംരക്ഷണത്തിനായുള്ള" (CEPROME) തെക്കേ അമേരിക്കയിലെ സംഘടനയുടെയും, പ്രായപൂർത്തിയാകാത്തവരുടെ സംരക്ഷണത്തിനായുള്ള പൊന്തിഫിക്കൽ കമ്മീഷന്റെയും നേതൃത്വത്തിൽ,

ഫെബ്രുവരി 25 മുതൽ 27 വരെ തീയതികളിലായി തെക്കേ അമേരിക്കൻ രാജ്യമായ പെറുവിലെ ലീമയിൽ, "നിർമ്മിതബുദ്ധിയും ലൈംഗികദുരുപയോഗങ്ങളും, തടയപ്പെടേണ്ട പുതിയ ഒരു വെല്ലുവിളി" എന്ന പേരിൽ നടന്നുവരുന്ന നാലാമത് കോൺഫറൻസിലേക്കയച്ച തന്റെ സന്ദേശത്തിലാണ് പ്രായപൂർത്തിയാകാത്തവരുടെ സംരക്ഷണം ഉറപ്പാക്കുന്നതിനെക്കുറിച്ച് പാപ്പാ ഓർമ്മിപ്പിച്ചത്.

സമൂഹത്തിൽ നിലനിൽക്കുന്ന, പ്രായപൂർത്തിയാകാത്തവരുടെ നേർക്കുള്ള ചൂഷണങ്ങൾ എന്ന കാൻസറിനെ ഇല്ലാതാക്കാനായുള്ള പരിശ്രമങ്ങൾക്ക് സഹായമേകണമേയെന്നും, ഇതിനായുള്ള സഭയുടെ പരിശ്രമങ്ങൾക്ക് ഫലം നൽകണമേയെന്നുമുള്ള പ്രാർത്ഥന തന്റെ സന്ദേശത്തിൽ പാപ്പാ പങ്കുവച്ചു. നിർമ്മിതബുദ്ധിയുടെ ഉപയോഗം ഇന്റർനെറ്റ് ലോകത്ത് വലിയ മാറ്റങ്ങളാണ് ചുരുങ്ങിയ കാലം കൊണ്ട് വരുത്തിയതെന്ന്, ജനുവരി 13-ന് ഒപ്പിട്ട തന്റെ സന്ദേശത്തിൽ പാപ്പാ എഴുതിയിരുന്നു.

നിർമ്മിതബുദ്ധി ശേഖരിക്കുന്ന വസ്തുതകൾക്കും വിവരങ്ങൾക്കും പിന്നിൽ മാനുഷികമായ നിർദ്ദേശങ്ങൾ ഉണ്ടെന്ന് ഓർക്കണമെന്ന് എഴുതിയ പാപ്പാ, ഇത്തരം വിവരങ്ങൾ ശേഖരിച്ചുണ്ടാക്കുന്ന വാർത്തകളും ചിത്രങ്ങളും ആശയങ്ങളും ഉപയോഗിക്കുന്നതിലും, അവ വ്യാപനം ചെയ്യപ്പെടുന്നതിലുമുള്ള ഉത്തരവാദിത്വത്തിൽനിന്ന് ഒഴിഞ്ഞുമാറാൻ നമുക്കാകില്ലെന്ന് ഉദ്‌ബോധിപ്പിച്ചു. പ്രായപൂർത്തിയാകാത്തവരുടെ സംരക്ഷണം ഉറപ്പുവരുത്തുന്നത് ബുദ്ധിമുട്ടേറിയതാക്കുന്ന വിധത്തിൽ നിരവധി പ്രവർത്തനങ്ങൾ നിർമ്മിതബുദ്ധിയുടെ ഉപയോഗം കൊണ്ട് ഉണ്ടായേക്കാമെന്ന് പാപ്പാ എഴുതി.

നിർമ്മിതബുദ്ധിയുടെ ഉപയോഗം, മറ്റുള്ളവർക്ക് തിന്മ വരുത്തുന്നതോ, കുറ്റകൃത്യങ്ങളിലേക്ക് നയിക്കുന്നതോ ആകാതിരിക്കാൻ, വ്യക്തികളെയും, സാങ്കേതികപദ്ധതികൾ വിഭാവനം ചെയ്യുന്നവരെയും, പ്രത്യേകമായി ഭരണഅധികാരമുള്ളവരെയും ബോധവാന്മാരാക്കേണ്ടതിന്റെ ആവശ്യവും പാപ്പാ തന്റെ സന്ദേശത്തിൽ എടുത്തുകാട്ടി.

തിരുവചനത്തിലൂടെ ദൈവത്തിന്റെ സ്വരത്തിനും, അതോടൊപ്പം ചൂഷണങ്ങളുടെ ഇരകളായവരുടെ നിലവിളിക്കും കാതോർക്കേണ്ടതിന്റെ പ്രാധാന്യവും പാപ്പാ തന്റെ സന്ദേശത്തിൽ ഉയർത്തിക്കാട്ടി.

കോൺഫറസിന്റെ പ്രാരംഭസമ്മേളനത്തിൽ സംസാരിച്ച, പ്രായപൂർത്തിയാകാത്തവരുടെ സംരക്ഷണത്തിനായുള്ള പൊന്തിഫിക്കൽ കമ്മീഷൻ സെക്രെട്ടറി ബിഷപ് ലൂയിസ് മാനുവേൽ അലി ഹെറേറ, നിർമ്മിതബുദ്ധിയുയർത്തുന്ന വെല്ലുവിളികളെ അഭിമുഖീകരിക്കാനായി അന്താരാഷ്ട്ര, സഭാതലങ്ങളിൽ സഹകരണസംവിധാനങ്ങൾ ഉണ്ടാകേണ്ടതിന്റെ പ്രാധാന്യം എടുത്തു പറഞ്ഞിരുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

26 ഫെബ്രുവരി 2025, 16:00