MAP

ഫ്രാൻസിസ് പാപ്പായും അമേരിക്കൻ പ്രെസിഡന്റ് ഡൊണാൾഡ് ട്രംപും - ഫയൽ ചിത്രം ഫ്രാൻസിസ് പാപ്പായും അമേരിക്കൻ പ്രെസിഡന്റ് ഡൊണാൾഡ് ട്രംപും - ഫയൽ ചിത്രം 

അഭയാർത്ഥിപ്രശ്‌നത്തിൽ അമേരിക്കൻ മെത്രാൻസമിതിക്ക് പിന്തുണയേകി ഫ്രാൻസിസ് പാപ്പാ

അഭയാർത്ഥികളുടെ അവകാശങ്ങളും അന്തസ്സും കാത്തുസൂക്ഷിക്കാനുള്ള അമേരിക്കൻ മെത്രാൻസമിതിയുടെ പരിശ്രമങ്ങൾക്ക് പിന്തുണയേകിയും ഏവരെയും തുല്യഅന്തസ്സോടെ കാണാൻ ആഹ്വാനം ചെയ്തും ഫ്രാൻസിസ് പാപ്പാ. ഫെബ്രുവരി 10-ന് മെത്രാൻസമിതിക്കയച്ച ഒരു കത്തിലൂടെയാണ്, കുടിയേറ്റക്കാർക്കും അഭയാർത്ഥികൾക്കും സഹായമേകാനുള്ള അമേരിക്കയിലെ പ്രാദേശികകത്തോലിക്കാസഭാനേതൃത്വത്തിന്റെ ശ്രമങ്ങൾക്ക് പാപ്പാ പിന്തുണ നൽകിയത്.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

അഭയാർത്ഥികളുടെയും കുടിയേറ്റക്കാരുടെയും അന്തസ്സും അവകാശങ്ങളും കാത്തുസൂക്ഷിക്കാനുള്ള അമേരിക്കൻ കത്തോലിക്കാസഭയുടെ ശ്രമങ്ങൾക്ക് പിന്തുണയേകി ഫ്രാൻസിസ് പാപ്പാ. അനധികൃതകുടിയേറ്റക്കാരെയും അഭയാർത്ഥികളെയും കൂട്ടത്തോടെ നാടുകടത്താനുള്ള തീരുമാനവുമായി ബന്ധപ്പെട്ട പ്രതിസന്ധി നേരിടുന്ന അമേരിക്കയിലെ പ്രാദേശിക കാതോലിക്കാസഭാനേതൃത്വത്തിനാണ് ഫെബ്രുവരി പത്തിന് ഒപ്പിട്ട ഒരു കത്തിലൂടെ പാപ്പാ പിന്തുണയേകിയത്.

സമൂഹത്തിൽ പിന്നോക്കം നിൽക്കുന്നവരും പാർശ്വവത്കരിക്കപ്പെട്ടവരുമായ മനുഷ്യരോടുള്ള പെരുമാറ്റത്തിലൂടെയാണ് ഒരു രാജ്യത്തെ നിയമവാഴ്ച വിലയിരുത്തപ്പെടേണ്ടതെന്ന് പാപ്പാ തന്റെ കത്തിൽ എഴുതി. ശരിയായ നടപടികൾ അനുസരിച്ചും നിയമാനുസൃതവുമുള്ള കുടിയേറ്റത്തിനുതകുന്ന രാഷ്ട്രീയതീരുമാനങ്ങളെ അനുകൂലിക്കുന്ന രീതിയിലുള്ള പ്രവർത്തനങ്ങളാണുണ്ടാകേണ്ടതെന്ന് പാപ്പാ എഴുതി. എന്നാൽ ഇതൊരിക്കലും ചിലർക്ക് മാത്രം ആനുകൂല്യങ്ങൾ അനുവദിച്ചും, മറ്റുള്ളവർക്ക് അവ നിഷേധിച്ചുമാകരുത്.

രാജകോപത്തിൽനിന്ന് രക്ഷപെടാനായി ഈജിപ്തിലേക്ക് കുടിയേറാൻ നിർബന്ധിതരായ വിശുദ്ധ യൗസേപ്പും മേരിയും യേശുവുമടങ്ങുന്ന തിരുക്കുടുംബം കടന്നുപോയ അനുഭവങ്ങൾക്ക് സമാനമായ അവസ്ഥയാണ് ഇന്നത്തെ ലോകത്ത് പല കുടിയേറ്റക്കാരും നേരിടേണ്ടിവരുന്നതെന്ന് ഓർമ്മിപ്പിച്ച പാപ്പാ, കുടിയേറ്റക്കാരെ സംരക്ഷിക്കാനുള്ള നയം, ക്രിസ്തുവിന്റെ നിലപാടുകളും സഭയുടെ ചരിത്രവുമായി ചേർന്നുപോകുന്നതാണെന്ന് പ്രസ്താവിച്ചു. കുടിയേറ്റക്കാരുടെ അന്തസ്സ് മാനിക്കാനുള്ള തീരുമാനം ക്രൈസ്തവമായ സ്നേഹത്തിന്റെ ഭാഗമാണെന്നും പാപ്പാ കൂട്ടിച്ചേർത്തു. പട്ടിണിയും അരക്ഷിതാവസ്ഥയും ചൂഷണങ്ങളും പീഡനങ്ങളും പോലെയുള്ള അവസ്ഥകളിൽനിന്ന് രക്ഷനേടാനായി സ്വന്തം നാടുപേക്ഷിച്ച് എത്തിയവരെ തിരികെ നാടുകടത്തുന്നത്, അവരുടെ മനുഷ്യാന്തസ്സിനെ മുറിവേൽപ്പിക്കുന്നതിന് തുല്യമാണെന്ന് പാപ്പാ വിശദീകരിച്ചു.

സമൂഹത്തിലെ ദുർബലവിഭാഗങ്ങളോട് എപ്രകാരമാണ് പെരുമാറുന്നതെന്നനുസരിച്ചാണ് ഒരു സമൂഹത്തിന്റെ നീതിബോധം വിലയിരുത്തപ്പെടേണ്ടത്. കുടിയേറ്റക്കാരെ കുറ്റക്കാരെന്ന രീതിയിൽ വിശേഷിപ്പിക്കുന്ന തരത്തിലുള്ള വ്യാഖ്യാനങ്ങളെ എതിർക്കുന്ന  അമേരിക്കൻ മെത്രാൻസമിതിയുടെ നിലപാടിനെയും, വിലയും പ്രാധാന്യവും കുറഞ്ഞവരെന്ന് കരുതുന്ന ആളുകളെ സംരക്ഷിക്കുന്ന വിധത്തിലുള്ള പ്രവർത്തനങ്ങളേയും പാപ്പാ തന്റെ കത്തിലൂടെ അഭിനന്ദിച്ചു. വ്യക്തികളെ അടുപ്പിക്കുന്ന പാലങ്ങൾ പണിയാനാണ്, വേർതിരിക്കുന്ന ഭിത്തികൾ പണിയാനല്ല നാം ശ്രമിക്കേണ്ടത്.  തുല്യമായ അന്തസ്സോടെ വേണം ഏവരെയും പരിഗണിക്കേണ്ടതെന്ന് പാപ്പാ തന്റെ കത്തിലൂടെ ഉദ്‌ബോധിപ്പിച്ചു.

രാഷ്ട്രീയ, സാമൂഹിക സമ്മർദ്ദങ്ങളുടെ മുന്നിലും, ഐക്യദാർഢ്യത്തിന്റെയും സഹാനുഭൂതിയുടേതുമായ ശൈലി പിന്തുടരാൻ പാപ്പാ അമേരിക്കൻ മെത്രാന്മാരെ ആഹ്വാനം ചെയ്തു. മറ്റുള്ളവരെ ഉൾക്കൊള്ളാൻ സന്നദ്ധതയുള്ള ഒരു സാമൂഹികമനഃസ്ഥിതി വളർത്തിയെടുക്കുകയെന്നത് സഭയുടെ നിയോഗത്തിന്റെ ഭാഗമാണെന്ന് ഓർമ്മിപ്പിച്ച പാപ്പാ, സഭാനേതൃത്വത്തെയും കുടിയേറ്റക്കാരെയും ഗ്വാദലൂപ്പെ മാതാവിന്റെ സംരക്ഷണത്തിന് സമർപ്പിച്ചുകൊണ്ടാണ് തന്റെ കത്ത് അവസാനിപ്പിച്ചത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

12 ഫെബ്രുവരി 2025, 16:53