ഫ്രാൻസിസ് പാപ്പാ കഴിഞ്ഞ രാത്രിയിൽ ഉറങ്ങി വിശ്രമിച്ചു: വത്തിക്കാൻ പ്രെസ് ഓഫീസ്
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
ഫെബ്രുവരി 14 മുതൽ ജെമെല്ലി പോളിക്ലിനിക് ആശുപത്രിയിൽ ചികിത്സയിൽ തുടരുന്ന ഫ്രാൻസിസ് പാപ്പായുടെ ഇക്കഴിഞ്ഞ പത്താമത്തെ രാത്രി നന്നായി കഴിഞ്ഞുവെന്നും, പാപ്പാ ഉറങ്ങിയെന്നും, ഇപ്പോൾ വിശ്രമിക്കുകയാണെന്നും വത്തിക്കാൻ പ്രെസ് ഓഫീസ്, ഫെബ്രുവരി 24 തിങ്കളാഴ്ച രാവിലെ എട്ടുമണിയോടെ പുറത്തുവിട്ട ഒരു സന്ദേശത്തിലൂടെ മാധ്യമപ്രവർത്തകരെ അറിയിച്ചു.
പാപ്പായുടെ ആരോഗ്യസ്ഥിതി ഗുരുതരമായ അവസ്ഥയിൽത്തന്നെയാണ് തുടരുന്നതെന്നും, എന്നാൽ ശനിയാഴ്ച വൈകുന്നേരം മുതൽ പാപ്പായ്ക്ക് മുൻദിവസങ്ങളിലേതുപോലെ ശ്വസനസംബന്ധിയായ വലിയ ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടില്ലെന്നും ഞായറാഴ്ച വൈകുന്നേരം ഏഴുമണിയോടെ പുറത്തുവിട്ട സന്ദേശത്തിൽ പ്രെസ് ഓഫീസ് എഴുതിയിരുന്നു. കഴിഞ്ഞ ദിവസം രണ്ട് യൂണിറ്റ് രക്തം നൽകിയിരുന്നതിനാൽ പാപ്പായുടെ രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് വർദ്ധിച്ചിരുന്നു.
രക്തത്തിലെ പ്ളേറ്റ്ലെറ്റുകളുടെ എണ്ണം വലിയ മാറ്റമില്ലാതെ തുടർന്നുവെങ്കിലും, ചില രക്തപരിശോധനകളിൽ വൃക്കസംബന്ധിയായ ചില പ്രശ്നങ്ങൾ ഉണ്ടെന്ന് കണ്ടെത്തിയെന്നും എന്നാൽ അവ നിയന്ത്രണത്തിലാണെന്നും ഞായറാഴ്ച വൈകുന്നേരം പ്രെസ് ഓഫീസ് അറിയിച്ചിരുന്നു.
പാപ്പായ്ക്ക് കഴിഞ്ഞ ദിവസങ്ങളിലെതുപോലെ ഓക്സിജനും മറ്റ് മരുന്നുകളും നൽകുന്നുണ്ടെന്നും, പാപ്പാ ജാഗരൂകനാണെന്നും പ്രെസ് ഓഫീസ് വ്യക്തമാക്കി.
ആരോഗ്യസ്ഥിതിയിലുള്ള സങ്കീർണ്ണതയും മരുന്നുകളുടെ ഫലം എത്തുന്നതിനുള്ള കാലതാമസവും കണക്കിലെടുത്ത് എപ്രകാരമായിരിക്കും അടുത്തദിവസങ്ങളിൽ പാപ്പായുടെ ആരോഗ്യസ്ഥിതിയെന്നതിനെക്കുറിച്ച് ഇപ്പോൾ വ്യക്തമാക്കാനാകില്ലെന്നും വത്തിക്കാൻ പ്രെസ് ഞായറാഴ്ച അറിയിച്ചിരുന്നു.
ജെമെല്ലി പോളിക്ലിനിക് ആശപത്രിയുടെ പത്താം നിലയിൽ തുടരുന്ന ഫ്രാൻസിസ് പാപ്പാ, തനിക്ക് ഈ ദിവസങ്ങളിൽ ശുശ്രൂഷ ചെയ്യുന്നവർക്കൊപ്പം, ഞായറാഴ്ച രാവിലെ വിശുദ്ധകുർബാനയിൽ പങ്കെടുത്തിരുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: