ഫ്രാൻസിസ് പാപ്പാ ശാന്തമായി ഉറങ്ങിയെണീറ്റു: വത്തിക്കാൻ പ്രെസ് ഓഫീസ്
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
"ഫ്രാൻസിസ് പാപ്പാ കഴിഞ്ഞ രാത്രിയിൽ ശാന്തമായി ഉറങ്ങുകയും, രാവിലെ ഉണർന്നെഴുന്നേറ്റ പാപ്പാ, കസേരയിലിരുന്ന് പ്രഭാതഭക്ഷണം കഴിക്കുകയും ചെയ്തുവെന്ന്" വത്തിക്കാൻ പ്രെസ് ഓഫീസ് ഫെബ്രുവരി 20 വ്യാഴാഴ്ച രാവിലെ ഒരു ഔദ്യോഗികകുറിപ്പിലൂടെ മാധ്യമപ്രവർത്തകരെ അറിയിച്ചു.
ഫെബ്രുവരി 14 വെള്ളിയാഴ്ച റോമിലെ ജെമെല്ലി പോളിക്ലിനിക് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട പാപ്പായ്ക്ക്, പോളിമൈക്രൊബിയൽ അണുബാധയും, പിന്നീട് ന്യുമോണിയയും സ്ഥിരീകരിക്കപ്പെട്ടിരുന്നതിനാൽ, ഇത് ഏഴാം ദിവസമാണ് ആശുപത്രിയിലെ ചികിത്സയിൽ തുടരുന്നത്. പരിശുദ്ധ പിതാവിന്റെ ആരോഗ്യസ്ഥിതി മാറ്റമില്ലാതെ തുടരുന്നുവെന്നും, എന്നാൽ രക്തപരിശോധന നടത്തിയ മെഡിക്കൽ പ്രവർത്തകർ, ഇൻഫ്ലമേഷൻ സൂചികയിൽ നേരിയ പുരോഗതി ഉണ്ടെന്ന് അറിയിച്ചതായും ബുധനാഴ്ച വൈകുന്നേരം പുറത്തുവിട്ട പത്രക്കുറിപ്പിലൂടെ വത്തിക്കാൻ അറിയിച്ചിരുന്നു.
ഫെബ്രുവരി 19 ബുധനാഴ്ച രാവിലെ ഉണർന്നെണീറ്റ പാപ്പാ പ്രഭാതഭക്ഷണത്തിന് ശേഷം അടുത്ത സഹപ്രവർത്തകർക്കൊപ്പം ജോലിയിൽ മുഴുകിയതായും, ഉച്ചയോടെ വിശുദ്ധ കുർബാന സ്വീകരിച്ചതായും പരിശുദ്ധ സിംഹാസനം അറിയിച്ചിരുന്നു.
ഇതേദിവസം ഉച്ചകഴിഞ്ഞ് ഇറ്റലിയുടെ പ്രധാനമന്ത്രി ജോർജ്ജ്യ മെലോണി ഫ്രാൻസിസ് പാപ്പായെ കാണാനായി ആശപത്രിയിലെത്തുകയും ഇരുവരും ഇരുപത് മിനിറ്റോളം സ്വകാര്യസംഭാഷണത്തിലേർപ്പെടുകയും ചെയ്തുവെന്ന് വത്തിക്കാനും ഇറ്റലിയും ഔദ്യോഗികമായി അറിയിച്ചിരുന്നു.
പാപ്പായുടെ ആരോഗ്യസ്ഥിതി സങ്കീർണ്ണമായിരുന്നതിനാൽ, കൂടുതൽ ദിവസങ്ങൾ ആശുപത്രിയിൽ തുടരേണ്ടിവരുമെന്ന് ആശുപത്രിവൃത്തങ്ങളെ അധികരിച്ച് വത്തിക്കാൻ പ്രെസ് ഓഫീസ് പ്രസ്താവിച്ചിരുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: