പാപ്പായുടെ ആരോഗ്യസ്ഥിതി: രക്തപരിശോധനയിൽ നേരിയ പുരോഗതി
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
ന്യുമോണിയ ബാധിച്ച് റോമിലെ ജെമെല്ലി പോളിക്ലിനിക് ആശപത്രിയിൽ തുടരുന്ന പരിശുദ്ധ പിതാവിന്റെ സ്ഥിതിയിൽ ഏറെ വ്യത്യാസങ്ങളില്ലെന്ന് വത്തിക്കാൻ പ്രെസ് ഓഫീസ് അറിയിച്ചു. എന്നാൽ അതേസമയം, രക്തപരിശോധനയിൽ നേരിയ പുരോഗതി രേഖപ്പെടുത്തിയെന്ന് മെഡിക്കൽ ടീം റിപ്പോർട്ട് ചെയ്തുവെന്നും, അണുബാധയുമായി ബന്ധപ്പെട്ട ഇൻഫ്ളമേഷൻ സൂചികയിൽ ചെറിയ കുറവുണ്ടായിട്ടുണ്ടെന്നും പ്രസ് ഓഫീസ് ഫെബ്രുവരി 19 ബുധനാഴ്ച വൈകുന്നേരം പുറത്തുവിട്ട കുറിപ്പിൽ വ്യക്തമാക്കി.
പ്രഭാതഭക്ഷണത്തിന് ശേഷം ചില പത്രവാർത്തകളിലൂടെ കടന്നുപോയ പാപ്പാ, തന്റെ അടുത്ത സഹപ്രവർത്തകരുടെ സഹായത്തോടെ അനുദിനപ്രവർത്തനങ്ങളിൽ മുഴുകിയതായും പ്രെസ് ഓഫീസ് വിശദീകരിച്ചു. ഉച്ചഭക്ഷണത്തിന് മുൻപ് പരിശുദ്ധപിതാവ് വിശുദ്ധ കുർബാന സ്വീകരിച്ചു.
ഇതേ ദിവസം ഉച്ചകഴിഞ്ഞ് തന്നെ കാണാനെത്തിയ ഇറ്റലിയുടെ പ്രധാനമന്ത്രി ജോർജ്ജ്യ മെലോണിക്ക് പാപ്പാ സ്വകാര്യകൂടിക്കാഴ്ച അനുവദിച്ചുവെന്നും, ഇരുവരും ഇരുപത് മിനിറ്റോളം ഒരുമിച്ച് ചിലവഴിച്ചെന്നും പ്രെസ് ഓഫീസ് റിപ്പോർട്ട് വ്യക്തമാക്കി.
ഇറ്റലിയുടെ പ്രധാനമന്ത്രിയുടെ സന്ദർശനം
ഇറ്റലിയുടെ പ്രധാനമന്ത്രി ജോർജ്ജ്യ മെലോണി പാപ്പായെ സന്ദർശിച്ചത് സംബന്ധിച്ച് ഇറ്റലിയുടെ ഗവണ്മെന്റ് ആസ്ഥാനവും പ്രധാനമന്ത്രിയുടെ ഔദ്യോഗികഭവനവുമായ കിജി പാലസ് ഫെബ്രുവരി 19-ന് ഉച്ചതിരിഞ്ഞ് പത്രക്കുറിപ്പിറക്കിയിരുന്നു. സർക്കാരിന്റെയും ഇറ്റലിയുടെയും പേരിൽ പാപ്പായ്ക്ക് താൻ സൗഖ്യം നേർന്നുവെന്നും, അദ്ദേഹവുമായി താൻ പതിവുപോലെ നർമ്മസംഭാഷണത്തിലേർപ്പെട്ടുവെന്നും പ്രധാനമന്ത്രി അറിയിച്ചുവെന്ന് ഔദ്യോഗികകുറിപ്പിൽ പ്രധാനമന്ത്രിയുടെ കൊട്ടാരം വെളിപ്പെടുത്തി. പാപ്പായെ ജാഗരൂഗനായി കാണാൻ സാധിച്ചതിൽ തനിക്ക് ഏറെ സന്തോഷമുണ്ടെന്ന് ശ്രീമതി മെലോണി പറഞ്ഞുവെന്നും സർക്കാർ അറിയിച്ചിരുന്നു.
കഴിഞ്ഞ ദിവസങ്ങളിലെ സ്ഥിതിഗതികൾ
ശ്വാസകോശസംബന്ധിയായ ബുദ്ധിമുട്ടുകളുമായി ഫെബ്രുവരി 14 വെള്ളിയാഴ്ച ആശുപത്രിയിൽ പ്രവേശിച്ച പാപ്പായ്ക്ക് കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ പരിശോധനകളിൽ, പോളിമൈക്രോബിയൽ അണുരോഗബാധ കണ്ടെത്തിയെന്നും, തുടർന്ന് ഫെബ്രുവരി 18 ഉച്ചകഴിഞ്ഞ് നടത്തിയ സി. ടി. സ്കാനിൽ പാപ്പായ്ക്ക് ന്യുമോണിയ ബാധിച്ചതായി അറിഞ്ഞുവെന്നും വത്തിക്കാൻ പ്രെസ് ഓഫീസ് അറിയിച്ചിരുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പാപ്പായ്ക്ക് കോർട്ടിസോൺ അടിസ്ഥാനമാക്കിയുള്ള പ്രതിരോധമരുന്നുകൾ നൽകുന്നുണ്ടെന്ന് ആശുപത്രി വൃത്തങ്ങളെ അധികരിച്ച് പരിശുദ്ധ സിംഹാസനം വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ ദിവസങ്ങളിൽ തനിക്ക് പ്രാർത്ഥനാശംസകൾ നേരുകയും, സാമീപ്യമറിയിക്കുകയും ചെയ്തവർക്ക് നന്ദി പറഞ്ഞ പാപ്പാ, പ്രാർത്ഥനകൾ തുടരണമെന്ന് ആവശ്യപ്പെട്ടിരുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: