ഫ്രാൻസിസ് പാപ്പായുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച പുതിയ വിവരങ്ങൾ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
ഫ്രാൻസിസ് പാപ്പാ കഴിഞ്ഞ രാത്രിയിൽ ഉറങ്ങി വിശ്രമിച്ചുവെന്നും, രാവിലെ ഉണർന്നെഴുന്നേറ്റ അദ്ദേഹം പ്രഭാതഭക്ഷണം കഴിച്ചുവെന്നും വത്തിക്കാൻ പ്രെസ് ഓഫീസ് മാധ്യമപ്രവർത്തകരെ അറിയിച്ചു. ഫെബ്രുവരി 19 ബുധനാഴ്ച രാവിലെ പുറത്തുവിട്ട ഒരു സന്ദേശത്തിലാണ് പാപ്പായുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച വിവരങ്ങൾ വത്തിക്കാൻ വ്യക്തമാക്കിയത്.
ചൊവ്വാഴ്ച വൈകുന്നേരം പുറത്തുവിട്ട ഒരു പത്രക്കുറിപ്പിൽ, അതെ ദിവസം ഉച്ചതിരിഞ്ഞു നടത്തിയ സി.ടി. സ്‌കാൻ ഉൾപ്പെടെയുള്ള പരിശോധനകളിൽ, പാപ്പായ്ക്ക് ന്യുമോണിയ ബാധിച്ചതായി തെളിഞ്ഞുവെന്ന് വത്തിക്കാൻ അറിയിച്ചിരുന്നു. ലബോറട്ടറി പരിശോധനകൾ, നെഞ്ചിന്റെ എക്സ്റേ തുടങ്ങിയവയിൽനിന്ന് ലഭിച്ച റിപ്പോർട്ടുകൾ പ്രകാരം, പാപ്പായുടെ ആരോഗ്യസ്ഥിതി സങ്കീർണ്ണമാണെന്ന് ഈ പത്രക്കുറിപ്പ് വ്യക്തമാക്കിയിരുന്നു.
ശ്വാസകോശസംബന്ധിയായ ബുദ്ധിമുട്ടുകൾ മൂലം ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട പാപ്പായ്ക്ക് പൊളിമൈക്രോബിയൽ രോഗബാധയാണെന്ന് തെളിഞ്ഞതിനെത്തുടർന്ന് കോർട്ടിസോൺ ഉൾപ്പെടുന്ന പ്രതിരോധമരുന്നുകൾ നൽകിയിരുന്നു. പുതിയ പരിശോധനകൾ പാപ്പായ്ക്ക് ന്യുമോണിയ ഉണ്ടെന്ന് വ്യക്തമാക്കിയതിനെത്തുടർന്ന് കൂടുതൽ സങ്കീർണ്ണമായ ചികിത്സകൾ ആവശ്യമായി വന്നുവെന്നും പ്രെസ് ഓഫീസ്, ആശുപത്രിവൃത്തങ്ങളെ അധികരിച്ച് അറിയിച്ചിരുന്നു.
അതിനിടെ, ഫ്രാൻസിസ് പാപ്പായ്ക്കായി, ജെമെല്ലി പോളിക്ലിനിക്കിലെ ക്യാൻസർ വിഭാഗത്തിലെ കുട്ടികൾ കത്തുകളും അവർ വരച്ച ചിത്രങ്ങളും അയച്ചുകൊടുത്തിരുന്നു. പാപ്പായുടെ സൗഖ്യത്തിനായുള്ള പ്രാർത്ഥനകളും കുട്ടികൾ വാഗ്ദാനം ചെയ്തിരുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: