ഫ്രാൻസിസ് പാപ്പായുടെ ആരോഗ്യസ്ഥിതിയിൽ ചെറിയ പുരോഗതി
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
ഫ്രാൻസിസ് പാപ്പായുടെ ആരോഗ്യസ്ഥിതിയിൽ ചെറിയ പുരോഗതിയുണ്ടെന്ന് ഫെബ്രുവരി 26 ബുധനാഴ്ച വൈകുന്നേരവും, 27 വ്യാഴാഴ്ച രാവിലെയുമായി പുറത്തുവിട്ട പത്രക്കുറിപ്പുകളിലൂടെ വത്തിക്കാൻ പ്രെസ് ഓഫീസ്, മാധ്യമപ്രവർത്തകരെ അറിയിച്ചു. "കഴിഞ്ഞ രാത്രിയിൽ പാപ്പാ നന്നായി ഉറങ്ങിയെന്നും, ഇപ്പോൾ വിശ്രമിക്കുകയാണെന്നും" വ്യാഴാഴ്ച രാവിലെ നൽകിയ അറിയിപ്പിൽ പ്രെസ് ഓഫീസ് എഴുതി.
ബുധനാഴ്ച വൈകുന്നേരം പുറത്തുവിട്ട വിശദമായ പത്രക്കുറിപ്പിലൂടെ, കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറുകളിൽ പാപ്പായുടെ ആരോഗ്യസ്ഥിതി ചെറുതായി മെച്ചപ്പെട്ടുവെന്ന് പ്രെസ് ഓഫീസ് അറിയിച്ചിരുന്നു. കഴിഞ്ഞ ദിവസങ്ങളിലെ പരിശോധനകളിൽ പാപ്പായ്ക്ക് ഉണ്ടെന്ന് കണ്ടുപിടിച്ചിരുന്ന വൃക്കസംബന്ധമായ ബുദ്ധിമുട്ടുകൾ കുറഞ്ഞുവെന്നും പത്രക്കുറിപ്പിൽ പരിശുദ്ധ സിംഹാസനം വ്യക്തമാക്കിയിരുന്നു.
ഫെബ്രുവരി 25 ചൊവ്വാഴ്ച പാപ്പായുടെ നെഞ്ചിൽ നടത്തിയ സി.ടി. സ്കാൻ പരിശോധനയിൽ ശ്വാസകോശവീക്കത്തിൽ മാറ്റമുണ്ടായതായി കണ്ടെത്തിയെന്നും, ബുധനാഴ്ച നടത്തിയ രക്തപരിശോധനാഫലത്തിൽ, കഴിഞ്ഞ ദിവസത്തേക്കാൾ പുരോഗതി കണ്ടെത്താനായെന്നും പ്രെസ് ഓഫീസ് അറിയിച്ചു.
കുറച്ചുദിവസങ്ങൾക്ക് മുൻപ് പാപ്പായ്ക്ക് അനുഭവപ്പെട്ട ശ്വാസതടസ്സം ബുധനാഴ്ച അനുഭവപ്പെട്ടില്ലെന്നും, എന്നാൽ, പാപ്പായ്ക്ക് ഓക്സിജൻ നൽകുന്നതും, ശ്വസനസംബന്ധിയായ ഫിസിയോതെറാപ്പി നൽകുന്നതും തുടരുന്നുണ്ടെന്നും ആശുപത്രിവൃത്തങ്ങളെ അധികരിച്ച് വത്തിക്കാൻ വ്യക്തമാക്കി.
പാപ്പായുടെ ആരോഗ്യസ്ഥിതിയിൽ ചെറിയ പുരോഗതിയുണ്ടെങ്കിലും, അദ്ദേഹത്തിന്റെ രോഗാവസ്ഥ സംബന്ധിച്ച കൂടുതൽ അനുമാനങ്ങൾ പ്രെസ് ഓഫീസ് പുറത്തുവിട്ടില്ല.
കഴിഞ്ഞ ദിവസങ്ങളിലേതുപോലെ ബുധനാഴ്ചയും പാപ്പാ വിശുദ്ധ കുർബാന സ്വീകരിച്ചുവെന്നും, ഉച്ചതിരിഞ്ഞ് പരിശുദ്ധപിതാവ് ജോലികളിൽ മുഴുകിയെവെന്നും പത്രക്കുറിപ്പ് വ്യക്തമാക്കിയിരുന്നു.
ഫെബ്രുവരി 14 വെള്ളിയാഴ്ച ഉപശ്വാസനാളവീക്കംമൂലം റോമിലെ ജെമെല്ലി പോളിക്ലിനിക് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട പാപ്പായ്ക്കുവേണ്ടി ഫെബ്രുവരി 24 തിങ്കളാഴ്ച മുതൽ വൈകുന്നേരങ്ങളിൽ വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ ജപമാല പ്രാർത്ഥന നടക്കുന്നുണ്ട്. ഫെബ്രുവരി 26 ബുധനാഴ്ച വൈകുന്നേരം നടന്ന ജപമാലപ്രാർത്ഥനയ്ക്ക് കർദ്ദിനാൾ തിരുസംഘത്തിന്റെ ഡീൻ കർദ്ദിനാൾ ജ്യോവാന്നി ബത്തിസ്ത റേ നേതൃത്വം നൽകി. ലോകത്തിന്റെ വിവിധഭാഗങ്ങളിൽനിന്നുള്ള നാനാജാതിമതസ്ഥർ പാപ്പായ്ക്ക് തങ്ങളുടെ പ്രാർത്ഥനാസമീപ്യം അറിയിക്കുന്നുണ്ട്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: